ഹ്യുണ്ടായിയെ രക്ഷിക്കാൻ വരുന്ന എയ്‌റോ ഹാച്ച്, 496 KM റേഞ്ചും കിടിലൻ ലുക്കുമായി കുഞ്ഞൻ ഇലക്‌ട്രിക് കാർ
ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും എംജിക്കുമെല്ലാം മുമ്പ് ഇന്ത്യയിൽ ആദ്യമായി ഇലക്‌ട്രിക് പാസഞ്ചർ കാർ പുറത്തിറക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. പക്ഷേ ആദ്യ മോഡലായ കോന ഇവിക്ക് കാര്യമായി ക്ലച്ചുപിടിക്കാനാവാതെ പോവുകയായിരുന്നു. എന്നാൽ ഇതിന് ശേഷം അയോണിക് 5, ക്രെറ്റ ഇവി പോലുള്ള വൈദ്യുത കാറുകൾ കൊണ്ടുവന്നുവെങ്കിലും കമ്പനിക്ക് ശോഭിക്കാനായില്ലെന്നതാണ് സത്യം. എന്നാൽ ഹ്യുണ്ടായിയുടെ രാശി മാറ്റാൻ പോവുന്ന ഇലക്‌ട്രിക് കാർ പിറവിയെടുത്തിരിക്കുകയാണ് ഇപ്പോൾ. 2025 സെപ്റ്റംബറിൽ കൺസെപ്റ്റ് ത്രീ എന്ന പേരിൽ പ്രിവ്യൂ ചെയ്ത അയോണിക് 3 എസ്‌യുവിയുമായാണ് ബ്രാൻഡിന്റെ വരവ്.
2026 മിലാൻ ഡിസൈൻ വീക്കിലാണ് ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ അയോണിക് 3 വെളിപ്പെടുത്തിയിരിക്കുന്നത്. കൊറിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ പ്യുവർ ഇലക്ട്രിക് മോഡൽ പൂർണമായും യൂറോപ്പിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമായും യൂറോപ്യൻ വിപണിയെ ലക്ഷ്യം വെച്ചാണ് ഇത് നിർമിക്കുന്നത്. എങ്കിലും സമീപ ഭാവിയിൽ ഇന്ത്യൻ നിരത്തുകളിലേക്കും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തുർക്കിയിലെ ഹ്യുണ്ടായിയുടെ ഇസ്മിറ്റ് പ്ലാന്റിലാണ് അയോണിക് 3 പണികഴിപ്പിക്കുക. അയോണിക് 3 ഇവിയുടെ മൊത്തത്തിലുള്ള ഡിസൈൻ സമീപനത്തെ ഹ്യുണ്ടായി 'എയ്‌റോ ഹാച്ച്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് എയറോഡൈനാമിക് കാര്യക്ഷമതയും വിശാലമായ ഇന്റീരിയറും ഉറപ്പാക്കുന്നുണ്ട്. ഇവിക്ക് 0.263 സിഡിയുടെ മികച്ച ഡ്രാഗ് കോഫിഫിഷ്യന്റ് ഉണ്ടായിരിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.
ഹ്യുണ്ടായിയുടെ 'ആർട്ട് ഓഫ് സ്റ്റീൽ' ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കിയുള്ള അയോണിക് 3 ആരായാലും മോഹിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പിക്സൽ-സ്റ്റൈൽ ലൈറ്റിംഗ് ഘടകങ്ങൾ, മോഴ്സ് കോഡിലുള്ള ഫോർ-ഡോട്ട് H ലോഗോ, ചരിഞ്ഞ ബോണറ്റ് എന്നിവയാണ് രൂപത്തെ അഴകുറ്റതാക്കുന്നത്. ഇവിയുടെ N-ലൈൻ വേരിയന്റിന് സ്പോർട്ടി ബ്ലാക്ക്ഡ്-ഔട്ട് ബമ്പറുകളും എക്സ്ക്ലൂസീവ് എൻ-ലൈൻ ബാഡ്ജിംഗും ഉണ്ട്.

ഇതോടൊപ്പം വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, സ്പോർട്ടി അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്ഡ്-ഔട്ട് ORVM-കൾ, ബ്ലാക്ക്ഡ്-ഔട്ട് A, B പില്ലറുകൾ എന്നിവയും അയോണിക് 3 ഇവിയുടെ ഡിസൈനിന് അഴക് സമ്മാനിക്കുന്നുണ്ട്. ഷാർക്ക് ഫിൻ ആന്റിന, ഡ്യുവൽ-ടോൺ റൂഫ്, റിയർ സ്‌പോയിലർ, റിയർ ഡിഫ്യൂസർ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. വേരിയന്റിനെ അടിസ്ഥാനമാക്കി 16 മുതൽ 19 ഇഞ്ച് വരെ അലോയ് വീൽ ഓപ്ഷനുകളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.
സുഖസൗകര്യങ്ങൾക്കും ദൈനംദിന ഉപയോഗക്ഷമതയ്ക്കും വേണ്ടിയാണ് അയോണിക് 3 ഇവിയുടെ അകത്തളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. യൂറോപ്പിൽ പ്ലിയോസ് കണക്റ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഘടിപ്പിച്ച ആദ്യത്തെ ഹ്യുണ്ടായി മോഡലാണിത്. ആൻഡ്രോയിഡ് ഓട്ടോമോട്ടീവ് ഒഎസ് (AAOS) അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിസ്റ്റം. വാഹന പ്രവർത്തനങ്ങൾ, കണക്റ്റിവിറ്റി, നാവിഗേഷൻ എന്നിവ പ്ലിയോസ് ഒരൊറ്റ സെൻട്രൽ സ്‌ക്രീനിലേക്ക് സംയോജിപ്പിക്കുന്നു.

വേരിയന്റിനെ അടിസ്ഥാനമാക്കി ഡിസ്‌പ്ലേ വലിപ്പം 12.9 ഇഞ്ച് അല്ലെങ്കിൽ 14.6 ഇഞ്ച് ആണ്. കീലെസ് ആക്‌സസ്, ഇവി റൂട്ട് പ്ലാനർ, വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനം, വയർലെസ് ചാർജിംഗ് പാഡ്, പനോരമിക് സൺറൂഫ്, പിൻ എസി വെന്റുകൾ, ഹീറ്റഡ് വെന്റിലേറ്റഡ് റിലാക്സേഷൻ സീറ്റുകൾ, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയാണ് ഹ്യുണ്ടായിയുടെ പുത്തൻ ഇലക്ട്രിക് കാറിലെ മറ്റ് പ്രധാന സവിശേഷതകൾ.
സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് വേരിയന്റുകളെ പ്രതിനിധീകരിക്കുന്ന 42.2kWh, 61kWh ബാറ്ററി പായ്ക്കുകളുമായാണ് ഹ്യുണ്ടായി അയോണിക് 5 ഇവി വിപണനത്തിന് എത്തുന്നത്. ചെറിയ ബാറ്ററിക്ക് 344 കിലോമീറ്റർ വരെ WLTP അവകാശപ്പെടുന്ന റേഞ്ച് ഉണ്ട്. അതേസമയം വലിയ ബാറ്ററി പായ്ക്കിന്റെ പരമാവധി റേഞ്ച് 496 കിലോമീറ്റർ വരെയാണ്. സ്റ്റാൻഡേർഡായി 11kW AC ചാർജറും ഓപ്ഷനായി 22kW ചാർജറും ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. DC ഫാസ്റ്റ് ചാർജറിന് 29 മിനിറ്റിനുള്ളിൽ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications








