ചേട്ടൻ ഔട്ട് അനിയൻ ഇൻ, ടോപ്പ് 10 കാറുകളുടെ പട്ടികയിൽ നിന്നും ക്രെറ്റ പുറത്ത്! ഹ്യുണ്ടായിയുടെ മാനംകാത്ത് വെന്യു
ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയെടുത്താൽ മുടങ്ങാതെ കേട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി ക്രെറ്റ. ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ, ശക്തമായ ഫീച്ചർ ലിസ്റ്റ്, കിടിലൻ റീസെയിൽ വാല്യു, നല്ല ഫാമിലി എസ്‌യുവി എന്ന നിലയിലാണ് ക്രെറ്റ വാങ്ങാൻ ആളുകൾ ഇരച്ചെത്തിയിരുന്നത്. പക്ഷേ 2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിൽ നിന്നും ക്രെറ്റ പുറത്തായിരിക്കുകയാണ്. എന്നാൽ ഏവരേയും ഞെട്ടിച്ചുകൊണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ വെന്യു പത്താം സ്ഥാനം കൈവരിച്ച് ഹ്യുണ്ടായിയെ രക്ഷിച്ചു.
ക്രെറ്റ ഔട്ടായപ്പോൾ ആദ്യ പത്തിലെ ഒരിടം ഹ്യുണ്ടായിക്ക് നഷ്‌ടപ്പെടാതെ അനിയൻ രക്ഷിച്ചത് മാസ് എൻട്രിയോടെയായിരുന്നു. പോയമാസം വെന്യുവിന്റെ 10,776 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2025 ജൂൺ മാസത്തിലെ 6,8,58 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പനയിൽ 57.13 ശതമാനത്തിന്റെ വർധനവാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കൈവരിച്ചിരിക്കുന്നത്.

ഒരു വർഷത്തിനിപ്പുറം അധികമായി 3,918 വെന്യു വിറ്റഴിക്കാൻ ഹ്യുണ്ടായിക്ക് സാധിച്ചുവെന്ന് ചുരുക്കം. അടുത്തിടെ പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയ വാഹനം എല്ലാ കാര്യത്തിലും എതിരാളികൾക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. അടിപൊളി ഡിസൈനും മോഡൺ ഫീച്ചറുകളുടെ സാന്നിധ്യവുമെല്ലാമായി എത്തിയ ന്യൂജെൻ വെന്യു ആളുകളുടെ മനസ് കീഴടക്കി മുന്നേറുന്നതിന്റെ സൂചനയാണിത്.
HX2, HX4, HX5, HX5, പ്ലസ്, HX6, HX7, HX8, HX10 എന്നിങ്ങനെ വൈവിവിധ്യമാർന്ന വേരിയൻ്റുകളിൽ വരുന്ന ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിക്ക് നിലവിൽ 8.00 ലക്ഷം രൂപ മുതൽ 15.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വില മാറ്റി നിർത്തിയാൽ ഡിസൈൻ തന്നെയാണ് ഇപ്പോഴും ആളുകളെ വെന്യുവിലേക്ക് ആദ്യം അടുപ്പിക്കുന്ന കാര്യം. ഡാർക്ക് ക്രോം ഫ്രണ്ട് ഗ്രിൽ, സ്ലിം എൽഇഡി ലൈറ്റ് ബാറുകൾ, ക്വാഡ്-ബീം ഹെഡ്‌ലാമ്പുകൾ, ബ്രിഡ്ജ്-സ്റ്റൈൽ റൂഫ് റെയിലുകൾ തുടങ്ങിയ കാര്യങ്ങൾ ഒത്തുചേരുമ്പോൾ വല്ലാത്തൊരു അഴകാണ് മോഡലിന് ലഭിക്കുന്നത്.

കൂട്ടിന് മിസ്റ്റിക് സഫയർ, ഹേസൽ ബ്ലൂ, ഡ്രാഗൺ റെഡ്, അറ്റ്ലസ് വൈറ്റ്, ടൈറ്റാൻ ഗ്രേ, അബിസ് ബ്ലാക്ക് പേൾ എന്നിങ്ങനെ മോണോടോൺ നിറങ്ങളും അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക് റൂഫുള്ള ഹേസൽ ബ്ലൂ എന്നീ ഡ്യുവൽടോൺ കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ സംഗതി അടിപൊളിയാവുന്നുമുണ്ട്. ഇന്റീരിയറിലേക്ക് കയറിയാലും ആരും വണ്ടറടിച്ച് പോവുന്ന തരത്തിലാണ് ഹ്യുണ്ടായി അകത്തളം പണിതുവെച്ചിരിക്കുന്നത്.
H-തീം ഡാഷ്‌ബോർഡ് ലേഔട്ട്, ഡ്യുവൽ-ടോൺ ഡാർക്ക് നേവി, ഡോവ് ഗ്രേ അപ്ഹോൾസ്റ്ററി, ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി 12.3 ഇഞ്ച് കർവ്‌ഡ് ഡിസ്‌പ്ലേകൾ, ADAS തുടങ്ങിയ ഫീച്ചറുകൾ ആരേയും മോഹിപ്പിക്കും. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമാണ്.

സുരക്ഷയുടെ കാര്യമെടുത്താൽ ടാറ്റ നെക്സോണിനോട് കിടപിടിക്കുവാനായി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും ന്യൂജെൻ ഹ്യുണ്ടായി വെന്യു സ്വന്തമാക്കിയിട്ടുണ്ട്. മൊത്തത്തിൽ 65-ലധികം സുരക്ഷാ സവിശേഷതകളോടെയാണ് വാഹനം വിപണനത്തിന് എത്തുന്നത്. അവയിൽ 33 എണ്ണം എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡാണ്. 71 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും ഹോട്ട് സ്റ്റാമ്പ് ചെയ്ത ഘടകങ്ങളും ഉപയോഗിച്ച് ഹ്യുണ്ടായി വെന്യുവിന്റെ ബോഡി ഘടന ശക്തിപ്പെടുത്തിയിട്ടുണ്ട്.
6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളാണ് പുതിയ ഹ്യുണ്ടായി വെന്യുവിലുള്ളത്. വാഹനങ്ങൾ, കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവർക്കായി ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ് ഗോ ഫങ്ഷനുള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ, പാർക്കിംഗ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ് എന്നീ ഫീച്ചറുകളാണ് ADAS സേഫ്റ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1.2 ലിറ്റർ കാപ്പ MPi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളിലും എസ്‌യുവി വാങ്ങാനാവും. NA പെട്രോളിന് 83 bhp പവറിൽ 114.7 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 1.5 ലിറ്റർ ഡീസൽ 116 bhp പവറിൽ 250 Nm ടോർക്ക് നൽകുമ്പോൾ 1.0 ലിറ്റർ ടർബോ 120 bhp കരുത്തിൽ 172 Nm ടോർക്ക് വരെയാണ് നിർമിക്കുക.


Click it and Unblock the Notifications