1.80 ലക്ഷം രൂപ വിലക്കുറവിൽ 7-സീറ്റർ ഇലക്‌ട്രിക് എംപിവി വാങ്ങാൻ ബെസ്റ്റ് ടൈം, ഫുൾ ചാർജിൽ 490 KM ഓടിക്കാം
ഇലക്‌ട്രിക് വാഹനങ്ങളെ ഇന്ത്യക്കാർ സ്നേഹിക്കാൻ തുടങ്ങിയതോടെ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം ബാറ്ററി വണ്ടികളുമായി രംഗത്തിറങ്ങുകയുണ്ടായി. ഇവി സെഗ്മെന്റിലെ രാജാക്കൻമാരായ ടാറ്റ മോട്ടോർസ് പോലും ഇതുവരെ കൈവെക്കാൻ തയാറാവാത്ത 7-സീറ്റർ വൈദ്യുത കാർ വിപണിയിൽ ബിവൈഡി, മഹീന്ദ്ര പോലുള്ള ഭീമൻമാർക്ക് വെല്ലുവിളി സൃഷ്‌ടിച്ചുകൊണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ എത്തുകയുണ്ടായി. തങ്ങളുടെ നിരയിലെ ജനകീയ ഫാമിലി എംപിവിയായ കാരെൻസ് ക്ലാവിസിന്റെ ഇവി പതിപ്പുമായാണ് മത്സരത്തിനായി കമ്പനി രംഗത്തിറക്കിയത്. തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്ന മോഡലിന് 2026 ജൂലൈ മാസത്തേക്കായി കിടിലൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് കിയ ഇപ്പോൾ.
ഈ മാസം 1.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ കിയ കാരെൻസ് ക്ലാവിസ് ഇവി സ്വന്തമാക്കാനാവും. ഇതിൽ ഇലക്ട്രിക് എംപിവിയുടെ 2026 മോഡലുകൾക്കുള്ള ആനുകൂല്യങ്ങളിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ലോയൽറ്റി ബെനിഫിറ്റും, 15,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും, 20,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവിയുടെ 2025 മോഡൽ ഇയർ പതിപ്പുകൾക്ക് വലിയ ഡിസ്കൌണ്ടാണ് ഒരുക്കിയിട്ടുള്ളത്.

ക്ലാവിസ് ഇവിയുടെ 2025 പതിപ്പുകൾക്ക് 80,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും, 20,000 രൂപ ലോയൽറ്റി ഓഫറും, 75,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസും ലഭിക്കും. 42kWh, 51.4kWh എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ബാറ്ററി പായ്ക്കുകളുമായി വരുന്ന മോഡൽ നിലവിൽ ഇന്ത്യൻ വിപണിയിലെ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എംപിവി കൂടിയാണ് കേട്ടോ. 18 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് ഇവിക്ക് വരുന്ന എക്സ്ഷോറൂം വില.
ഇലക്ട്രിക് 7-സീറ്റർ എംപിവിയിലെ 42kWh ബാറ്ററി പായ്ക്ക് മോഡലുകൾ ഫുൾ ചാർജിൽ 404 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ 51.4kWh ബാറ്ററി വേരിയന്റുകൾ സിംഗിൾ ചാർജിൽ 490 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമാണ്. കാരെൻസ് ക്ലാവിസ് ഇവിയുടെ സ്റ്റാൻഡേർഡ് റേഞ്ച് (SR) ബാറ്ററി 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറും ലോംഗ് റേഞ്ച് (LR) പായ്ക്ക് കൂടുതൽ ശക്തമായ 171 bhp പവർ നൽകുന്ന മോട്ടോറുമാണ് ഉപയോഗിക്കുന്നത്.

രണ്ട് ഇ-മോട്ടോറുകളും ഫ്രണ്ട് ആക്‌സിലിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് എംപിവിയുടെ ലോംഗ് റേഞ്ച് മോഡലുകൾ 8.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്. 7.4kW, 11kW AC ചാർജർ ഓപ്ഷനുകളാണ് ഇവിയോടൊപ്പം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 11kW യൂണിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 42kWh ബാറ്ററി 4 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാവുമെന്നാണ് കിയ അവകാശപ്പെടുന്നത്.
അതേസമയം 51.4kWh പായ്ക്ക് 4 മണിക്കൂർ 45 മിനിറ്റിനുള്ളിൽ ചാർജാവുമെന്നും കിയ അവകാശപ്പെടുന്നുണ്ട്. 10 ശതമാനത്തിൽ നിന്ന് 100 ശതമാനം ചാർജാവാനുള്ള സയമാണണെന്നതും ശ്രദ്ധിക്കേണ്ടതാണേ. ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാണ് കിയ കാരെൻസ് ക്ലാവിസ് ഇവി ചാർജ് ചെയ്യുന്നതെങ്കിൽ SR, LR ബാറ്ററികൾ 10-80 ശതമാനത്തിൽ നിന്ന് വെറും 39 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി പറയുന്നുണ്ട്.

ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, രണ്ടാം നിര സീറ്റിനായി വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഫങ്ഷൻ, ബോസ് മോഡ്, V2L ചാർജിംഗ് സപ്പോർട്ട് എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളോടെയാണ് കിയ കാരെൻസ് ക്ലാവിസ് ഇവി വിപണിയിലെത്തുന്നത്.
സുരക്ഷയുടെ കാര്യത്തിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ലെവൽ 2 ADAS, മറ്റ് 18 നൂതന സവിശേഷതകൾ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളോടെയാണ് ഇലക്ട്രിക് എംപിവി വിപണനത്തിന് എത്തിയിരിക്കുന്നത്. ഇവി വിപണിയിൽ ബിവൈഡി ഇമാക്‌സ്7, മഹീന്ദ്ര XEV 9S എന്നീ രണ്ട് മോഡലുകളാണ് കിയ കാരെൻസ് ക്ലാവിസിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications