ഇന്നോവയുടെ പൈസ വേണ്ട, ഒപ്പം 1.55 ലക്ഷത്തിന്റെ ഓഫറും! 7-സീറ്റർ ഫാമിലി എംപിവി വാങ്ങാൻ പറ്റിയ സമയം
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ നിരയിൽ ഇന്നോവയോളം പോന്നൊരു കിടിലൻ എംപിവി മോഡലുണ്ട് അതാണ് കാരെൻസ് ക്ലാവിസ്. മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടുമെല്ലാം പടവെട്ടി അതിവേഗം തന്റെ സ്ഥാനം കണ്ടെത്തിയ 7-സീറ്റർ വിസ്മയിപ്പിച്ചത് ഫീച്ചറുകളിലൂടെയും അടിപൊളി ഡിസൈനിലൂടെയുമായിരുന്നു. ഒപ്പം താങ്ങാനാവുന്ന വിലയും ഡീസൽ എഞ്ചിന്റെ സാന്നിധ്യവും കൂടിയായപ്പോൾ ഇന്ത്യക്കാർ കാരെൻസിനെ നെഞ്ചിലേറ്റി. കഴിഞ്ഞ വർഷം ഫെയ്‌സ്‌ലിഫ്റ്റ് വന്നപ്പോൾ കൂടുതൽ ആഡംബരത്തം തുളുമ്പുന്ന മട്ടും ഭാവവുമായി കക്ഷിക്ക്. 6 സീറ്റർ, 7 സീറ്റർ കോൺഫിഗറേഷനുകളിൽ യഥേഷ്ടം തെരഞ്ഞെടുക്കാം എന്നതും പ്ലസ് പോയിന്റായി.
അങ്ങനെ എല്ലാത്തരത്തിലും ഇന്നോവയെ വെല്ലാൻ പാകമാക്കിയിറക്കിയ കിയ കാരെൻസ് ക്ലാവിസ് വാങ്ങാൻ നോട്ടമുണ്ടായിരുന്നവർക്ക് ഒരു സുവർണാവസരം കൈവന്നിരിക്കുകയാണ്. 2026 മെയ് മാസത്തിൽ എംപിവിക്ക് 1.55 ലക്ഷം രൂപ വരെയുള്ള ഓഫറുകളും ആനുകൂല്യങ്ങളുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ച് 1.5 ലിറ്റർ ടർബോ പെട്രോൾ പതിപ്പിലാണ് വമ്പൻ ഓഫറുകൾ അണിനിരത്തിയിരിക്കുന്നത്.

ഇതോടൊപ്പം കിയ കാരെൻസ് ക്ലാവിസ് ടർബോ പെട്രോൾ വേരിയന്റുകളിൽ ബ്രാൻഡ് സൗജന്യമായി 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിക്ക് പുറമെ 2 വർഷത്തെ എക്സ്റ്റൻഡഡ് അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. കാരെൻസിന്റെ ഡീസലിലും നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകളിലും ആനുകൂല്യങ്ങൾ പരമാവധി 85,000 രൂപ വരെ മാത്രമാവും ലഭ്യമാവുക.
വിശാലവും പ്രായോഗികവുമായ ക്യാബിനും മൂന്ന് നിരകളിലുമുള്ള മികച്ച സുഖസൗകര്യങ്ങളും എംപിവി സെഗ്മെന്റിൽ ക്ലാവിസിനെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കാരെൻസ് ക്ലാവിസിന് തുടിപ്പേകുവാനായി എത്തുന്നത്. ഇതിൽ ആദ്യത്തെ NA പെട്രോള്‍ 115 bhp കരുത്തിൽ 144 Nm torque ആണ് നൽകുന്നത്.

എംപിവിയുടെ ടര്‍ബോ പെട്രോൾ 160 bhp പവറിൽ പരമാവധി 253 Nm ടോർക്ക് വരെയും ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ യൂണിറ്റ് 116 bhp പവറിൽ 250 Nm ടോർക്ക് നിർമിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ, കാരെന്‍സിന്റെ ടര്‍ബോ പെട്രോളിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കും. ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായാണ് വരുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറുകൾക്ക് സമാനമായ ശൈലിയാണ് കാരെൻസ് ക്ലാവിസിൽ ഒരുക്കിയിരിക്കുന്നത്. പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മോഡലിൻ്റെ മുൻവശത്തെ ഹൈലൈറ്റുകൾ HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലാണ് ആളുകളിലേക്ക് എത്തുന്നത്. 10.99 ലക്ഷം മുതൽ 20.71 ലക്ഷം രൂപ വരെയാണ് മോഡലിന് നിലവിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെന്റുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാമാണ് ഇൻ്റീരിയറിലെ ഹൈലൈറ്റുകൾ.
ഇതിന് പുറമെ സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള മറ്റനേകം സവിശേഷതകളും കിയ കാരെൻസ് ക്ലാവിസിന്റെ ഭാഗമാണ്. ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ സീറ്റ് യാത്രക്കാർക്കുള്ള അലേർട്ട് പോലുള്ള സേഫ്റ്റി ഫീച്ചറുകളും കിയയുടെ ഫാമിലി കാറിന്റെ ഭാഗമാണ്.


Click it and Unblock the Notifications