എർട്ടിഗ വേണ്ടാത്തവരെല്ലാം നേരെ പോയി വാങ്ങിയത് ഈ 7-സീറ്റർ, വിൽപ്പനയിൽ പുതിയ നേട്ടവുമായി കിയ എംപിവി

എംപിവി സെഗ്മെന്റിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുത്തനൊരു മോഡലുമായി വരുന്നെന്ന് കേട്ടപ്പോഴേ പൊട്ടിപ്പാളീസാവുമെന്ന് വിധിയെഴുതിയവരാണ് പലരും. മാരുതി സുസുക്കി എർട്ടിഗയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമെല്ലാം അരങ്ങുവാഴുന്നിടത്ത് മഹീന്ദ്ര കൊണ്ടുവന്ന മറാസോ വരെ തകർന്നടിഞ്ഞപ്പോൾ താരതമ്യേന പുതുമുഖങ്ങളായ കിയ എന്ത് മാജിക് കാട്ടുവാനായെന്നായിരുന്നു പലരുടേയും ധാരണ. എന്നാൽ മുൻവിധികളെയെല്ലാം പൊളിച്ചെഴുതിക്കൊണ്ട് ബ്രാൻഡ് കൊണ്ടുവന്ന കാരെൻസ് വിപണി പിടിക്കുന്ന കാഴ്ച്ചയാണ് ഏവർക്കും കാണാനായത്. എർട്ടിഗയുടേയും ഇന്നോവയുടേയും ഇടയിൽ നല്ലൊരു 7 സീറ്റർ തിരയുന്നവർക്കുള്ള ഉത്തരമായിരുന്നു കാരെൻസ് എന്ന എംപിവി.

നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാമായി എത്തിയ കിയയുടെ സെവൻ സീറ്ററിനെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചുരുങ്ങിയ കാലംകൊണ്ട് സെഗ്മെൻ്റിൽ വെന്നിക്കൊടി പാറിച്ച മോഡൽ ഇപ്പോഴിതാ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. 2026 മെയ് മാസത്തിൽ കിയ കാരെൻസ് എംപിവി 3 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

Kia Carens MPV Reached 3 Lakh Sales Milestone

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിയ കാരെൻസിന് ഒരു ന്യൂജെൻ മോഡലിനെ പോലെ കഴിഞ്ഞ വർഷം ക്ലാവിസ് എത്തുകയും ചെയ്‌തിരുന്നു. ഇതോടെ കൂടുതൽ പ്രീമിയമായ എംപിവി മാറുകയും ചെയ്‌തു. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഏഴ് കിയ മോഡലുകളിൽ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി, സോനെറ്റ് കോംപാക്‌ട് എസ്‌യുവി എന്നിവയ്ക്ക് ശേഷം ഇതുവരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കിയ മോഡലാണ് കാരെൻസ്.

2022 ഫെബ്രുവരിയിൽ പുറത്തിറങ്ങിയതിനുശേഷം കാരെൻസ് ഇതുവരെ 3,01,657 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. വിൽപ്പന ആരംഭിച്ച് വെറും 16 മാസത്തിനുള്ളിൽ 1 ലക്ഷം വിൽപ്പന മറികടക്കാൻ എംപിവിക്ക് സാധിച്ചിരുന്നു. പിന്നീട് 2 ലക്ഷം വിൽപ്പന നാഴികക്കല്ല് എത്താൻ 36 മാസം സമയം വേണ്ടിവന്നു. അതിനു ശേഷം 1 ലക്ഷം യൂണിറ്റുകൾ വിൽക്കാൻ 16 മാസവും ഫാമിലി മൾട്ടി യൂട്ടിലിറ്റി വാഹനത്തിന് വേണ്ടിവന്നു.

Kia Carens MPV Reached 3 Lakh Sales Milestone

എന്തായാലും എർട്ടിഗയുടേയും ഇന്നോവയുടേയും അപ്രമാദിത്വത്തിനിടയിലും പിടിച്ചുനിൽക്കാനാവുന്നത് വലിയ കാര്യം തന്നെയാണ്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരത്തോടെ ആഡംബര കാറുകളെ വരെ നാണിപ്പിക്കുന്ന വിധത്തിലുള്ള അഴകിലാണ് കാരെൻസ് ക്ലാവിസ് വിപണിയിലെത്തിയത്. കൂട്ടിന് ക്ലാവിസ് എന്ന ഇൻഷ്യലും എംപിവിക്ക് നൽകിയിട്ടുണ്ട്. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലും ലഭിക്കും.

10.99 ലക്ഷം മുതൽ 20.71 ലക്ഷം രൂപ വരെയാണ് മോഡലിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഈ സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നൽകുന്ന വാഹനമാണ് കിയ കാരെൻസ് ക്ലാവിസ്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ് പോലുള്ള അത്യാധുനിക സജ്ജീകരണങ്ങളെല്ലാം എംപിവിയിൽ ഒരുക്കിയിട്ടുണ്ട്.

Kia Carens MPV Reached 3 Lakh Sales Milestone

ഇതിന് പുറമെ റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെൻ്റുകൾ, സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള മറ്റനേകം സവിശേഷതകളും കിയ കാരെൻസ് ക്ലാവിസിലുണ്ട്. ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജും കാരെൻസ് ക്ലാവിസിൽ ലഭിക്കുന്നതാണ്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കാരെൻസ് ക്ലാവിസിലുള്ളത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, കാരെന്‍സിൻ്റെ ടര്‍ബോ-പെട്രോളിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിവയാണ് ലഭിക്കുക. ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാം.

Article Published On: Friday, June 12, 2026, 9:30 [IST]
English summary
Kia carens mpv reached 3 lakh sales milestone more details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X