ഇങ്ങനൊരു എസ്‌യുവിയുള്ള കാര്യമേ പലരും മറന്നു! വാങ്ങാൻ ആളില്ലാത്ത ക്രെറ്റയ്ക്ക് കഴുത്തറക്കാതെ വില കൂട്ടി
ഇന്ത്യൻ വിപണിയിൽ പെർഫോമൻസ് കാറുകൾക്ക് കാര്യമായ വിൽപ്പന ഇതുവരെ നേടാനായിട്ടില്ലെങ്കിലും ഹ്യുണ്ടായിയുടെ N ലൈൻ മോഡലുകൾ അൽപം ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. i20, വെന്യു, ക്രെറ്റ തുടങ്ങിയ ജനപ്രിയരെയാണ് വേഗരാജാക്കൻമാരാവാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തെരഞ്ഞെടുത്തിരുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിൽപ്പന ക്രെറ്റയുടെ N ലൈൻ (Hyundai Creta N Line) മോഡലാണെന്നതിൽ തർക്കമൊന്നുമില്ല. പലരും ഇതുവരെ നേരിൽ അങ്ങനെ കണ്ടിട്ടില്ലാത്ത എസ്‌യുവി കൂടിയായിരിക്കും ഇത്. അങ്ങനെ അധികമാർക്കും ഇല്ലാത്ത നല്ലൊരു സ്പോർട് യൂട്ടിലിറ്റി വാഹനം തേടി നടക്കുന്നവർക്ക് പറ്റിയ വണ്ടി കൂടിയാണിത്.
എന്നാൽ പോയി വാങ്ങിയേക്കാമെന്ന് കരുതിയിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ വാർത്തയറിഞ്ഞാൽ ചിലപ്പോൾ നിരാശരായേക്കാം. മറ്റൊന്നുമല്ല, മെയ് മുതൽ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുമെന്ന് ഹ്യുണ്ടായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്രെറ്റ N ലൈൻ (Hyundai Creta N Line) മോഡലിന്റെ വിലയും കൂട്ടിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

എന്നാൽ കഴുത്തറക്കുന്ന രീതിയിലുള്ള വില വർധനവ് ഒന്നുമല്ല വാഹനത്തിൽ നടപ്പിലാക്കിയിരിക്കുന്നത് എന്നതാണ് സന്തോഷം നൽകുന്ന കാര്യം. ക്രെറ്റയുടെ N ലൈൻ സ്പോർട്ടിയർ പതിപ്പിന് 1,300 രൂപ വരെ വില കൂട്ടിയിരിക്കുന്നത്. എസ്‌യുവിയുടെ N10 മാനുവൽ ഡ്യുവൽ-ടോൺ വേരിയന്റിനാണ് ഈ വിലക്കയറ്റം ബാധകമാവുക. അതേസമയം N10 മാനുവൽ, N10 ഡിസിടി ഡ്യുവൽ-ടോൺ എന്നിവയ്ക്ക് യഥാക്രമം 800 രൂപയും 490 രൂപയുമാണ് ഇനി അധികം മുടക്കേണ്ടി വരിക.
ക്രെറ്റ N ലൈനിന്റെ N8 ഡിസിടി, N10 ഡിസിടി എന്നിവയുടെ വിലയിൽ മാറ്റമില്ല എന്നത് ശ്രദ്ധേയമാണ്. പുതുക്കിയ വില പ്രകാരം എസ്‌യുവി ഇപ്പോൾ 17.83 ലക്ഷം രൂപ മുതൽ 20.01 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വില പരിഷ്ക്കരിച്ചുവെങ്കിലും എസ്‌യുവിയിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം.

ഇത് സ്റ്റാൻഡേർഡ് ക്രെറ്റ എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ എഞ്ചിനാണെങ്കിലും സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി എഞ്ചിന് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കും. 158 bhp പവറിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന വിധമാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. പെർഫോമൻസ് അധിഷ്ഠിതമാക്കി നിർമിച്ചിരിക്കുന്നതിനാൽ തന്നെ വെറും 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹ്യുണ്ടായി ക്രെറ്റ N ലൈൻ എസ്‌യുവിക്ക് കഴിയും.
ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സ്നോ, സാൻഡ്, മഡ് എന്നീ മൂന്ന് ട്രാക്ഷൻ കൺട്രോൾ മോഡുകളും ക്രെറ്റയുടെ സ്പോർട്ടി വേരിയന്റിന്റെ പ്രത്യേകതയാണ്. പെർഫോമൻസ് എസ്‌യുവിയായതിനാൽ മൈലേജ് ശോകമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് തെറ്റി. ഹ്യുണ്ടായി പറയുന്നതനുസരിച്ച് ARAI സാക്ഷ്യപ്പെടുത്തിയ ക്രെറ്റ N ലൈൻ പെർഫോമൻസ് എസ്‌യുവിയുടെ മൈലേജ് കണക്കുകൾ മാനുവലിന് 18 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 18.2 കിലോമീറ്ററുമാണ്.

സ്റ്റാൻഡേർഡ് ക്രെറ്റയെ അപേക്ഷിച്ച് പുതിയ സ്‌പോർട്ടി ഫ്രണ്ട് ഗ്രില്ലും N ലൈൻ ലോഗോയും സഹിതം എക്സ്റ്റീരിയർ ഡിസൈനിൽ ചെറിയ മാറ്റങ്ങളോടെയാണ് N ലൈൻ വേരിയന്റിനെ വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്. എസ്‌യുവിയുടെ സ്‌പോർട്ടി നിലപാട് ഉയർത്തുന്നിനായി റെഡ് ആക്‌സൻ്റുകളോടെയുള്ള കൂടുതൽ ആക്രമണാത്മകമായ ശൈലിയുള്ള ഫ്രണ്ട് ബമ്പറും ഹ്യുണ്ടായി സമ്മാനിച്ചിട്ടുണ്ട്. റെഡ് ആക്‌സൻ്റുകളുള്ള സൈഡ് സ്കർട്ടുകളും N ലൈൻ ബാഡ്‌ജിംഗോടുകൂടിയ പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും വശങ്ങളെ കിടിലമാക്കുന്നു.
N ലൈൻ ലോഗോയും ചുറ്റും ചുവന്ന ആക്‌സൻ്റുകളുമുള്ള ഇൻ്റീരിയറും സെറ്റപ്പാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, ലെവൽ-2 ADAS സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോ എന്നീ ഫീച്ചറുകൾ എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്.


Click it and Unblock the Notifications