ഇനി 10.99 ലക്ഷം മതി 473 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് വാങ്ങാൻ, ക്രെറ്റ ഇവിയും ഇനി BaaS വഴി വാങ്ങാം
ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും എംജി മോട്ടോറുമെല്ലാം പണംവാരുന്ന ഇലക്‌ട്രിക് പാസഞ്ചർ കാർ വിപണിയിൽ ഇവർക്കെല്ലാം മുമ്പേ ആദ്യം എത്തിയത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയായിരുന്നു. കോന ഇവിയുമായി എത്തിയ ബ്രാൻഡിന് പക്ഷേ പ്രതീക്ഷിച്ച രീതിയിൽ ക്ലച്ചുപിടിക്കാനായില്ല. ആദ്യ മോഡൽ വമ്പൻ ഫ്ലോപ്പായപ്പോൾ പ്രീമിയം നിരയിലേക്ക് അയോണിക് 5 ഇവി പുറത്തിറക്കി പരീക്ഷണത്തിന് കമ്പനി തയാറായി. എന്നാൽ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുവാനായി ഹ്യുണ്ടായി തങ്ങളുടെ ടോപ്പ് സെല്ലിംഗ് മോഡലായ ക്രെറ്റയുടെ ഇലക്‌ട്രിക് (Hyundai Creta EV) പതിപ്പിനെ നിയോഗിക്കുകയുണ്ടായി.
വമ്പൻ പ്രതീക്ഷകളോടെ എത്തിയെങ്കിലും ക്രെറ്റ ഇവിക്കും ചലനങ്ങളുണ്ടാക്കാനായില്ല. ഇവികൾക്ക് വമ്പൻ ഡിമാന്റ് ഉണ്ടായിട്ട് പോലും ക്രെറ്റയുടെ വൈദ്യുതീകരിച്ച മോഡൽ കാര്യമായി വിറ്റഴിയാതെ ഇഴയുകയായിരുന്നു. താരതമ്യേന കുറഞ്ഞ വിലയും നല്ല റേഞ്ചും ധാരാളം ഫീച്ചറുകളും ഉണ്ടായിട്ടും ഇലക്‌ട്രിക് എസ്‌യുവി വാങ്ങാൻ ആളെത്തുന്നുണ്ടായിരുന്നില്ല. എന്നാൽ പുതിയൊരു തന്ത്രത്തിലൂടെ ആളുകളുടെ മനസിളക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

ഇന്ത്യയിലെ ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലെ പോരാട്ടം ശക്തമാക്കുന്നതിനായി കുറഞ്ഞ വിലയിൽ ക്രെറ്റ ഇവി സ്വന്തമാക്കാനുള്ള പോംവഴിയുമായാണ് ഹ്യുണ്ടായി എത്തിയിരിക്കുന്നത്. ടാറ്റ മോട്ടോർസ് സിയറ ഇവി പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ക്രെറ്റ ഇലക്ട്രിക്കിനായി ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓണർഷിപ്പ് മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ 10.99 ലക്ഷം രൂപയുണ്ടെങ്കിൽ ഇവി പതിപ്പ് സ്വന്തമാക്കാനാവും.
സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ കിലോമീറ്ററിന് 3.90 രൂപ മുതൽ ബാറ്ററി ചാർജ് നൽകിയാൽ മാത്രം മതിയാവും. ഇലക്ട്രിക് വാഹന ഉടമസ്ഥതയുടെ മുൻകൂർ ചെലവ് കുറയ്ക്കുന്നതിനായി ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് ബ്രാൻഡുകളുടെ നിരയിലേക്ക് എത്താനും ഇതോടെ ഹ്യുണ്ടായിക്ക് സാധിച്ചു. ടാറ്റ മോട്ടോർസ്, എംജി മോട്ടോർ, മാരുതി സുസുക്കി, കിയ, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം ഇവി നിരയിൽ BaaS സംവിധാനം ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ മോഡലുകൾ ക്രമാനുഗതമായി കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് വാഹനം പ്രത്യേകം വാങ്ങാനും ഓടിയ കിലോമീറ്ററുകളുടെ അടിസ്ഥാനത്തിൽ ബാറ്ററി ഉപയോഗത്തിന് പണം നൽകാനും ഉപഭോക്താക്കളെ അനുവദിക്കുന്ന കാര്യമാണ്. ഇലക്ട്രിക് വാഹനം വാങ്ങുമ്പോഴുണ്ടാവുന്ന ഉയർന്ന പ്രാരംഭ ചെലവ് കുറയ്ക്കുക എന്നാണ് ബാറ്ററി ആസ്-എ-സർവീസ് പ്രോഗ്രാം അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് ഹ്യുണ്ടായി പറയുന്നു.
BaaS ഓപ്ഷനോടൊപ്പം ക്രെറ്റ ഇലക്ട്രിക്കിനായി ഹ്യുണ്ടായി ചില ഫീച്ചർ അപ്‌ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. എസ്‌യുവി ഇപ്പോൾ ഒരു ഇന്റഗ്രേറ്റഡ് സൈഡ് ഫൂട്ട് സ്റ്റെപ്പുമായാണ് വിപണിയിലെത്തുന്നത്. ഇത് എസ്‌യുവിയിലേക്ക് കയറാനും ഇറങ്ങാനും എളുപ്പമാക്കുന്ന കാര്യമാണ്. ഇതോടൊപ്പം ക്രെറ്റ ഇവിയുടെ HC വേരിയന്റുകൾക്ക് ഇപ്പോൾ സ്റ്റാൻഡേർഡായി 7.4 കിലോവാട്ട് വാൾ ബോക്സ് ചാർജറും ലഭിക്കും. ഇത് ഹോം ചാർജിംഗ് കൂടുതൽ സൗകര്യപ്രദമാക്കുന്ന സംഗതിയാണ്.

ബാറ്ററി ആസ്-എ-സർവീസ് പ്രോഗ്രാം അവതരിപ്പിച്ചതിന് പുറമെ മെക്കാനിക്കൽ വശങ്ങളെല്ലാം പഴയപടി തുടരുകയാണ്. 42 കിലോവാട്ട്, 51.4 കിലോവാട്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാണ് ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തുന്നത്. ഒറ്റ ചാർജിൽ ഇവയ്ക്ക് യഥാക്രമം 390 കിലോമീറ്ററും 470 കിലോമീറ്ററും റേഞ്ചുമാണ് നൽകാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.
ക്രെറ്റ ഇവിയുടെ ചാർജിംഗ് ശേഷിയുടെ കാര്യത്തിലേക്ക് വന്നാൽ 11 കിലോവാട്ട് എസി ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി 10-100 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂർ വരെ സമയം വേണ്ടിവരും. അതേസമയം 100 kW വരെ വേഗമുള്ള ഡിസി ഫാസ്റ്റ് ചാർജിംഗ് ശേഷിയും ഇലക്ട്രിക് എസ്‌യുവിക്കുള്ളതിനാൽ വെറും 39 മിനിറ്റിൽ ഇവി 10-80 ശതമാനം ചാർജ് ചെയ്യാനും സാധിക്കുന്നതാണ്. വെഹിക്കിൾ-ടു-ലോഡ് (V2L), ലെവൽ 2 ADAS, സിംഗിൾ പെഡൽ ഡ്രൈവ്, ഡിജിറ്റൽ കീ, ആക്റ്റീവ് എയർ ഫ്ലാപ്പുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications