ചൂടിനെ പ്രതിരോധിക്കാൻ വണ്ടിയെ ഒരുക്കാം, പ്രീ-സമ്മർ സർവീസ് ക്യാമ്പുമായി ടൊയോട്ടയുടെ എതിരാളി
ടാറ്റയും മഹീന്ദ്രയും വരെ തോറ്റ് പിൻമാറിയ ലൈഫ് സ്റ്റൈൽ പിക്കപ്പ് സെഗ്മെന്റിൽ വെന്നിക്കൊടി പാറിച്ച് ഇന്ത്യക്കാരെ ചാക്കിലാക്കിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കാളായ ഇസൂസു. ഡി-മാക്‌സ് സീരീസിലൂടെ രാജ്യം വെട്ടിപ്പിടിക്കാനിറങ്ങിയ ബ്രാൻഡ് വാണിജ്യ വാഹന വിഭാഗത്തിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇസൂസുവിന്റെ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി. 2026 മാർച്ച് 23 നും മാർച്ച് 28 നും ഇടയിൽ ഇസൂസു മോട്ടോർസ് ഇന്ത്യ രാജ്യവ്യാപകമായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ചതാണ് ആ വാർത്ത.
കേരളം, ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളുടെ വിശാലമായ ശൃംഖല ഉൾക്കൊള്ളുന്ന ഇന്ത്യയിലെ എല്ലാ അംഗീകൃത സർവീസ് ഔട്ട്‌ലെറ്റുകളിലും ഈ സർവീസ് ക്യാമ്പയിൻ അരങ്ങേറുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇസൂസു ഡി-മാക്സ് പിക്കപ്പുകളുടെയും എസ്‌യുവികളുടെയും ഉടമകൾക്ക് ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. വേനൽക്കാലത്തെ വർധിച്ചുവരുന്ന ചൂടിനെ നേരിടാൻ വാഹനങ്ങളെ സജ്ജമാക്കുന്നതിലാണ് സർവീസ് ഡ്രൈവ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

ഈ കാലയളവിൽ സർവീസ് സെന്റർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും വേനൽക്കാല ഡ്രൈവിംഗ് സാഹചര്യങ്ങളിൽ വാഹനങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുള്ള തകരാറുകൾ കുറയ്ക്കുന്നതിനും 37 പോയിന്റ് പരിശോധന സൗജന്യമായി ലഭിക്കും. ചെക്കപ്പിനൊപ്പം സർവീസുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ഇസൂസു വാഗ്ദാനം ചെയ്യുന്നുണ്ട്. ലേബർ ചാർജുകൾ 10 ശതമാനം കുറയ്ക്കുന്നതാണ് ഇതിലെ പ്രധാന ഹൈലൈറ്റ്.
അതേസമയം പാർട്‌സ്, ലൂബ്രിക്കന്റുകൾ, ഫ്ലൂയിഡുകൾ എന്നിവ 5 ശതമാനം കിഴിവിൽ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. റീട്ടെയിൽ ആർഎസ്‌എയ്ക്ക് കീഴിലുള്ള റോഡ്‌സൈഡ് അസിസ്റ്റൻസ് പാക്കേജുകൾ 20 ശതമാനം കിഴിവിൽ വാഗ്ദാനം ചെയ്യുന്നുമുണ്ട്. കൂടാതെ പ്രോകെയർ പാക്കേജുകളിൽ 5 ശതമാനം ആനുകൂല്യവും എക്സ്റ്റൻഡഡ് വാറണ്ടി പ്ലാനുകളിൽ 20 ശതമാനം കിഴിവും സർവീസ് ക്യാമ്പയിനിന്റെ ഭാഗമായി ഇസൂസു അവതരിപ്പിച്ചിട്ടുണ്ട്.
ഈ എക്സ്റ്റൻഡഡ് വാറണ്ടി ഓഫറുകൾ 2025 ഒക്ടോബർ ഒന്നിന് ശേഷം വാങ്ങിയ S-CAB, ഡി-മാക്സ് വാഹനങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ബിഎസ്-VI മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ബിഎസ്-VI കംപ്ലയിന്റ് വാഹനങ്ങളുള്ള ഉപഭോക്താക്കൾക്ക് സൗജന്യ 'REGEN' സേവനത്തിനും അർഹതയുണ്ടായിരിക്കും. എന്നിരുന്നാലും ഈ ആനുകൂല്യം ബാധകമായ മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
കൂടാതെ ഇവയെല്ലാം ഇസൂസുവിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയവുമാണ്. ഒന്നിലധികം സംസ്ഥാനങ്ങളിലായി ഡസൻ കണക്കിന് നഗരങ്ങളിൽ സർവീസ് ക്യാമ്പ് ലഭ്യമാകുമെന്നത് ഉടമകൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. അടുത്തിടെ കമ്പനി പുതുക്കിയ വി-ക്രോസ് നിര വിപണിയിലെത്തിച്ചിരുന്നു. 2026 മോഡൽ ഇയറിന്റെ ഭാഗമായുള്ള മാറ്റങ്ങളോടെ എത്തിയ പിക്കപ്പുകൾ ആളുകളുടെ ശ്രദ്ധനേടിയിട്ടുണ്ട്.
വി-ക്രോസ് പിക്കപ്പിൻ്റെ കൂടുതൽ ബേസിക് പതിപ്പായ ഹൈ-ലാൻഡർ ഇപ്പോൾ ഫീച്ചറുകളുടെ കാര്യത്തിൽ വളരെയധികം കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. കൂടാതെ ആദ്യമായി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ ഇസൂസു ഡി-മാക്‌സ് ഹൈലാൻഡർ വിപണിയിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 21.05 ലക്ഷം മുതൽ 23.88 ലക്ഷം വരെയാണ് 2026 മോഡൽ ഹൈ-ലാൻഡറിന് വരുന്ന എക്സ്ഷോറൂം വില.
അതേസമയം ഇസൂസു വി-ക്രോസില്‍ മുമ്പ് ലഭ്യമായിരുന്ന ബേസ് 4x2 മോഡലുകള്‍ ജാപ്പനീസ് വാഹന നിർമാതാക്കൾ നിര്‍ത്തലാക്കിയിട്ടുണ്ട്. പകരം എല്ലാ വേരിയന്റുകളിലും 4x4 ഡ്രൈവ് ട്രെയിന്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. ഇതോടൊപ്പം ഓട്ടോ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ സംവിധാനം ഉള്‍പ്പെടുത്തി വാഹനത്തിന്റെ ഓഫ്-റോഡ് ശേഷിയും ഉയര്‍ത്തിയിട്ടുണ്ട്. 25.50 ലക്ഷം രൂപ മുതൽ 30.28 ലക്ഷം രൂപ വരെയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








