ഡൽഹിയിൽ പോയി വണ്ടിയെടുക്കാൻ ഇനി NOC വേണ്ട, നിയമത്തിൽ മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ
എന്‍ഒസി നിയമത്തില്‍ വന്‍ മാറ്റം നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കം. സംസ്ഥാനങ്ങൾക്കിടയിൽ വാഹനങ്ങൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യകത ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്തിന്റെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) നിന്നുള്ള എൻഒസിയുടെ ആവശ്യകത ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിതി ആയോഗ് രൂപീകരിച്ച സാമ്പത്തികേതര നിയന്ത്രണ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാർശകളെ തുടർന്നാണ് ഈ നീക്കം. സംഭവം നടപ്പിലാവുകയാണെങ്കിൽ അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനം വാങ്ങൽ കൂടുതൽ എളുപ്പമാവുന്നതായിരിക്കും.
വാഹന ഉടമകൾ വാഹനം ആദ്യം രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്ന് എൻഒസി വാങ്ങേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കി പകരം ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസ് സംവിധാനത്തിലൂടെ അന്തർസംസ്ഥാന വാഹന കൈമാറ്റം നടപ്പിലാക്കാനാണ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ വാഹന ഉടമകൾ മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്ന സംസ്ഥാനത്തെ ആർടിഒയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങേണ്ടതുണ്ട്.

വാഹനത്തിനെതിരെ റോഡ് നികുതികളോ, ചലാനുകളോ, മറ്റ് കുടിശികകളോ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് എൻഒസിയുടെ ഉദ്ദേശം. മറ്റൊരു സംസ്ഥാനത്ത് ഒരു വാഹനം റീരജിസ്റ്റർ ചെയ്യുന്നതിന് ഒറിജിനൽ ആർടിഒയിൽ നിന്നുള്ള എൻഒസിയോടൊപ്പം ഉടമകൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി രസീതുകൾ തുടങ്ങിയ രേഖകൾ സമർപ്പിക്കണം. വാഹനം റീരജിസ്റ്റർ ചെയ്യാൻ എൻഒസി ഒഴിവാക്കുന്നത് കേരളത്തിലുള്ളവർക്ക് ഏറെ ആശ്വാസം നൽകുന്ന കാര്യമായിരിക്കും.
വാഹന രേഖകൾ ഇതിനകം തന്നെ കേന്ദ്രീകൃത വാഹൻ ഡാറ്റാബേസിൽ ഡിജിറ്റലായി സൂക്ഷിച്ചിട്ടുള്ളതിനാൽ സംസ്ഥാനങ്ങളിലുടനീളമുള്ള ഗതാഗത അധികാരികൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ, കുടിശ്ശികകളുടെയും വാഹന രേഖകളുടെയും പരിശോധന സ്വയമേവ നടത്താൻ സാധിക്കുന്നതാണ്. അങ്ങനെ എൻഒസിയുടെ ആവശ്യകത ഇല്ലാതാക്കും.

വാഹനങ്ങളുടെ പ്രായാധിഷ്ഠിത നിയന്ത്രണങ്ങൾക്ക് പകരം ഫിറ്റ്‌നസ് അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും ഇതേ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ പല നിയന്ത്രണങ്ങളും ആദ്യ രജിസ്ട്രേഷൻ തീയതിയെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്. ഡൽഹി പോലുള്ള വലിയ നഗരങ്ങളിൽ 15 വർഷം കാലപ്പഴക്കം ചെന്ന കാറുകൾ നിരത്തിലിറക്കുന്നതിന് വലിയ നിയന്ത്രണങ്ങളാണുള്ളത്. ഇത് ഉടകളെ ചെറിയ വിലയ്ക്ക് വാഹനങ്ങൾ വിറ്റ് ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഡൽഹിയിലെ ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് ആയുസ് കൽപ്പിച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങൾക്ക് ഡൽഹി എൻസിആറിന് പുറത്ത് രജിസ്‌ട്രേഷൻ നേടുന്നതിന് മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം. വാഹനം രജിസ്റ്റർ ചെയ്ത ആർടി ഓഫീസിൽ നിന്ന് എൻഒസി ലഭിച്ചാൽ ആ വാഹനത്തിന് മറ്റ് സംസ്ഥാനങ്ങളിൽ രജിസ്‌ട്രേഷൻ നേടാൻ സാധിക്കും.

മലയാളികൾ കൂട്ടത്തോടെ ഡൽഹിയിൽ പോയി ടൊയോട്ട ഇന്നോവ, ഫോർച്യൂണർ പോലുള്ള ഡീസൽ വാഹനങ്ങൾ വാങ്ങിക്കൊണ്ട് വരുന്നതും ഇതിൻ്റെ ഭാഗമായാണ്. എയർ ക്വാളിറ്റിയിൽ വളരെയേറെ പിന്നിൽ നിൽക്കുന്ന ഡൽഹിയിൽ വാഹനങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനായാണ് പഴയ വാഹനങ്ങളെ പൂർണമായും ഒഴിവാക്കുന്നത്. എന്തായാലും എൻഒസി ഒഴിവാക്കുന്നത് കേരളീയർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








