അൽപം വൈകി എങ്കിലും 5.79 ലക്ഷത്തിന്റെ എസ്‌യുവിക്ക് കച്ചോടം കൂടി, 27 KM മൈലേജുണ്ടേൽ പിന്നെ ഇന്ത്യക്കാർ വിടുമോ
ഹ്യുണ്ടായി എന്ന് കേൾക്കുമ്പോഴേ ആളുകൾക്ക് ഇപ്പോൾ ഓർമ വരുന്നത് എസ്‌യുവി മോഡലുകളാവും. ക്രെറ്റ, വെന്യു, എക്സ്റ്റർ, അൽകസാർ അങ്ങനെ നീളുന്ന വമ്പൻതാര നിര ചില്ലറകാശ് ഒന്നുമല്ല വിപണിയിൽ നിന്നും വാരുന്നത്. ഇതിൽ ആദ്യത്തെ രണ്ട് മോഡലുകൾ ചൂടപ്പം പോലെയാണ് ആളുകൾ വാങ്ങിക്കൊണ്ട് പോവുന്നതെങ്കിൽ അവസാനം പറഞ്ഞ രണ്ട് എസ്‌യുവികൾക്ക് വിൽപ്പനയിലെ വേഗം അൽപം കുറവാണ്. ടാറ്റ പഞ്ച് എന്ന മിടുക്കനോട് മുട്ടുന്നുവെന്ന ഏക കുറവുള്ള എക്സ്റ്റർ (Hyundai Exter) പക്ഷേ 2026 മാർച്ച് മാസത്തിൽ നേട്ടത്തോടെയാണ് വിൽപ്പന അവസാനിപ്പിച്ചത്.
കഴിഞ്ഞ മാസം അവസാനത്തോടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയത് മൈക്രോ എസ്‌യുവിക്ക് കരുത്തായിട്ടുണ്ട്. മാർച്ച് മാസത്തിൽ 6,478 യൂണിറ്റ് വിൽപ്പനയാണ് ഹ്യുണ്ടായി എക്സ്റ്ററിന് സ്വന്തമാക്കുവാൻ കഴിഞ്ഞത്. അതായത് ഒരു വർഷം മുമ്പ് ഇതേമാസത്തിൽ നിരത്തിലെത്തിയ 5,901 യൂണിറ്റുകളേക്കാൾ 10 ശതമാനം അധിക വർധനവ് വാർഷിക വിൽപ്പന കണക്കുകളിൽ നേടാൻ മിടുക്കനായിട്ടുണ്ടെന്ന് ചുരുക്കം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പനയിൽ കാര്യമായ ഇടിവ് സംഭവിക്കുന്നതിനിടയിലാണ് എക്സ്റ്റർ ഇത്തരത്തിലൊരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വാഹനത്തിലേക്ക് സർപ്രൈസായിട്ടാണ് കമ്പനി ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്. കുറഞ്ഞുവരുന്ന വിൽപ്പനയ്ക്ക് കരുത്താൻ പുതിയ മാറ്റങ്ങൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
എക്സ്റ്റീരിയർ ഡിസൈൻ പഴയ മോഡലിന് സമാനമാണെങ്കിലും ശ്രദ്ധേയമായ സ്റ്റൈലിംഗ് മാറ്റങ്ങൾ മൈക്രോ എസ്‌യുവിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. റീഡിസൈൻ ചെയ്‌ത മുൻവശം, ബ്ലാക്ക് ഗ്രിൽ, മുന്നിലും പിന്നിലും പുതിയ ബമ്പറുകൾ, പുതിയ ടെയിൽഗേറ്റ് എന്നിവയെല്ലാം എക്സ്റ്ററിന് കൂടുതൽ ഗ്ലാമറേകുന്നുണ്ട്. സി-പില്ലർ ഡീറ്റെയിലിംഗ്, അധിക വീൽ ആർച്ച് ക്ലാഡിംഗ്, വിംഗ്-സ്റ്റൈൽ റിയർ സ്‌പോയിലർ എന്നിവയും ഹ്യുണ്ടായി എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ പുതുതായി ചേർത്തിട്ടുണ്ട്.

പുത്തൻ സ്റ്റൈലിലുള്ള 15 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ കുഞ്ഞൻ എസ്‌യുവിക്ക് അഴകേകുവാനായി ഒരുക്കിയിട്ടുണ്ട്. തീർന്നില്ല, പുതുമ നൽകുന്ന പുത്തൻ എക്‌സ്റ്റർ ഏഴ് മോണോടോൺ നിറങ്ങളിലും പുതിയ ഗോൾഡൻ ബ്രോൺസ്, ടൈറ്റാനിയം ബ്ലാക്ക് മാറ്റ് ഓപ്ഷനുകൾ ഉൾപ്പെടെ ഒരു ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഹ്യുണ്ടായി എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ ഇപ്പോൾ ലഭ്യമാണ്.
ഇനി ഇന്റീരിയറിലേക്ക് വന്നാലും കാര്യമായ നവീകരണങ്ങൾ തന്നെ കാണാനാവുന്നതാണ്. പുതിയ നേവി-ഗ്രേ ഡ്യുവൽ-ടോൺ ഫിനിഷും പുതുക്കിയ 3D കാർബൺ-ഇഫക്റ്റ് ഡാഷ്‌ബോർഡ് ട്രീറ്റ്‌മെന്റും അകത്തളത്തിന് കൂടുതൽ പ്രീമിയംനെസ് കൊണ്ടുവരുന്നുണ്ട്. മെറ്റൽ പെഡലുകൾ, ഡി-കട്ട് സ്റ്റിയറിംഗ് വീൽ, പുതുക്കിയ സീറ്റ് അപ്ഹോൾസ്റ്ററി, ഡ്രൈവർക്കായി ഫോർഡിംഗ് ആംറെസ്റ്റ് എന്നിവയും ഹ്യുണ്ടായി പുതുതായി എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാപ്പുകൾക്കും ഇൻഫോടെയ്ൻമെന്റിനുമുള്ള ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ തുടങ്ങിയ ഫീച്ചറുകളും എക്‌സ്റ്ററിൻ്റെ ഇന്റീരിയറിന് മാറ്റേകുന്നുണ്ട്. ഒപ്പം ഡാഷ്‌ക്യാം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, റിയർ ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 60-ലധികം കണക്റ്റഡ് സവിശേഷതകളുള്ള ബ്ലൂലിങ്ക് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ പഴയത് പോലെ ലഭിക്കും.
ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റും അഡ്ജസ്റ്റബിൾ റിയർ ഹെഡ്‌റെസ്റ്റുകളും എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡായാണ് ഹ്യുണ്ടായി നൽകുന്നത് കേട്ടോ. പെട്രോൾ വേരിയന്റുകൾ 391 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമ്പോൾ ഡ്യുവൽ സിലിണ്ടർ സിഎൻജി പതിപ്പ് 225 ലിറ്റർ ലഗേജ് സ്പേസാണ് നൽകുന്നത്. ഇപ്പോൾ സ്റ്റാൻഡേർഡായി ഒരു അണ്ടർബോഡി സ്പെയർ വീലും ഹ്യുണ്ടായി എക്സ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1.2 ലിറ്റർ ഫോർ സിലിണ്ടർ കപ്പ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തുന്നത്. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലുള്ളത്. ഉപഭോക്താക്കൾക്ക് മാനുവൽ ട്രാൻസ്മിഷനോടൊപ്പം 1.2 ലിറ്റർ ബൈ-ഫ്യൂവൽ പെട്രോൾ-സിഎൻജി പതിപ്പും തെരഞ്ഞെടുക്കാം. പെട്രോൾ മോഡലുകൾക്ക് 5.79 ലക്ഷം മുതൽ 9.41 ലക്ഷം രൂപ വരെ വില വരുമ്പോൾ സിഎൻജി പതിപ്പുകൾക്ക് 6.99 ലക്ഷം മുതൽ 9.40 ലക്ഷം വരെയാണ് നൽകേണ്ടി വരുന്നത്.


Click it and Unblock the Notifications








