ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും മുന്നിൽ ഓടണം, കാറുകൾക്ക് 75,000 രൂപ വരെയുള്ള ഓഫറുകളുമായി ഹ്യുണ്ടായി
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്ന പദവി ഏറെനാളായി അലങ്കരിക്കുന്നത് മാരുതി സുസുക്കിയാണ്. എതിരാളികളേക്കാൾ ഏറെ മുന്നിലോടുന്ന കമ്പനി ഓരോ മാസവും ലീഡ് വർധിപ്പിച്ച് മുന്നേറുന്ന കാഴ്ച്ചയും കാണാനാവും. എന്നാൽ ഇവിടെ രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും മഹീന്ദ്രയും ടാറ്റയും തമ്മിൽ വലിയ മത്സരമാണ് നടക്കുന്നത്. എതിരാളികളുടെ മുന്നിൽ കയറാനായി എല്ലാ മാസവും ഗംഭീര ഡിസ്കൌണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വേറിട്ടുനിൽക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഫെബ്രുവരി മാസത്തിലും മോഡൽ നിരയിൽ വലിയ കിഴിവുകളപമായി എത്തിയിരിക്കുകയാണ് ഹ്യുണ്ടായി.
2026 ഫെബ്രുവരി മാസത്തേക്ക് തിരഞ്ഞെടുത്ത മോഡലുകളിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 28 വരെയോ സ്റ്റോക്ക് തീരുന്നത് വരെയോ ഓഫറുകൾക്ക് സാധുതയുണ്ട്. ഓഫറിലെ പരമാവധി ആനുകൂല്യങ്ങളുടെ മോഡൽ തിരിച്ചുള്ള വിവരണം എങ്ങനെയാണെന്ന് നോക്കിയാലോ? ഹ്യുണ്ടായി കാറുകൾ വാങ്ങാനിരിക്കുന്നവർ ഈ സുവർണാവസരം നഷ്‌ടപ്പെടുത്തേണ്ടതില്ല.

ഹ്യുണ്ടായിയുടെ സി-സെഗ്മെൻ്റ് സെഡാനായ വെർണ ഈ മാസം 73,000 രൂപ വരെ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനാവും. EX, S, SX, SX (O) എന്നീ നാല് വേരിയൻ്റുകളിൽ വരുന്ന പ്രീമിയം സെഡാന് നിലവിൽ 10.69 ലക്ഷം മുതൽ 19.86 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. അധികം വൈകാതെ മോഡലിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിപണനത്തിന് എത്തുന്നതായിരിക്കും. ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഡിസ്കൌണ്ട് ഓഫറുകൾ പ്രയോജനപ്പെടുത്താൻ ഉചിതമായ സമയമാണിത്.
ഇനി അടുത്ത മോഡലിൻ്റെ ഓഫറുകളിലേക്ക് വന്നാൽ ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ i20 സ്വന്തമാക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് 48,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ്. അടുത്തിടെ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ഉൾപ്പെടുത്തി കാറിനെ കമ്പനി പരിഷ്ക്കരിച്ചിരുന്നു. ഒപ്പം വില കുറയ്ക്കാനായി പുതുതായൊരു ബേസ് വേരിയൻ്റിനെയും അവതരിപ്പിച്ച് i20 കൂടുതൽ കളറാക്കിയിരുന്നു. നിലവിൽ 5.99 ലക്ഷം മുതലാണ് മോഡലിന് വരുന്ന എക്സ്ഷോറൂം വില.

ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മൈക്രോ എസ്‌യുവിയായ എക്‌സ്‌റ്ററിന് 33,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഗ്രാൻഡ് i10 നിയോസ് വാങ്ങിനിരിക്കുന്നവർക്ക് കോംപാക്‌ട് ഹാച്ച്ബാക്ക് 48,000 രൂപ വരെ കിഴിവോടെ മുറ്റത്തെത്തിക്കാനാവുന്നതാണ്. അങ്ങനെ നോക്കുമ്പോൾ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിലെ ആകർഷകമായ ഓപ്ഷനായി വാഹനം മാറുന്നുമുണ്ട്. എല്ലായ്‌പ്പോഴും പറയുന്നത് പോലെ സിറ്റി, വേരിയൻ്റ്, സ്റ്റോക്ക് ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ഓഫർ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട് കേട്ടോ.
എന്തായാലും ടാറ്റയോടും മഹീന്ദ്രയോടും മല്ലിടുന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് മുന്നേറ്റം നടത്തുകയാണ്. അതിൻ്റെ ഭാഗമായാണ് i20 നിരയിലേക്ക് പുതിയ ബേസ് വേരിയൻ്റ് എത്തിയിരിക്കുന്നത്. എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്കായി പുതിയ എറ വേരിയൻ്റാണ് പ്രീമിയം ഹാച്ച്ബാക്കിലേക്ക് ചേർത്തിരിക്കുന്നത്. മാഗ്ന എക്‌സിക്യൂട്ടീവ്, മാഗ്ന എന്നിവയുടെ വില കുറച്ചുകൊണ്ട് i20 കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാക്കാനും കമ്പനിക്കായി.

കൃത്യമായി പറഞ്ഞാൽ ഹ്യുണ്ടായി i20 മാഗ്ന എക്‌സിക്യൂട്ടീവിന് മുമ്പുണ്ടായിരുന്ന 6,86,900 രൂപയിൽ നിന്നും 13,000 രൂപയോളം വെട്ടിക്കുറച്ച് വില 6,73,900 രൂപയാക്കിയപ്പോൾ മാഗ്നയ്ക്ക് 7,12,900 രൂപയായിരുന്ന എക്സ്ഷോറൂം വില 13,000 രൂപ കുറച്ച് 6,99,900 രൂപയാക്കുകയും ചെയ്‌തിട്ടുണ്ട്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ, ബോഡി-കളർ ORVM-കളും ഡോർ ഹാൻഡിലുകളും, ടൈപ്പ്-സി യുഎസ്ബി ചാർജിംഗ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് ക്രമീകരണം എന്നീ ഫീച്ചറുകൾ ബേസിലുണ്ടിപ്പോൾ.
മാഗ്ന എക്‌സിക്യൂട്ടീവ്, മാഗ്ന എന്നിവയുടെ വില കുറച്ചതോടൊപ്പം ഹൈലൈൻ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ഷാർക്ക് ഫിൻ ആന്റിന, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് തുടങ്ങിയ ഫീച്ചറുകളും അവതരിപ്പിച്ചു. അതേസമയം മാഗ്ന എക്‌സിക്യൂട്ടീവിൽ അധികമായി ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഡിആർഎല്ലുകൾ, റിയർ എസി വെന്റുകൾ, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും കമ്പനി കൊണ്ടുവന്നു.


Click it and Unblock the Notifications








