പെട്രോളിലും ഇലക്‌ട്രിക്കിലും ഓടുന്ന അപൂർവ എസ്‌യുവി, പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയുടെ ടീസറുമായി JSW
ചൈനീസ് ഇലക്‌ട്രിക് വാഹന കമ്പനിയായ ചെറിയുമായി സഹകരിച്ച് JSW മോട്ടോർസ് ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തുവരുന്നതിനിടയിൽ തങ്ങളുടെ വരാനിരിക്കുന്ന ആദ്യ കാറിൻ്റെ ടീസർ ചിത്രവും പുറത്തുവിട്ട് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് JSW. ഇവി വിപണിയിലെ ട്രെൻഡ് സെറ്ററായ എംജി മോട്ടോർസിനൊപ്പം ഉയർന്നുകേൾക്കുന്ന പേരാണെങ്കിലും ഇത്തവണ സ്വതന്ത്ര പാസഞ്ചർ മൊബിലിറ്റി ഡിവിഷൻ സ്ഥാപിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ വർഷത്തെ ദീപാവലിയോടെ ബ്രാൻഡിൻ്റെ ആദ്യ മോഡലായ ജെറ്റോർ T2 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും.
ഇതൊരു പ്ലഗ്-ഇൻ ഇലക്ട്രിക് ഹൈബ്രിഡ് (PHEV) എസ്‌യുവിയായിരിക്കും എന്നതാണ് വലിയ പ്രത്യേകത. JSW മോട്ടോർസിനായി പുതിയ ഡീലർ പങ്കാളികളെ ക്ഷണിച്ചുകൊണ്ടുള്ള ഇക്കണോമിക് ടൈംസിൽ വന്ന പരസ്യത്തിലാണ് ജെറ്റോർ T2 ഇവിയുടെ ടീസർ ചിത്രവും ബ്രാൻഡ് പങ്കുവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നിർമ്മാതാവിന്റെ വരാനിരിക്കുന്ന ഛത്രപതി സംഭാജിനഗർ പ്ലാന്റിൽ ഈ ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനം അസംബിൾ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രീമിയം എസ്‌യുവിയായി സ്ഥാപിക്കപ്പെടാനിരിക്കുന്ന ജെറ്റോർ T2 പ്ലഗ്-ഇൻ ഇലക്ട്രിക് ഹൈബ്രിഡ് എസ്‌യുവിക്ക് ഏകദേശം 45 ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. ഇത് മുഖ്യധാരാ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന PHEV മോഡലായി മാറുകയും ചെയ്യും. പരമ്പരാഗത പെട്രോൾ പതിപ്പിന് പകരം പ്ലഗ്-ഇൻ ഹൈബ്രിഡ് അവതരിപ്പിക്കാനുള്ള ജെഎസ്ഡബ്ല്യുവിന്റെ തീരുമാനത്തെ തന്ത്രപരമായ ഒരു നീക്കമായാണ് കാണുന്നത്.
നിലവിൽ ലക്ഷ്വറി കാർ വിഭാഗത്തിൽ മാത്രമാണ് പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ ലഭ്യമായിട്ടുള്ളത്. ഈയൊരു കാര്യം പൊളിച്ചെഴുതാൻ JSW മോട്ടോർസിന് സാധിക്കുന്നതിനാൽ ജെറ്റോർ T2 i-DM ഇവിക്ക് സവിശേഷമായ സ്ഥാനവുമുണ്ടാവും. വാഹനത്തിന് മൊത്തത്തിൽ 4,785 mm നീളവും 2,006 mm വീതിയും 1,875 mm ഉയരവുമുണ്ടെന്നാണ് വിവരം. കൂടാതെ 2,800 mm വീൽബേസും ഉള്ളതിനാൽ അകത്തും നല്ല സ്പേസ് ലഭിക്കുന്നതായികിത്തും.

3-സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷനുമായി (DHT) ജോടിയാക്കിയ 1.5 ലിറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനാവും ഇവിയുടെ ഹൃദയം. ഇത് 156 bhp പവറിൽ പരമാവധി 220 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിനൊപ്പം 26.7 kWh ബാറ്ററി പായ്ക്കും ഘടിപ്പിച്ചിരിക്കുന്നതിനാൽ ഇവി മോഡിൽ ജെറ്റോർ എസ്‌യുവിക്ക് 130 കിലോമീറ്റർ ഇലക്ട്രിക് റേഞ്ചും ലഭിക്കും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 30-80 ശതമാനം ചാർജും കൈവരിക്കാൻ ഇതിനാവും.
പെട്രോൾ തീർന്നാലും ഇവി മോഡിൽ ഇത്ര ദൂരം സഞ്ചരിക്കാനാവുമെന്നത് വലിയ കാര്യം തന്നെയാണ്. സ്റ്റീല്‍ മുതല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വരെ യുള്ള വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകളില്‍ ശക്തമായ സാന്നിധ്യമായ പ്രമുഖ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് പാസഞ്ചര്‍ വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നത് വിദേശ ബ്രാൻഡായ ചെറിയുടെ സഹായത്തോടെയാണെന്നത് ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ എളുപ്പമാവും.

ചൈനീസ് കാർ നിർമ്മാതാക്കളായ ചെറി 2018 ൽ ആരംഭിച്ച ഒരു സബ്-ബ്രാൻഡാണ് ജെറ്റോർ. എസ്‌യുവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബ്രാൻഡ് ചില ഹാച്ച്ബാക്കുകളും വിപണനം ചെയ്തിട്ടുണ്ട്. നിലവിൽ ജെറ്റോറിൻ്റെ സ്വന്തം വിപണിയായ ചൈന, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ആഗോള വിപണികൾ, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ജെറ്റോർ പ്രവർത്തിക്കുന്നത്. എന്തായാലും ഇന്ത്യയിലേക്കുള്ള വരവ് ഏറെ ആകാംക്ഷയോടെയാണ് വണ്ടിഭ്രാന്തൻമാർ നോക്കികാണുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








