പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയുമായി ഇന്ത്യൻ കമ്പനി വരുന്നു, മുതലാളി JSW സജ്ജന്‍ ജിന്‍ഡാൽ
ഇലക്‌ട്രിക്, ഹൈബ്രിഡ് കാറുകൾ നിരത്തുകൾ വാഴുകയാണിപ്പോൾ. എല്ലാ ബ്രാൻഡുകളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുമ്പോൾ അടുത്തത് എന്താണെന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്. അതിനുള്ള കൃത്യമായ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ജെഎസ്‌ഡബ്ല്യു മോട്ടോർസ് (JSW Motors). പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എസ്‌യുവിയെ ഇന്ത്യൻ വിപണിക്ക് സമ്മാനിച്ചുകൊണ്ടാണ് ബ്രാൻഡ് വാഹന നിർമാണത്തിലേക്ക് കടക്കുന്നത്. ഇതാദ്യമായാവും കുറഞ്ഞ വിലയിലൊരു PHEV (Plug-in Hybrid Electric Car) മോഡൽ നമ്മുടെ നിരത്തുകൾ ഭരിക്കാൻ എത്തുന്നത്. ശരിക്കും പറഞ്ഞാൽ ഫുള്ളി ഇലക്ട്രിക് കാറിനേക്കാൾ പ്രായോഗികമായിരിക്കും ഇവയെന്നതാണ് ശ്രദ്ധേയം.
സ്റ്റീല്‍ മുതല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വരെ യുള്ള വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകളില്‍ ശക്തമായ സാന്നിധ്യമായ പ്രമുഖ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് പാസഞ്ചര്‍ വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നത് വിദേശ ബ്രാൻഡായ ചെറിയുടെ സഹായത്തോടെയാവും. അവരുടെ ജെറ്റോർ T2 എന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയെ റീബ്രാൻഡ് ചെയ്‌താവും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക. ചൈനീസ് കാർ നിർമ്മാതാക്കളായ ചെറി 2018 ൽ ആരംഭിച്ച ഒരു ബ്രാൻഡാണ് ജെറ്റോർ.

എസ്‌യുവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബ്രാൻഡ് ചില ഹാച്ച്ബാക്കുകളും വിപണനം ചെയ്തിട്ടുണ്ട്. നിലവിൽ ജെറ്റോറിൻ്റെ സ്വന്തം വിപണിയായ ചൈന, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ആഗോള വിപണികൾ, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ജെറ്റോർ പ്രവർത്തിക്കുന്നത്. ഓട്ടോകാർ പറയുന്നതനുസരിച്ച് 2026 ജൂൺ മാസത്തോട് കൂടി പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് കാർ ഇന്ത്യയിലെത്തിയേക്കും.
ജെറ്റോർ T2 എന്ന എസ്‌യുവിയെ ഇന്ത്യൻ വിപണിക്ക് സമ്മാനിക്കാനാണ് കമ്പനിയുടെ നിലവിലെ തീരുമാനം. ജെറ്റോർ ബ്രാൻഡിംഗിന് പകരം ജെഎസ്ഡബ്ല്യു ബാഡ്ജും മോഡൽ നാമവും ഇതിന് ഉണ്ടായിരിക്കും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ ബ്രാൻഡിൻ്റെ വരാനിരിക്കുന്ന ഗ്രീൻഫീൽഡ് നിർമാണ പ്ലാൻ്റിൽ എസ്‌യുവി അസംബിൾ ചെയ്യുകയും ചെയ്യും. ഉപഭോക്താക്കൾക്ക് തീർത്തും താങ്ങാവുന്ന വിലയിലായിരിക്കും ജെറ്റോർ T2 പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവി വിപണിയിൽ എത്തുകയെന്നതും ആശ്വാസം നൽകുന്ന കാര്യമാണ്.

എങ്കിലും ഒരു ഫോർച്യൂണർ വാങ്ങുന്ന വിലയോട് അടുത്ത് നൽകേണ്ടി വന്നേക്കാം. ഏകദേശം 45 ലക്ഷം രൂപയാണ് മോഡലിനായി പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. നിലവിൽ രാജ്യത്ത് പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ ലഭ്യമാണെങ്കിലും പ്രീമിയം വാഹനങ്ങൾ സ്വന്തമാക്കാൻ കോടികൾ മുടക്കേണ്ട അവസ്ഥയാണുള്ളത്. ഇതിൽ നിന്നും മുക്തി നേടാൻ ഇന്ത്യക്കാരെ ജെഎസ്‌ഡബ്ല്യു സഹായിക്കുന്നത് വലിയ ചർച്ചയായേക്കും.
ഇതോടെ സാധാരണ ഹൈബ്രിഡ് കാറുകളേക്കാൾ കൂടുതൽ ദൂരം ഇലക്ട്രിക്കിൽ മാത്രം ഓടിക്കാവുന്ന പ്രീമിയം വാഹനങ്ങൾ സാധാരണക്കാർക്കും ലഭ്യമാകും. ടാറ്റയും ഹ്യുണ്ടായിയും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മാരുതി സുസുക്കിയും ടൊയോട്ടയും സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതിനിടയിലേക്കാണ് ഇലക്ട്രിക് കരുത്തും ഇന്ധനക്ഷമതയും ഒരുപോലെ നൽകുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുമായി ജെഎസ്‌ഡബ്ല്യു വരുന്നത്.

1.5 ലിറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനുമായിട്ടാവും T2 i-DM ഇന്ത്യയിൽ എത്തുക. പ്ലഗ്-ഇൻ ഹൈബ്രിഡ് AWD, FWD പതിപ്പുകൾക്കൊപ്പമാണ് വരുന്നത് എന്നതും വഴക്കം നൽകും. അതോ ഇന്ത്യയിൽ ഏതെങ്കിലും ഒരു ഫോർമാറ്റിലാവുമോ വാഹനം വിപണിയിലെത്തിക്കുക എന്ന കാര്യവും വ്യക്തമായിട്ടില്ല. ഡിസൈനിലേക്ക് നോക്കിയാൽ പരമ്പരാഗത ബോക്സി, അപ്-റൈറ്റ് രൂപകൽപ്പനയുള്ള ഒരു വലിയ എസ്‌യുവിയാണ് എംജിയുടെ T2.
ഡിഫൻഡറിനോട് വളരെ സാമ്യമുള്ള രൂപമാണ് ഇതിനുള്ളതെന്ന് എളുപ്പത്തിൽ ആളുകൾക്ക് മനസിലാക്കാം. കൂടാതെ ഡിഫൻഡറിനെപ്പോലെ ഇത് ഒരു ലാഡർ-ഫ്രെയിം സജ്ജീകരണത്തിന് പകരം ഒരു മോണോകോക്ക് നിർമാണമാണ് വാഹനത്തിനുള്ളത്. T2 പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിക്ക് 4.7 മീറ്റർ നീളവും 2 മീറ്റർ വീതിയുമാണുള്ളത്. അതായത് ടാറ്റ സഫാരിയേക്കാൾ വലുതാണ് ഈ മോഡലെന്ന് സാരം. പക്ഷേ ഇതൊരു 5 സീറ്റർ എസ്‌യുവിയാണെന്നത് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം.


Click it and Unblock the Notifications








