ഹ്യുണ്ടായിയുടെ ആപ്പീസ് പൂട്ടിയല്ലോ, തീപിടുത്തം കാരണം ജൂണിലെ വിൽപ്പനയിൽ വമ്പൻ ഇടിവ്
മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി കാലങ്ങളോളം വിലസിയവരാണ് ഹ്യുണ്ടായി. എതിരാളികളില്ലാതെ കുതിച്ചിരുന്ന കമ്പനി പിന്നീട് ടാറ്റയുടേയും മഹീന്ദ്രയുടേയും നിഴലിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ച്ചയും നാം കണ്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ തന്നെ ഉറച്ചുനിൽക്കുന്ന ഹ്യുണ്ടായിക്ക് 2026 ജൂൺ മാസത്തിലും കാലിടറിയിരിക്കുകയാണ്. കഴിഞ്ഞ 30 ദിവസത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിക്ക് ഇന്ത്യയിൽ ആകെ 39,635 യൂണിറ്റ് വിൽപ്പനയാണ് നേടാനായത്. അതേസമയം 11,700 കാറുകൾ വിദേശ രാജ്യങ്ങളിലേക്കും കയറ്റിയയക്കാൻ ബ്രാൻഡിനായിട്ടുണ്ട്.
അങ്ങനെ പോയമാസം മൊത്തത്തിൽ 51,335 യൂണിറ്റുകളുടെ വിൽപ്പനയാണ് ഹ്യുണ്ടായിക്ക് സമ്പാദിക്കാനായത്. ഇതോടെ ആഭ്യന്തര വിൽപ്പനയിൽ 9.97 ശതമാനത്തിന്റെ ഇടിവും സംഭവിച്ചു. വിതരണക്കാരുടെ നിർമാണ കേന്ദ്രങ്ങളിലൊന്നിൽ ഉണ്ടായ തീപിടുത്തം മൂലമുണ്ടായ താൽക്കാലിക ഉൽപ്പാദന തടസമാണ് ഇത്രയും വലിയ ഇടിവിന് കാരണമായതെന്ന് കമ്പനി പറഞ്ഞു. കഴിഞ്ഞ മാസം ഏകദേശം 13,900 യൂണിറ്റുകളുടെ ഉൽപാദന നഷ്ടമാണ് ഈ സംഭവത്തിന് കാരണമായതെന്ന് ഹ്യുണ്ടായി ചൂണ്ടിക്കാണിച്ചു.

തീപിടുത്തത്തെ തുടർന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇതര സ്ഥലങ്ങളിൽ നിന്ന് ഓട്ടോമോട്ടീവ് ഘടകങ്ങൾ ശേഖരിച്ച് പ്ലാന്റുകളിലുടനീളം സാധാരണ നിർമാണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചു. 2026 ജൂൺ 22 മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഹ്യുണ്ടായി സ്ഥിരീകരിച്ചതോടെ നിർമാണം ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്. ആയതിനാൽ ഓണം മുതലുള്ള ഉത്സവ സീസണിൽ പണംവാരാനാവുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.
ജൂണിൽ രേഖപ്പെടുത്തിയ ഉൽപാദന കുറവ് 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വീണ്ടെടുക്കാനാകുമെന്നും ഹ്യുണ്ടായി പ്രതീക്ഷിക്കുന്നുണ്ട്. നിർമാണ തടസമുണ്ടായിട്ടും ഈ മാസം ഹ്യുണ്ടായി 11,700 വാഹനങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റി അയക്കാനായത് വലിയ ആശ്വാസമാണ്. അടുത്തിടെ മോഡൽ നിരയിൽ വില വർധനവും കമ്പനി നടപ്പിലാക്കിയിരുന്നു. വാഹന നിർമാണത്തിനായുള്ള ഇൻപുട്ട് ചെലവുകൾ ഹ്യുണ്ടായിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ഉയർന്ന സാഹചര്യത്തിലാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയത്.

ആഘാതത്തിന്റെ ഒരു ഭാഗം മാത്രമേ ഉപഭോക്താക്കൾക്ക് കൈമാറുന്നുള്ളൂവെന്ന് കമ്പനി പ്രത്യേകം എടുത്ത് പറയുകയും ചെയ്‌തിരുന്നു. എന്തായാലും വില വർധനവ് മറ്റ് ബ്രാൻഡുകളും നടപ്പിലാക്കിയതിനാൽ ഹ്യുണ്ടായിയുടെ വിൽപ്പനയെ കാര്യമായി ബാധിക്കാനിടയില്ല. നഷ്ടപ്പെട്ട സിംഹാസനം ടാറ്റയിൽ നിന്നും മഹീന്ദ്രയിൽ നിന്നും തിരികെപിടിക്കുവാനായി 2030 മാർച്ചോടെ ഇന്ത്യയിൽ പുതിയ 26 ലോഞ്ചുകളാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതിലെ ആദ്യത്തെ പ്രധാന അവതരണമായിരുന്നു അടുത്തിടെയെത്തിയ ന്യൂജെൻ വെന്യു. 2027 ആകുമ്പോഴേക്കും കമ്പനി ഈ തന്ത്രത്തിന്റെ ഭാഗമായി നാല് പുതിയ മോഡലുകൾ കൂടി പുറത്തിറക്കാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ പ്ലാൻ. ഇതിൽ മൂന്ന് എസ്‌യുവിയും ഒരു പ്രീമിയം ഹാച്ച്ബാക്കും ഉൾപ്പെടുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ന്യൂജെൻ i20, ന്യൂജെൻ ക്രെറ്റ, ബയോൺ എസ്‌യുവി, ഒരു കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവി എന്നിവയാവും പുതുതായി ലൈനപ്പിലേക്ക് എത്തുന്ന അടുത്ത മോഡലുകൾ.

ഇതിൽ പലരും ഉറ്റുനോക്കുന്ന മോഡലാണ് പുതിയ ഇലക്ട്രിക് കാർ. ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള വിലയും അത്യാധുനിക സാങ്കേതികവിദ്യകളും ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകളായിരിക്കും. ഇവിയുടെ വരവോടെ വിപണിയില്‍ പുതിയ മത്സരം സൃഷ്ടിക്കാന്‍ ഹ്യുണ്ടായിക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സാധാരണയായി ഹ്യുണ്ടായി കാറുകളില്‍ കണ്ടുവരുന്നതുപോലെ അത്യാധുനികവും പ്രീമിയവുമായ നിരവധി ഫീച്ചറുകള്‍ ഈ കുറഞ്ഞ വിലയിലുള്ള വൈദ്യുത കാറിന്റേയും ഭാഗമായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications