തിരിച്ചെത്തി വില്ലീസ് ജീപ്പ്, അതും കഴിഞ്ഞ തവണത്തേക്കാൾ 3 ലക്ഷം രൂപ വിലക്കുറവിൽ; വേഗം ഷോറൂമിലേക്ക് വിട്ടോ
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ജീപ്പ് എന്ന അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കൾ. ജീപ്പ് എന്നാൽ ഇന്ത്യക്കാർക്ക് പണ്ടത്തെ മഹീന്ദ്ര അസംബിൾ ചെയ്‌ത് നിരത്തുകളിൽ കുതിച്ചുപാഞ്ഞിരുന്ന വില്ലീസും കമാൻ്ററുമെല്ലാമായിരുന്നു. ഇന്നും ആ പ്രശസ്‌തി തങ്ങൾക്കുണ്ടെങ്കിലും വിൽപ്പനയിൽ അത് പ്രതിഫലിപ്പിക്കാൻ ഇവർക്ക് സാധിക്കുന്നില്ലെന്നതാണ് സത്യം. എങ്കിലും പല പരീക്ഷണങ്ങളുമായി നിലവിലുള്ള മോഡലുകളെ ആകർഷകമാക്കാൻ ബ്രാൻഡ് പ്രത്യേകം ശ്രമിക്കാറുണ്ട്. ഓഫ്-റോഡ് എസ്‌യുവികളിലെ കിങ് എന്ന വിശേഷണമുള്ള ജീപ്പ് റാങ്ലറിന് കഴിഞ്ഞ കൊല്ലം കമ്പനി വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ സമ്മാനിച്ചിരുന്നു.
റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ എന്നറിയപ്പെടുന്ന എസ്‌യുവിയുടെ വെറും 30 യൂണിറ്റുകൾ മാത്രമാണ് അന്ന് ജീപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 1941 ലെ ഒറിജിനൽ മിലിട്ടറി വില്ലീസിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച മോഡൽ വെറും 7 ദിവസത്തിൽ വിറ്റുതീരുകയും ചെയ്‌തിരുന്നു. ഈ വിജയം ആവർത്തിക്കുവാനായി വില്ലീസ് 1941 സ്പെഷ്യൽ എഡിഷൻ വീണ്ടും രാജ്യത്ത് പുനരവതരിപ്പിച്ചിരിക്കുകയാണ്.

മുൻ പതിപ്പിന് വമ്പൻ പ്രതികരണം ലഭിച്ചതെന്ന് ബ്രാൻഡ് അവകാശപ്പെട്ടതിനെത്തുടർന്നാണ് ലിമിറ്റഡ് റൺ എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ 41 യൂണിറ്റുകൾ നിർമിക്കാനാണ് ജീപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓരോന്നിലും പ്രത്യേക നമ്പരുകളും ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ജീപ്പ് ഡീലർഷിപ്പുകൾ വഴി റാങ്‌ലർ വില്ലീസ് 1941 സ്പെഷ്യൽ എഡിഷൻ ലഭ്യമാകും.
സ്റ്റാൻഡേർഡ് റൂബിക്കോൺ വേരിയന്റിനേക്കാൾ 2 ലക്ഷം രൂപ മാത്രമാണ് അധികമായി മുടക്കേണ്ടി വരിക. അതായത് 68.31 ലക്ഷം രൂപയുണ്ടെങ്കിൽ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ സ്വന്തമാക്കാനാവും. ഇതുകൂടാതെ ഓപ്ഷണൽ ആക്സസറി പായ്ക്കിന് അധികമായി 3.60 ലക്ഷം രൂപയാണ് മുടക്കേണ്ടതായി വരിക. അങ്ങനെ മൊത്തം 70.31 ലക്ഷം രൂപയുണ്ടെങ്കിൽ ആശാനെ കൂടെക്കൂട്ടാമെന്ന് സാരം. മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ 3 ലക്ഷം രൂപ വിലക്കുറവിലാണ് വണ്ടിയുടെ വരവ്.

പവർഡ് സൈഡ് സ്റ്റെപ്പ്, പുതിയ ഇൻ്റീരിയർ ഗ്രാബ് ഹാൻഡിലുകൾ, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫ്ലോർ മാറ്റുകൾ, ഫ്രണ്ട്, റിയർ ഡാഷ്‌ക്യാമുകൾ എന്നിവയും എസ്‌യുവിയിൽ ജീപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. മിലിട്ടറി ഗ്രീൻ എന്നറിയപ്പെടുന്ന നിറത്തിനൊപ്പം 1941 എന്ന വർഷത്തെ ഓർമപ്പെടുത്തുന്ന ഡീക്കൽ സ്റ്റാമ്പും എസ്‌യുവിയുടെ ബോണറ്റിൽ കൊടുത്തിട്ടുണ്ട്. ഓപ്ഷണൽ ആക്സസറി ബണ്ടിൽ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ലിമിറ്റഡ് എഡിഷൻ കൂടുതൽ കസ്റ്റമൈസ് ചെയ്യാനാവും.
സൈഡ് ലാഡർ ഉള്ള റൂഫ്-മൗണ്ടഡ് കാരിയറും 'സൺറൈഡർ' റൂഫ്‌ടോപ്പ് സിസ്റ്റവും വരെ ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. ക്ലാസിക് ടച്ചിലാണ് വിപണിയിൽ എത്തുന്നതെങ്കിലും മോഡേൺ ഫീച്ചറുകളാൽ എസ്‌യുവി സമ്പന്നമാണ് കേട്ടോ. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, 12 തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സന്നാഹങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ്റെ ഹൃദയം. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 270 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ജീപ്പിൻ്റെ സെലക്-ട്രാക്ക് ഫുൾടൈം 4WD സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുള്ളതിനാൽ ഏത് തരം റോഡുകളും അസാമാന്യ പ്രകടനം പുറത്തെടുക്കാനാവും.
സേഫ്റ്റിയിലും ലോകോത്തര നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ലിമിറ്റഡ് എൻഡിഷൻ റാങ്ലർ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, TPMS, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും പോലുള്ള ഫീച്ചറുകളും വില്ലീസ് 41 എഡിഷനിൽ ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








