ഫോർച്യൂണറിനേക്കാൾ 10 ലക്ഷം കുറവ്, എന്നിട്ടും കഴിഞ്ഞ മാസം ഈ എസ്‌യുവി വാങ്ങിയത് വെറും 98 പേർ
അമേരിക്കൻ വാഹന നിർമാതാക്കൾക്ക് അധികം രാശിയില്ലാത്തൊരു നാടാണ് ഇന്ത്യയെന്ന് തെളിയിക്കുകയാണ് ജീപ്പ്. ഫോർഡിനും ഷെവർലയ്ക്കുമെല്ലാം സംഭവിച്ച അതേകാര്യം തന്നെ ഇവർക്കും സംഭവിക്കുമോയെന്ന ആശങ്കയിലാണ് ആളുകൾ. പ്രീമിയം വാഹനങ്ങളായതിനാൽ ആർക്കും ഓടിച്ചെന്ന് വാങ്ങാനും ഒക്കില്ലല്ലോ. വലിയ വ്യവസായികൾ, ഡോക്‌ടർമാർ തുടങ്ങിയവരാണ് ജീപ്പിന്റെ പ്രധാന ഉപഭോക്താക്കൾ. കോമ്പസിലൂടെ നല്ലൊരു തുടക്കം കിട്ടിയെങ്കിലും പിന്നീട് എത്തിയവരൊന്നും കാര്യമായ സംഭാവന ചെയ്യാതായതോടെ ഇരുട്ടിൽ തപ്പുകയാണ് കമ്പനി. കോമ്പസിനേക്കാൾ കിടിലമായ മെറിഡിയൻ 7-സീറ്റർ എസ്‌യുവി (Jeep Meridian) എത്തിയപ്പോൾ ബ്രാൻഡിന് വാനോളം പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്.
ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി നിരയിലെത്തിയതാവാം ജീപ്പ് മെറിഡിയന് പറ്റിയ തെറ്റ്. വിലക്കുറച്ച് കൊടുത്തിട്ട് പോലും അധികമാരും വാങ്ങാൻ എത്താത്ത അവസ്ഥയിലാണിപ്പോൾ. 2026 മാർച്ച് മാസത്തിൽ വിൽപ്പന നൂറ് പോലും കടന്നില്ലെന്നതാണ് സത്യം. പോയമാസം എസ്‌യുവിയുടെ വെറും 98 യൂണിറ്റുകൾ മാത്രമാണ് ആകെ വിറ്റഴിഞ്ഞുപോയത്. കഴിഞ്ഞ വർഷം മാർച്ചിലെ 112 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 12.50 ശതമാനത്തിന്റെ നഷ്‌ടമാണ് മെറിഡയന് സംഭവിച്ചിരിക്കുന്നത്.

ഈ വിഭാഗത്തിലെ കുറഞ്ഞ വിലയുണ്ടായിട്ടും ഓഫ്-റോഡ് ശേഷിയുണ്ടായിട്ടും ഫോർച്യൂണർ പോലുള്ള എതിരാളികളോട് മുട്ടിനിൽക്കാനാവാത്തത് അത്ഭുതം തന്നെയാണ്. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലെത്തുന്ന മെറിഡയന് നിലവിൽ 23.33 ലക്ഷം മുതൽ 37.82 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് ഫോർച്യൂണറിനേക്കാൾ 10 ലക്ഷം രൂപയോളം കുറവാണ് ഇതിനെന്ന് സാരം. 5-സീറ്റർ, 7 സീറ്റർ ഓപ്ഷനുകളിലും എസ്‌യുവി ഇപ്പോൾ ലഭ്യമാണ്.
ഈ വർഷം തുടക്കത്തിൽ കൂടുതൽ പ്രായോഗികത ചേർത്ത് എസ്‌യുവിയെ കമ്പനി പുതുക്കിപണിതിരുന്നു. മൂന്ന് നിര ലേഔട്ടിൽ പ്രായോഗിക മെച്ചപ്പെടുത്തലുകളോടെയാണ് 2026 ജീപ്പ് മെറിഡിയൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത വകഭേദങ്ങളിൽ സ്ലൈഡിംഗ് സെക്കൻഡ് റോ സീറ്റുകൾ ഉൾപ്പെടുത്തിയതായിരുന്നു ഇതിലെ ഏറ്റവും വലിയ മാറ്റം. ലിമിറ്റഡ്, ഓവർലാൻഡ് ട്രിമ്മുകളിലാണ് സെക്കൻഡ് റോ സ്ലൈഡിംഗ് സീറ്റുകൾ കൊണ്ടുവന്നിരിക്കുന്നതെന്ന് മാത്രം.

2.0 ലിറ്റർ ടർബോചാർജ്ഡ് ഫോർ-സിലിണ്ടർ ഡീസൽ എഞ്ചിനാണ് ജീപ്പ് മെറിഡിയന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 9 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 170 bhp പവറിൽ പരമാവധി പവറും 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സെലക്ട്-ടെറൈൻ 4×4 സിസ്റ്റവും എസ്‌യുവിയുടെ ഭാഗമാണ്. 16.25 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി മെറിഡിയനിൽ ലഭിക്കുക.
ഡിസൈനിലേക്ക് വന്നാലും അലങ്കോലപ്പണികളില്ലാതെയുള്ള മെറിഡയന്റെ രൂപം എടുത്തുപറയേണ്ടതാണ്. ജീപ്പിൻ്റെ സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങളായ സെവൻ-സ്ലോട്ട് ഗ്രിൽ, എൽഇഡി ലൈറ്റിംഗ് എന്നിവ കമാൻഡിംഗ് റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കാലത്തിനൊത്ത രീതിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്. സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ പ്രീമിയം ഫീലാണ് അകത്തളത്തിന് ലഭിക്കുന്നത്.

ഒപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും കൂടിയാവുമ്പോൾ എസ്‌യുവി അടിപൊളിയാവുന്നുണ്ട്. 2026 ജീപ്പ് മെറിഡിയൻ 70-ലധികം ആക്റ്റീവ്, പാസീവ് സേഫ്റ്റി ഫീച്ചറുകളുമുണ്ട്.
ജീപ്പിൻ്റെ യുകണക്ട് കണക്റ്റഡ് കാർ പ്ലാറ്റ്‌ഫോം റിമോട്ട് ഫംഗ്ഷനുകളും റിയൽ ടൈം വെഹിക്കിൾ ഡയഗ്നോസ്റ്റിക്സും ഉൾപ്പെടെ 30-ലധികം കണക്റ്റഡ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ മത്സരിക്കുന്ന മെറിഡിയന്റെ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ ADAS സേഫ്റ്റി ഫീച്ചറും ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തായാലും കച്ചോടം കുറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നും പടിയിറങ്ങാൻ അമേരിക്കൻ എസ്‌യുവി നിർമാതാക്കൾക്ക് യാതൊരു പ്ലാനുമില്ല.


Click it and Unblock the Notifications