ആ മുഖത്തോട്ട് ഒന്ന് നോക്കിക്കേ എന്നാ ഒരു ഗ്ലാമറാ... പഞ്ചിനെ പഞ്ചറാക്കാൻ ഗ്ലാമറസായി എക്സ്റ്റർ വരുന്നു
ടാറ്റ പഞ്ച് തിരികൊളുത്തിയ മൈക്രോ എസ്‌യുവി വിഭാഗത്തെ കൈയിലെടുക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പണികഴിപ്പിച്ച് പുറത്തിറക്കിയ മിടുക്കനാണ് എക്സ്റ്റർ (Hyundai Exter SUV). ഇപ്പോൾ നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന കാറുകളിൽ ഒന്നായി ഇത് വളർന്നുകഴിഞ്ഞു. മികച്ച ഡിസൈനും അൾട്രാ മോഡേൺ ഫീച്ചേഴ്‌സുമായി എത്തിയ കമ്പനിയുടെ എൻട്രി ലെവൽ എസ്‌യുവിക്ക് നല്ല തുടക്കമാണ് ഇവിടെ ലഭിച്ചത്. എന്നാൽ പിന്നീട് വിൽപ്പന പതിയെ താഴാനും തുടങ്ങിയിരുന്നു. അങ്ങനെ പഞ്ചിന് ഭീഷണിയാവാൻ എക്സ്റ്ററിന് സാധിക്കാതെ പോയി.
പക്ഷേ ഒരു വിഭാഗം ആളുകൾ ഇന്നും ഹ്യുണ്ടായിയുടെ മിനി എസ്‌യുവിയെ സ്നേഹിക്കുന്നവരാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലും ഫാമിലി ഉപയോഗത്തിന് നല്ലൊരു കോംപാക്‌ട് എസ്‌യുവി നോക്കുന്നവരുമെല്ലാം എക്സ്റ്ററിലാണ് വീണത്. പഞ്ച് മുഖംമിനുക്കി കളറാക്കിയതോടെ പഞ്ചിനെ പഞ്ചറാക്കാൻ ഹ്യുണ്ടായി എക്സ്റ്ററിനും ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചു കഴിഞ്ഞു.

പുതിയ മാറ്റങ്ങളുമായി പരീക്ഷണയോട്ടത്തിനിറങ്ങിയ ഹ്യുണ്ടായി എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ചിത്രങ്ങൾ റഷ്‌ലൈനാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷൺ പകുതിയോടെ കൂടുതൽ ഗ്ലാമറായി മൈക്രോ എസ്‌യുവി വിപണനത്തിന് എത്തുമെന്നാണ് അനുമാനം. 2023-ൽ വിപണിയിലെത്തിയ എക്സ്റ്ററിന് ലഭിക്കാൻ പോവുന്ന ആദ്യത്തെ മുഖംമിനുക്കൽ കൂടിയായിരിക്കുമിത്. ഇനി എന്തെല്ലാം മാറ്റങ്ങളാണ് വാഹനത്തിൽ പ്രതീക്ഷിക്കാൻ സാധിക്കുന്നത് എന്നത് പറഞ്ഞുതരാം.
ഡിസൈനിലെ മാറ്റങ്ങളെല്ലാം ഭാഗികമായി മറച്ചാണ് എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് റോഡിലിറക്കിയത്. എന്നിരുന്നാലും നിലവിലെ മോഡലിലുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളിലും മുൻവശത്തെ ഡേടൈം റണ്ണിംഗ് ലാമ്പുകളിലും ടെയിൽലൈറ്റുകളിലുമുള്ള H-ആകൃതിയിലുള്ള സിഗ്നേച്ചർ നിലനിർത്തിയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മൈക്രോ എസ്‌യുവിക്ക് മുഖംമിനുക്കൽ സമ്മാനിക്കുന്നത്. ഗ്രില്ലിലും ബമ്പറുകളിലും ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ 15 ഇഞ്ച് അലോയ് വീലുകളിൽ പുതിയ ഡിസൈൻ കാണാനാവും. പലർക്കും എക്സ്റ്ററിൽ ഇഷ്‌ടപ്പെടാത്തൊരു കാര്യം അതിൻ്റെ പിന്നിലെ രൂപമായിരുന്നു. ഇത്തവണ അതിൽ മാറ്റമുണ്ടാവുമോയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. മിക്കവാറും ഫെയ്‌സ്‌ലിഫ്റ്റിൽ ഇതൊക്കെ ഇതേപടി നിലനിർത്താനാവും സാധ്യത. ഇനി ഇൻ്റീരിയറിലേക്ക് വന്നാൽ ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെനറേഷൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ മോഡലാവുമിത്.
12.9 ഇഞ്ച് ടച്ച്‌സ്‌ക്രീനും 9.9 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉൾപ്പെടുന്ന രണ്ട് സ്‌ക്രീനുകൾ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓട്ടോ ഒഎസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് ഗൂഗിൾ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കാറായി മാറുകയും ചെയ്യും. നിലവിലെ സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി സെൻട്രൽ സ്‌ക്രീനിൽ OTA വഴി മാപ്പ് അപ്‌ഡേറ്റുകൾ സ്വീകരിക്കാനും വിവിധ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളെ സപ്പോർട്ട് ചെയ്യുകയും ചെയതേക്കും.

പുതിയ അപ്ഹോൾസ്റ്ററിയും അധിക സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്ത് വാഹനത്തെ കൂടുതൽ വാല്യു ഫോർ മണിയാക്കാനും ഹ്യുണ്ടായിക്ക് സാധിക്കും. പുതിയ എക്‌സ്‌റ്ററിന് നിലവിലുള്ള മോഡലിലെ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും ഉണ്ടാവുക. 5-സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ കപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതുമോഡലിലും ഉപയോഗിക്കുകയെന്ന് സാരം.
പെട്രോൾ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നതാണ് ഹൈലൈറ്റ്. പഞ്ചിലില്ലാത്ത ഫോർ സിലിണ്ടർ എഞ്ചിൻ്റെ സാന്നിധ്യം എക്സ്റ്ററിലേക്ക് അടുപ്പിക്കുന്ന മറ്റൊരു കാര്യമാണ്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും ഹ്യുണ്ടായി എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ ഉണ്ടായിരിക്കുന്നതാണ്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ എക്സ്റ്ററിന് 27.1 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. മുഖംമിനുക്കലിൻ്റെ ഭാഗമായി വിലയിലും ചെറിയ വ്യത്യാസം ഉണ്ടായേക്കും.


Click it and Unblock the Notifications








