ഡീസൽ എംപിവിക്ക് പെട്രോൾ ഹൈബ്രിഡ് എഞ്ചിനുമായി കിയ വരുന്നു, ടൊയോട്ടയുടെ ഉറക്കം പോവും
ഇന്ത്യൻ വിപണിയിലെ എസ്‌യുവികൾക്ക് പുതുമാനം സമ്മാനിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സെൽറ്റോസ്, സോനെറ്റ്, സിറോസ് എന്നിവയുടെ ഡിസൈനെല്ലാം വിസ്‌മയത്തോടെയാണ് നാമെല്ലാം നോക്കിനിന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രമല്ല, മൾട്ടി പർപ്പസ് വാഹനങ്ങളും നന്നായി പണിതിറക്കാൻ തങ്ങൾക്കാവുമെന്ന് കാർണിവലിലൂടെയും കാരെൻസിലൂടെയും കമ്പനി തെളിയിച്ചു. ഡിസൈനും ഫീച്ചറുകളും യാത്രാസുഖവുമെല്ലാം തുളുമ്പി നിൽക്കുന്ന ഇവയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒന്ന് ആഡംബര വിഭാഗത്തിൽ തകർത്തപ്പോൾ മറ്റൊന്ന് സാധാരണക്കാരുടെ മുറ്റങ്ങളിലാണ് നിറഞ്ഞത്. ഇനിയിതാ പെട്രോൾ ഹൈബ്രിഡ് എംപിവിയൊന്ന് ഇന്ത്യക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കിയ.
എന്നാൽ കാരെൻസിലാവില്ല ഹൈബ്രിഡ് സാങ്കേതിവവിദ്യ എത്തുക കേട്ടോ. ഗാഡിവാഡി (GaadiWaadi) പുറത്തുവിട്ട എക്‌സ്ക്ല്യൂസിവ് റിപ്പോർട്ടുകൾ പ്രകാരം കാർണിവൽ ആഡംബര എംപിവിക്കാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ കംപ്ലീറ്റ്ലി നോക്കഡ് ഡൌൺ (CKD) യൂണിറ്റായി എത്തുന്ന കാർണിവലിൻ്റെ ഡീസൽ എഞ്ചിൻ മോഡലിനേക്കാൾ താങ്ങാനാവുന്ന വിലയിലാവും ഹൈബ്രിഡ് എത്തുകയെന്നാണ് വിവരം.

രണ്ട് പെട്രോൾ, ഒരു ഡീസൽ, ഒരു പെട്രോൾ ഹൈബ്രിഡ് ഓപ്ഷൻ എന്നിവയോടെയാണ് എംപിവി ആഗോളതലത്തിൽ വിറ്റഴിക്കുന്നത്. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ മാത്രമാണുള്ളതെങ്കിലും ടൊയോട്ട വെൽഫയർ പോലുള്ള ഹൈബ്രിഡ് എംപിവികളോട് കിടിപിടിക്കാൻ പുതിയ പെട്രോൾ എഞ്ചിൻ കമ്പനിയെ സഹായിക്കും. 242 bhp കരുത്തിൽ 367 Nm ടോർക്ക് വികസിപ്പിക്കാൻ ശേഷിയുള്ള 1.6 ലിറ്റർ ടർബോചാർജ്ഡ് ഹൈബ്രിഡ് സജ്ജീകരണമായിരിക്കും കാർണിവലിലേക്ക് എത്തുക.
54 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കുക. കൂടാതെ ത്രീ ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗും ഇതിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണികളിൽ ഹൈബ്രിഡ് എംപിവിക്ക് 14.5 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഇത്രയും വലിയൊരു വാഹനത്തിന് ഈയൊരു കണക്കുകൾ പര്യാപ്തമായിരിക്കും.

ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഡാർക്ക് എഡിഷൻ സ്റ്റൈലിംഗ് ആക്‌സൻ്റുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽ സൺറൂഫുകൾ, പവർഡ് സ്ലൈഡിംഗ് റിയർ ഡോറുകൾ, സ്മാർട്ട് പവർ ടെയിൽഗേറ്റ്, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾക്കായി ഇൻ്റഗ്രേറ്റഡ് സൺഷെയ്‌ഡുകൾ എന്നിവ പോലുള്ള ഫീച്ചറുകളും വരാനിരിക്കുന്ന കിയ കാർണിവൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ മോഡലിലുണ്ടാവും.
നാവിഗേഷനും കണക്റ്റഡ് സർവീസുകളുമുള്ള ഡ്യുവൽ 12.3 ഇഞ്ച് പനോരമിക് ഡിസ്‌പ്ലേകൾ, 11 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഇന്റർകോം ഫംഗ്ഷനോടുകൂടിയ ഇൻ-കാബിൻ ക്യാമറ എന്നിവയായിരിക്കും കാർണിവലിലെ മറ്റ് പ്രധാന സവിശേഷതകൾ. ഇതോടൊപ്പം സേഫ്റ്റി ഇരട്ടിയാക്കുവാനായി അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റവും (ADAS) ഈ മൾട്ടി പർപ്പസ് വാഹനത്തിൽ കിയ വാഗ്‌ദാനം ചെയ്തേക്കും.

ADAS ടെക്കിൽ ജംഗ്ഷൻ ഡിറ്റക്ഷൻ ഉള്ള ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, സ്റ്റോപ്പ്-ആൻഡ്-ഗോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, പാർക്കിംഗ് കൊളീഷൻ അവോയ്‌ഡൻസ്, സറൗണ്ട്-വ്യൂ മോണിറ്റർ എന്നിവയെല്ലാമാവും കമ്പനി ഉൾപ്പെടുത്തുക. നിലവിൽ ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന കിയ കാർണിവൽ ഡീസൽ എംപിവിക്ക് 59.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് കാർണിവലിൽ നിലവിൽ ലഭിക്കുന്നത്. 8-സ്പീഡ് സ്പോര്‍ട്മാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഓയിൽ ബർണർ എഞ്ചിന് പരമാവധി 200 bhp കരുത്തിൽ 440 m torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ ഓപ്ഷൻ എംപിവിയിൽ ലഭ്യമല്ല. 13.9 കിലോമീറ്റര്‍ മൈലേജാണ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു. ഹൈബ്രിഡ് കൂടി വരുന്നതോടെ സംഗതി ഉഷാറാവും.


Click it and Unblock the Notifications








