7 വർഷം വാറണ്ടി, തിരിച്ചുകൊടുത്താൽ പൈസ; ജീപ്പ് വാങ്ങിയാൽ ഇനി തലവേദനയുണ്ടാവില്ല; ധൈര്യമായി തലവെച്ചോ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ ഒരാളാണ് ജീപ്പ് (Jeep). എന്നാൽ ഇവിടെ കാര്യമായ കച്ചോടം ഒന്നും ലഭിക്കാത്തതിൽ ഏറെ നിരാശരാണ് അമേരിക്കൻ ബ്രാൻഡ്. വിൽപ്പന എങ്ങനെയും വർധിപ്പിക്കാനുള്ള തീവ്രമായ ശ്രമം തുടരുന്ന ജീപ്പ് ഇപ്പോഴിതാ ചില കിടിലൻ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് മുമ്പോട്ട് എത്തിയിരിക്കുകയാണ്. കോമ്പസ്, മെറിഡിയൻ ഉപഭോക്താക്കൾക്കായി ജീപ്പ് ഇന്ത്യ 'കോൺഫിഡൻസ് 7' ഓണർഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ ബ്രാൻഡിൻ്റെ പുതിയ ഓണർഷിപ്പ് പ്രോഗ്രാം 7 ആനുകൂല്യങ്ങളാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.
ഈ 7 ആനുകൂല്യങ്ങളിൽ ഉറപ്പായ ബൈബാക്ക്, സബ്‌സിഡിയുള്ള വാർഷിക മെയിൻ്റനെൻസ് കരാർ, എക്സ്റ്റൻഡഡ് വാറണ്ടി, ലോണർ വെഹിക്കിൾ സപ്പോർട്ട് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. കോമ്പസ് അല്ലെങ്കിൽ മെറിഡിയൻ എസ്‌യുവി വാങ്ങാൻ താൽപ്പര്യമുള്ളരെ എത്രയും വേഗം ഡീലർഷിപ്പിലെത്തിക്കാൻ പുതിയ പ്രഖ്യാപനം സഹായിച്ചേക്കും. ജീപ്പ് അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഇപ്പോൾ ഇന്ത്യയിലുടനീളം ബ്രാൻഡിന്റെ ഔദ്യോഗിക ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ഇനി ഇതിൻ്റെ കൂടുതൽ വിശദാംശങ്ങൾ പറഞ്ഞുതരാം.

ഈ ബൈബാക്ക് പദ്ധതി പ്രകാരം വാഹനം വാങ്ങുന്ന സമയത്ത് ഉപഭോക്താവ് നൽകിയ ഒറിജിനൽ എക്സ്ഷോറൂം വിലയുടെ 60 ശതമാനം വരെ ജീപ്പ് തിരികെ നൽകും. ഇതിനുള്ള കൃത്യമായ പരിധി വ്യക്തമല്ലെങ്കിലും പരമാവധി കാലാവധി വിൽപ്പന തീയതി മുതൽ 3 വർഷം വരെയാരിക്കുമെന്നാണ് അനുമാനം. കൂടാതെ ഈ രണ്ട് ഘടകങ്ങളുടെയും സംയോജനമായിരിക്കും ഒരു ഉപഭോക്താവിൻ്റെ യോഗ്യതയെ ആത്യന്തികമായി നിർണയിക്കുക.
കോമ്പസ്, മെറിഡിയൻ എന്നിവയുടെ ഉപഭോക്താക്കൾക്ക് മെയിൻ്റനെൻസ് കവറേജിൽ സബ്‌സിഡി നിരക്കുകൾ ലഭിക്കും. കോൺഫിഡൻസ് 7 പ്രോഗ്രാമിന് കീഴിൽ ജീപ്പിൻ്റെ വാർഷിക അറ്റകുറ്റപ്പണി കരാറിൻ്റെ (AMC) ചെലവ് കോമ്പസിനും മെറിഡിയനും യഥാക്രമം 38 രൂപയും 43 രൂപയും മുതൽ ആരംഭിക്കുന്നു. AMC-യുടെ പരമാവധി കാലാവധി 7 വർഷമാണ്. സ്റ്റാൻഡേർഡ് മെയിൻ്റനൻസ് കരാർ 5 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയാണ് ഉൾക്കൊള്ളുന്നത്.

പദ്ധതിയുടെ ഭാഗമായി പാർട്‌സുകളുടെയും ലേബറിൻ്റെയും ചെലവിൽ 33 ശതമാനം വരെ സർവീസ് ഡിസ്കൌണ്ടും ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഉടമകൾക്ക് ആശ്വാസമേകുന്ന കാര്യമായിരിക്കും. ജീപ്പിൻ്റെ പുതിയ ഓണർഷിപ്പ് പ്രോഗ്രാമിൽ 7 വർഷം വരെ എക്സ്റ്റൻഡഡ് വാറണ്ടി കവറേജാണ് ലഭിക്കുക. മാത്രമല്ല, ഈ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിലവിലെ ഉടമ അവരുടെ കാർ വിൽക്കാൻ തീരുമാനിച്ചാൽ ശേഷിക്കുന്ന വാറണ്ടി അടുത്ത ഉടമയ്ക്ക് കൈമാറാൻ കഴിയും.
ഇത് റീസെയിൽ വാല്യു ഉയർത്താൻ സഹായിക്കുന്ന നീക്കമാണ്. ഇതുകൂടാതെ ഒരു ഉപഭോക്താവിൻ്റെ കാർ അംഗീകൃത ജീപ്പ് സെൻ്ററിൽ സർവീസ് ചെയ്യുന്നതിനോ അല്ലെങ്കിൽ ആകസ്മികമല്ലാത്ത അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ വേണ്ടി രണ്ട് ദിവസത്തിൽ കൂടുതൽ സമയം വേണ്ടിവന്നാൽ അവർക്ക് ലോണർ വാഹനത്തിന് അർഹതയുണ്ടായിരിക്കും. ഇതിന് പകരമായി, സർവീസ് സെൻ്ററിലേക്കുള്ള സന്ദർശനത്തിന് ശേഷം വാഹനം ഡെലിവറി ചെയ്യുന്നതിലെ കാലതാമസം നികത്താൻ ബ്രാൻഡ് ഉടമയ്ക്ക് ഒരു ക്യാബ് ഏർപ്പാട് ചെയ്യേണ്ടിവരും.
ജീപ്പ് കോമ്പസ്, മെറിഡിയൻ ഉപഭോക്താക്കൾക്ക് പുതിയ വാഹനം വാങ്ങുമ്പോൾ ഇപ്പോൾ 7 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA) കവറേജും ലഭിക്കും. ജീപ്പ് കോൺഫിഡൻസ് 7 പ്രോഗ്രാമിന്റെ ഭാഗമായ ഉടമകൾക്ക് എക്സ്പ്രസ് സർവീസിനും അർഹതയുണ്ടായിരിക്കുമെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. ഉൾപ്പെട്ടിരിക്കുന്ന ജോലിയുടെ തരം അനുസരിച്ച്, സർവീസ് സെന്റർ കുറഞ്ഞത് 90 മിനിറ്റിനുള്ളിൽ വാഹനം തിരികെ നൽകുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം പരമാവധി ടേൺഅറൗണ്ട് സമയം 180 മിനിറ്റാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. കോൺഫിഡൻസ് 7 പ്രോഗ്രാമിൽ ചേരുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ വിലമതിക്കുന്ന ഒരു ജീപ്പ് ലൈഫ്‌സ്റ്റൈൽ വൗച്ചർ വാഗ്ദാനം ചെയ്യുന്നതാണ്. ജീപ്പ് ഗിയർ സ്റ്റോറിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇത് ഉപയോഗിക്കാം. അങ്ങനെ ജീപ്പ് വാങ്ങിയാൽ തലവേദന ഉണ്ടാവുമോയെന്ന ആശങ്കകൾക്കും തടയിടാൻ അമേരിക്കൻ വാഹന നിർമാതാക്കൾക്ക് സാധിച്ചു.


Click it and Unblock the Notifications








