സ്പെയർ വീൽ വരെ സ്റ്റാൻഡേർഡായി കിട്ടും, മുഖംമിനുക്കി ഗ്ലാമറായി പഞ്ചിന്റെ വില്ലൻ; വില 5.79 ലക്ഷം മുതൽ
ടാറ്റ പഞ്ചിന് പിന്നാലെ ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിലെ രണ്ടാമനായ ഹ്യുണ്ടായി എക്സ്റ്ററും മുഖുമിനുക്കി വിപണിയിൽ എത്തിയിരിക്കുകയാണ്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ അവതരിപ്പിച്ചിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 25 ലധികം അപ്‌ഗ്രേഡുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പറയുന്നത്. 5.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനം വിപണനത്തിന് എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വാഹനത്തിലേക്ക് സർപ്രൈസായിട്ടാണ് കമ്പനി ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്. കുറഞ്ഞുവരുന്ന വിൽപ്പനയ്ക്ക് കരുത്താൻ പുതിയ മാറ്റങ്ങൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
ഇനി പുതിയ ഹ്യുണ്ടായി എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ എന്തെല്ലാമെന്ന് എണ്ണി പറഞ്ഞുതരാം. എക്സ്റ്റീരിയറിലേക്ക് വന്നാൽ അടിസ്ഥാന രൂപം പഴയതിന് സമാനമാണെങ്കിലും പുതുക്കിയ എക്സ്റ്ററിന് ശ്രദ്ധേയമായ സ്റ്റൈലിംഗ് മാറ്റങ്ങൾ ലഭിക്കുന്നുണ്ട്. റീഡിസൈൻ ചെയ്‌ത മുൻവശം, പുനർരൂപകൽപ്പന ചെയ്ത ബ്ലാക്ക് ഗ്രിൽ, മിന്നിലും പിന്നിലും പുതിയ ബമ്പറുകൾ, പുതിയ ടെയിൽഗേറ്റ് എന്നിവയെല്ലാം പരിഷ്ക്കാരങ്ങളുടെ ഭാഗമാണ്.

തീർന്നില്ല, ഇതുകൂടാതെ സി-പില്ലർ ഡീറ്റെയിലിംഗ്, അധിക വീൽ ആർച്ച് ക്ലാഡിംഗ്, വിംഗ്-സ്റ്റൈൽ റിയർ സ്‌പോയിലർ എന്നിവയും ഹ്യുണ്ടായി എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ പുതുതായി വന്നെത്തിയിട്ടുണ്ട്. പുത്തൻ സ്റ്റൈലിലുള്ള 15 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും എസ്‌യുവിയെ കൂടുതൽ ഗ്ലാമറാക്കുവാനായി എത്തിയിട്ടുണ്ട്. അതോടൊപ്പം പുത്തൻ എക്‌സ്റ്റർ ഏഴ് മോണോടോൺ നിറങ്ങളിലും പുതിയ ഗോൾഡൻ ബ്രോൺസ്, ടൈറ്റാനിയം ബ്ലാക്ക് മാറ്റ് ഓപ്ഷനുകൾ ഉൾപ്പെടെ ഒരു ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലുമാണ് തെരഞ്ഞെടുക്കാനാവുക.
വലിപ്പത്തിന്റെ കാര്യത്തിൽ ഇതിന് 3,830 mm നീളവും 1,723 mm വീതിയും 1,643 mm ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമാണ് എക്സ്റ്ററിനുള്ളത്. ഈ സെഗ്‌മെന്റിലെ ഏറ്റവും ഉയരം കൂടിയ മോഡലാണിതെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കൂടാതെ ഇതേ വിഭാഗത്തിലെ ഏറ്റവും നീളമുള്ള വീൽബേസും വാഗ്ദാനം ചെയ്യുന്നുണ്ട് എക്സ്റ്റർ. പുതിയ നേവി-ഗ്രേ ഡ്യുവൽ-ടോൺ ഫിനിഷും പുതുക്കിയ 3D കാർബൺ-ഇഫക്റ്റ് ഡാഷ്‌ബോർഡ് ട്രീറ്റ്‌മെന്റും ഉപയോഗിച്ച് അകത്തളത്തിനും കൂടുതൽ പ്രീമിയം രൂപം നൽകിയിട്ടുണ്ട്.

മെറ്റൽ പെഡലുകൾ, ഡി-കട്ട് സ്റ്റിയറിംഗ് വീൽ, പുതുക്കിയ സീറ്റ് അപ്ഹോൾസ്റ്ററി, ഡ്രൈവർക്കായി ഫോർഡിംഗ് ആംറെസ്റ്റ് എന്നിവയും ഹ്യുണ്ടായി ചേർത്തിട്ടുണ്ട്. ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാപ്പുകൾക്കും ഇൻഫോടെയ്ൻമെന്റിനുമുള്ള ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ തുടങ്ങിയ സവിശേഷതകളും എക്‌സ്റ്ററിൻ്റെ ഭാഗമാണ്. ഡാഷ്‌ക്യാം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, റിയർ ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 60-ലധികം കണക്റ്റഡ് സവിശേഷതകളുള്ള ബ്ലൂലിങ്ക് കണക്റ്റിവിറ്റി എന്നിവയും പഴയത് പോലെ ലഭിക്കും.
ഇന്റർനെറ്റ് ആക്‌സസ് ഇല്ലാതെ പോലും പ്രവർത്തിക്കുന്ന 300-ലധികം എംബഡഡ് വോയ്‌സ് കമാൻഡുകളെ സിസ്റ്റം പിന്തുണയ്ക്കുന്നുണ്ടെന്നും ഹ്യുണ്ടായി പറയുന്നു. ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റും അഡ്ജസ്റ്റബിൾ റിയർ ഹെഡ്‌റെസ്റ്റുകളും എക്സ്റ്ററിൽ ഇപ്പോൾ എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡായാണ് വരുന്നത്. പെട്രോൾ വേരിയന്റുകൾ 391 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നത് തുടരുന്നുണ്ട്. ഡ്യുവൽ സിലിണ്ടർ സിഎൻജി പതിപ്പ് 225 ലിറ്റർ ലഗേജ് സ്പേസാണ് നൽകുന്നത്.

ഇപ്പോൾ സ്റ്റാൻഡേർഡായി ഒരു അണ്ടർബോഡി സ്പെയർ വീലും ഹ്യുണ്ടായി എക്സ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേക ഊന്നൽ കൊടുത്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇപ്പോൾ 45-ലധികം സുരക്ഷാ സവിശേഷതകളോടെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. അവയിൽ 30 എണ്ണം വേരിയന്റുകളിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്.
ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി തുടരുന്നതിന് പുറമെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോളും ഇപ്പോൾ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡാക്കിയെന്ന് ഹ്യുണ്ടായി പറയുന്നു. മെക്കാനിക്കൽ നവീകരണങ്ങളൊന്നും എസ്‌യുവിയിലേക്ക് എത്തിയിട്ടില്ല. മുമ്പുണ്ടായിരുന്ന അതേ 1.2 ലിറ്റർ ഫോർ സിലിണ്ടർ കപ്പ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തുന്നത്.
5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലുള്ളത്. ഉപഭോക്താക്കൾക്ക് മാനുവൽ ട്രാൻസ്മിഷനോടൊപ്പം 1.2 ലിറ്റർ ബൈ-ഫ്യൂവൽ പെട്രോൾ-സിഎൻജി പതിപ്പും തെരഞ്ഞെടുക്കാം. ഹ്യുണ്ടായി ഡീലർഷിപ്പുകളിലൂടെയും ബ്രാൻഡിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയും 11,000 രൂപയ്ക്ക് പുത്തൻ എസ്‌യുവി ഇപ്പോൾ ബുക്ക് ചെയ്യാനാവും. പെട്രോൾ മോഡലുകൾക്ക് 5.79 ലക്ഷം മുതൽ 9.41 ലക്ഷം രൂപ വരെ വില വരുമ്പോൾ സിഎൻജി പതിപ്പുകൾക്ക് 6.99 ലക്ഷം മുതൽ 9.40 ലക്ഷം വരെയും മുടക്കേണ്ടി വരും.


Click it and Unblock the Notifications








