400 കിലോമീറ്റർ റേഞ്ചുള്ള 9-സീറ്റർ ഇലക്‌ട്രിക് കാറുമായി ഹ്യുണ്ടായി, ഇന്ത്യക്കാർ കാത്തിരിക്കേണ്ടി വരും
മൾട്ടി പർപ്പസ് വാഹനങ്ങൾ അല്ലെങ്കിൽ എംപിവി എന്ന് കേട്ടാൽ ഇന്ത്യക്കാർക്ക് ആദ്യം മനസിലേക്ക് ഓടിവരുന്ന പേര് ടൊയോട്ടയുടെയോ മാരുതി സുസുക്കിയുടേതോ ആവാം അല്ലേ. എന്നാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ നിരയിൽ മിടുക്കനായ ഒരു 9-സീറ്റർ മോഡലുണ്ട് കേട്ടോ. ഇന്ത്യക്കാർക്ക് കിട്ടാക്കനിയായിട്ടുള്ള സ്റ്റാറിയ എംപിവിയുടെ (Hyundai Staria MPV) കാര്യമാണീ പറഞ്ഞുവരുന്നത്. നേരത്തെ ICE എഞ്ചിനിൽ മാത്രം ലഭ്യമായിരുന്ന കാറിൻ്റെ ഇലക്ട്രിക് പതിപ്പിനെ വിപണിയിൽ കൊണ്ടുവന്നിരിക്കുകയാണ് ഹ്യുണ്ടായി. ബ്രസൽസ് മോട്ടോർ ഷോയിലാണ് ഇവി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.
അങ്ങേയറ്റം വലിപ്പമുള്ള ഇലക്ട്രിക് വാഹനങ്ങൾ പ്രായോഗികവും ആക്‌സസ് ചെയ്യാവുന്നതുമാക്കി മാറ്റാനുള്ള കമ്പനിയുടെ അഭിലാഷത്തെയാണ് സ്റ്റാറിയ ഇലക്ട്രിക് എംപിയുടെ അരങ്ങേറ്റം സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ദൈനംദിന ഗതാഗതത്തിന് എംപിവികൾ ഇഷ്ടപ്പെടുന്ന വിപണികളിൽ. കാഴ്ച്ചയിൽ ICE എഞ്ചിൻ മോഡലുകൾക്ക് സമാനമായ രീതിയിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. വൺ കർവ് രൂപഘടന നിലനിർത്തിയത് പ്രശംസ അർഹിക്കുന്ന കാര്യമാണ്.

എന്നാൽ ഇവി നിർദിഷ്ട മാറ്റങ്ങളും ഡിസൈനിൽ കാണാം. ദക്ഷിണ കൊറിയയിലെ കമ്പനിയുടെ പ്ലാൻ്റിൽ നിന്നാണ് ഹ്യുണ്ടായി സ്റ്റാറിയ ഇലക്ട്രിക്കിൻ്റെ നിർമാണം ആരംഭിക്കുന്നത്. 2026 ആദ്യ പകുതിയിൽ കൊറിയയിലും യൂറോപ്പിലും വാഹനത്തിനായുള്ള വിൽപ്പന ആരംഭിക്കാനാണ് പദ്ധതി. പിന്നീട് ഇന്ത്യയിലേക്ക് വരുമോയെന്നത് കണ്ടറിയാം. 84 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്.
മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. ഇതുവഴി ഇവിക്ക് 218 bhp പവറിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഹ്യുണ്ടായി പറയുന്നു. ഫ്രണ്ട് വീൽ ഡ്രൈവായാണ് ഇലക്ട്രിക് എംപിവി പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും വ്യത്യസ്ത ഡ്രൈവിംഗ് സാഹചര്യങ്ങളിൽ സ്ഥിരതയുള്ള പവർ ഡെലിവറി വാഗ്ദാനം ചെയ്യുന്നതിനായി ഇലക്ട്രിക് ഡ്രൈവ്ട്രെയിൻ ട്യൂൺ ചെയ്തിട്ടുണ്ട്.

സ്റ്റാറിയ ഇലക്ട്രിക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക സവിശേഷതകളിൽ ഒന്ന് അതിന്റെ 800-വോൾട്ട് ഇലക്ട്രിക്കൽ ആർക്കിടെക്ച്ചറാണ്. ഇത് കുറഞ്ഞ താപ സമ്മർദ്ദത്തോടെ വേഗത്തിലുള്ള ഊർജ്ജ പ്രവാഹം അനുവദിക്കുന്നുവെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഇതുവഴി കാര്യക്ഷമതയിൽ വിട്ടുവീഴ്ച്ച ചെയ്യാതെ ആവർത്തിച്ചുള്ള ഫാസ്റ്റ് ചാർജിംഗ് സെഷനുകൾ സാധ്യമാക്കുന്നു. ഒപ്റ്റിമൽ ഡിസി ചാർജിംഗ് സാഹചര്യങ്ങളിൽ വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും.
ദൈനംദിന ഉപയോഗത്തിനായി 11 kW AC ചാർജറാവും 9-സീറ്റർ ഇലക്‌ട്രിക് എംപിവിയിൽ ലഭ്യമാവുക. ഫുൾ ചാർജിൽ 400 കിലോമീറ്റർ വരെ WLTP ഡ്രൈവിംഗ് റേഞ്ച് സ്റ്റാറിയ ഇവിക്ക് നൽകാനാവുമെന്നാണ് ഹ്യുണ്ടായി കണക്കാക്കുന്നത്. ഇലക്ട്രിക് ലേഔട്ട് ഒരു പരന്ന ഫ്ലോറും നീണ്ട വീൽബേസും പ്രാപ്തമാക്കുന്നുമുണ്ട്. ഇതിൻ്റെ ഫലമായി എല്ലാ നിരകളിലും വിശാലമായ ഹെഡ്‌റൂമും ലെഗ്‌റൂമുമാണ് വാഹനത്തിന് നൽകാനാവുന്നത്.

വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ ഹ്യുണ്ടായി സ്റ്റാറിയ ഇലക്ട്രിക് വാഗ്ദാനം ചെയ്യും. 7 സീറ്റുകളുള്ള ലക്ഷ്വറി വേരിയൻ്റ് സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങുന്നവരെ ആകർഷിക്കുമ്പോൾ 9 സീറ്റുകളുള്ള വാഗൺ എഡിഷൻ രണ്ട് വലിയ കുടുംബങ്ങൾ, ഗ്രൂപ്പ് യാത്ര എന്നിവ ഇഷ്ടപ്പെടുന്നവരേയും ആകർഷിക്കുന്നതായിരിക്കും. രണ്ട് പതിപ്പുകളിലും അഡാപ്റ്റബിൾ കാർഗോ സ്‌പേസ്, വിശാലമായ സ്ലൈഡിംഗ് ഡോറുകൾ, മെച്ചപ്പെട്ട ആക്‌സസിബിലിറ്റിക്കായി ഒരു വലിയ ടെയിൽഗേറ്റ് ഓപ്പണിംഗ് എന്നിവയുണ്ട്.
ഇൻ്റീരിയറിലേക്ക് വന്നാൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമായി ഡ്യുവൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കണക്റ്റഡ് കാർ നാവിഗേഷൻ കോക്ക്പിറ്റ് ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ എന്നിവയെ ഇവ പിന്തുണയ്ക്കുന്നുണ്ട്. വെഹിക്കിൾ-ടു-ലോഡ് പ്രവർത്തനം, ഹ്യുണ്ടായി സ്മാർട്ട്‌സെൻസ് ADAS സ്യൂട്ട് എന്നിവയെല്ലാമാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








