27 KM മൈലേജും, 5.81 ലക്ഷം മുതൽ വിലയും! കഴിഞ്ഞ മാസം ഹ്യുണ്ടായി എസ്‌യുവി വാങ്ങിപ്പോയത് 8,154 പേർ
ടാറ്റ പഞ്ച് എന്ന അതികായൻ വിലസുന്ന മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി കൊണ്ടുവന്ന മോഡലാണ് എക്സ്റ്റർ. പഞ്ചിന്റെ മസ്ക്കുലർ രൂപത്തേയും റോഡ് പ്രസൻസിനെയും വെല്ലാനായില്ലെങ്കിലും തരക്കേടില്ലാത്ത ഡിസൈനും വാനോളം ഫീച്ചറുകളും 6 എയർബാഗുമെല്ലാം കുത്തിനിറച്ച് തുടക്കകാലത്ത് ടാറ്റയെ വെല്ലുവിളിക്കാൻ എക്സ്റ്ററിന് സാധിച്ചിരുന്നു. പല കുഞ്ഞൻ കാറുകളിൽ നിന്നും പടിയിറങ്ങിയ ഫോർ സിലിണ്ടർ എഞ്ചിൻ വരെ ഇതിൽ നൽകിക്കൊണ്ടാണ് ഹ്യുണ്ടായി എത്തിയത് എന്നതും പലരുടേയും മനസ് നിറച്ചിരുന്നു. പക്ഷേ ഇടയ്ക്ക് വെച്ച് മോഡലിന്റെ വിൽപ്പന താഴേക്ക് വീഴുന്നതിൽ കമ്പനി ഏറെ സങ്കടത്തിലായിരുന്നു.
എന്നാൽ അടുത്തിടെ ചെറുതായി മുഖംമിനുക്കിയെത്തിയ എക്സ്റ്റർ പിന്നീട് വിൽപ്പനയിൽ കുതിക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ജൂണിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി നേട്ടമുണ്ടാക്കിയിരിക്കുകയാണ്. അതും ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിയിട്ടും പോയ മാസം എക്സ്റ്റർ വാങ്ങിക്കൊണ്ട് പോയത് 8,154 പേരാണ്. അതായത് 2025 ജൂൺ മാസത്തെ 5,873 യൂണിറ്റുകളേക്കാൾ 38.84 ശതമാനത്തിന്റെ വർധനവ് മോഡലിന്റെ വാർഷിക വിൽപ്പനയിലുണ്ടായെന്ന് സാരം.

EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളാണ് വാഹനം ഇപ്പോൾ വിപണിയിലെത്തുന്നത്. വിലയുടെ കാര്യമെടുത്താലും സാധാരണക്കാരുടെ പോക്കറ്റിൽ ഒതുങ്ങുന്ന വിധത്തിലാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. 5.81 ലക്ഷം മുതൽ 9.61 ലക്ഷം വരെയാണ് ഹ്യുണ്ടായി എക്സ്റ്ററിന് വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ കപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ എസ്‌യുവിയുടെ ഹൃദയം.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ വരുന്ന ഹ്യുണ്ടായി എക്സ്റ്ററിന് 83 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും ഹ്യുണ്ടായി എക്സ്റ്റർ വാങ്ങിക്കാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് അൽപം കുറയുമെങ്കിലും മൈലേജ് കൂടുമെന്നത് ഇന്ത്യക്കാരെ ആകർഷിക്കുന്ന കാര്യമാണ്.

ഒപ്പം ബൂട്ട് സ്പേസ് കുറയാതെയുള്ള ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയും ഹ്യുണ്ടായി ഉപയോഗിക്കുന്നതിനാൽ എക്സ്റ്റർ സിഎൻജി ഒരു പ്രായോഗിക ഓപ്ഷനാണ്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന മൈക്രോ എസ്‌യുവിയുടെ സിഎൻജി വേരിയന്റുകൾ 68 bhp പവറിൽ 95.2 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കുന്നത്. പവർ കുറയുമെങ്കിലും കിലോഗ്രാമിന് 27.1 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
മറുവശത്ത് എസ്‌യുവിയുടെ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ ഇപ്പോൾ റീഡിസൈൻ ചെയ്‌ത മുൻവശം, ബ്ലാക്ക് ഗ്രിൽ, മുന്നിലും പിന്നിലും പുതിയ ബമ്പറുകൾ, പുതിയ ടെയിൽഗേറ്റ് എന്നിവയെല്ലാമാണ് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. സി-പില്ലർ ഡീറ്റെയിലിംഗ്, അധിക വീൽ ആർച്ച് ക്ലാഡിംഗ്, വിംഗ്-സ്റ്റൈൽ റിയർ സ്‌പോയിലർ എന്നിവയും പുത്തൻ മാറ്റങ്ങളാണ്.

പുതിയ നേവി-ഗ്രേ ഡ്യുവൽ-ടോൺ ഫിനിഷ്, പുതുക്കിയ 3D കാർബൺ-ഇഫക്റ്റ് ഡാഷ്‌ബോർഡ് ട്രീറ്റ്‌മെന്റ്, മെറ്റൽ പെഡലുകൾ, ഡി-കട്ട് സ്റ്റിയറിംഗ് വീൽ, പുതുക്കിയ സീറ്റ് അപ്ഹോൾസ്റ്ററി, ഡ്രൈവർക്കായി ഫോർഡിംഗ് ആംറെസ്റ്റ് എന്നിവയാണ് ഹ്യുണ്ടായി എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തിലെ പ്രധാന മാറ്റങ്ങൾ. ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാപ്പുകൾക്കും ഇൻഫോടെയ്ൻമെന്റിനുമുള്ള ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ തുടങ്ങിയ ഫീച്ചറുകളും കൂടിയാവുമ്പോൾ കൊടുക്കുന്ന കാശ് മുതലാവും.
ഡാഷ്‌ക്യാം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, റിയർ ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 60-ലധികം കണക്റ്റഡ് സവിശേഷതകളുള്ള ബ്ലൂലിങ്ക് കണക്റ്റിവിറ്റി, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റും അഡ്ജസ്റ്റബിൾ റിയർ ഹെഡ്‌റെസ്റ്റുകൾ പോലുള്ള കാര്യങ്ങളും മോഡലിന്റെ ഭാഗമാണ്. 6 എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിലുണ്ട്.


Click it and Unblock the Notifications