കൊറിയൻ എസ്‌യുവിക്ക് മുന്നിൽ തകർന്നുവീണ് ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും, ജനുവരിയിൽ വാങ്ങിയത് 10,639 പേർ
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ പഴയ പ്രതാപം തിരിച്ചെടുക്കാനായി കിയ സെൽറ്റോസിൻ്റെ ന്യൂജെൻ മോഡൽ വിപണിയിൽ അവതരിച്ചത് ഇക്കഴിഞ്ഞയിടയ്ക്ക് ആയിരുന്നു. ആഗോളതലത്തിലുള്ള ടെല്ലുറൈഡിൻ്റെ സ്റ്റൈലും പോക്കറ്റിന് ഇണങ്ങുന്ന വിലയും മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ പുതുതലമുറ പതിപ്പിനെ വണ്ടിഭ്രാന്തൻമാരെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞിരിക്കുകയാണ്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയോടും, വിക്ടോറിസിനോടും ടൊയോട്ട അർബൻ ക്രൂസിയർ ഹൈറൈഡറിനോടും നഷ്‌ടപ്പെട്ടുപോയ സ്ഥാനം ആദ്യ മാസത്തിൽ തന്നെ തിരികെപ്പിടിച്ചിരിക്കുകയാണ് പുത്തൻ സെൽറ്റോസ്. ജനുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സെഗ്മെൻ്റിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആശാൻ.
മുമ്പിലുള്ളത് ഹ്യുണ്ടായി ക്രെറ്റയും മാരുതി വിക്ടോറിസും മാത്രമാണ്. പഴയ എതിരാളികളായ ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും പിന്നാക്കം പോയതും സെൽറ്റോസിന് മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട. 2026 ജനുവരി മാസം സെൽറ്റോസിൻ്റെ 10,639 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നിരത്തിലെച്ചിരിക്കുന്നതെന്ന് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ വിപണനം ചെയ്‌ത 6,470 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വാർഷിക വിൽപ്പനയിൽ കിയ സെൽറ്റോസിന് 64.44 ശതമാനത്തിൻ്റെ വർധനവാണുണ്ടായിരിക്കുന്നത്. ന്യൂജെൻ മോഡലിൻ്റെ വരവോടെയാണ് കച്ചോടം വീണ്ടും പതിനായിരം യൂണിറ്റുകൾക്ക് മുകളിലേക്ക് ഉയരുന്നത്. പ്രതിമാസ വിൽപ്പനയിലും എസ്‌യുവിക്ക് നേട്ടമുണ്ടാക്കാനായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2025 ഡിസംബറിൽ വിൽപ്പന വെറും 4,369 യൂണിറ്റുകൾ മാത്രമായിരുന്നു.
പുതിയ സെൽറ്റോസിൻ്റെ ബേസ് വേരിയൻ്റിൻ്റെ വില 10.99 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് എൻഡിന് 19.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വലിപ്പത്തിലായാലും മുൻഗാമിയേക്കാൾ സമ്പന്നമായിട്ടാണ് ന്യൂജെൻ സെൽറ്റോസ് പണിതിറക്കിയിരിക്കുന്നത്. മൊത്തത്തിൽ 4,460 mm നീളവും 1,830 mm വീതിയും 1,635 mm ഉയരവും 2,690 mm വീൽബേസുമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ പുതിയ മോഡലിന് ഇപ്പോഴുള്ളത്.

അതായത് പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സെൽറ്റോസിന് 95 mm നീളവും 30 mm വീതിയും 80 mm വീൽബേസും അധികമായി ലഭിച്ചിട്ടുണ്ട്. നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് പുത്തൻ സെൽറ്റോസിലും കിയ വാഗ്‌ദാനം ചെയ്യുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
ഡിസൈൻ തന്നെയാണ് സെൽറ്റോസിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ബ്രാൻഡിൻ്റെ ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ ആവർത്തനം നിർമിച്ചിരിക്കുന്നത്. പ്രധാന ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന വീതിയേറിയ ഗ്രിൽ, ലംബമായി അടുക്കിവെച്ചിരിക്കുന്ന ഷാർപ്പ് ഓറിയൻ്റഡ് എൽഇഡി ഡിആർഎൽ, ഗ്ലോസ് ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ, പിൻ എൽഇഡി ലൈറ്റ് ബാർ എന്നിവയെല്ലാം അന്യായ ഗ്ലാമറാണ് സമ്മാനിക്കുന്നത്.

ന്യൂജെൻ സെൽറ്റോസിൻ്റെ ഇൻ്റീരിയർ ആഡംബര കാറുകളോട് വരെ കിടപിടിക്കുന്ന തരത്തിലാണ് പണിതെടുത്തിരിക്കുന്നത്. 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേകൾ, പുതിയ ത്രീ-സ്പോക്ക് കിയ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസ് സൗണ്ട് സിസ്റ്റം, ലെവൽ-2 ADAS, പനോരമിക് സൺറൂഫ്, HUD, കണക്റ്റഡ് കാർ ടെക്നോളജി, ആംബിയൻ്റ് ലൈറ്റിംഗ്, എൽഇഡി ലൈറ്റ് പാക്കേജ്, പിൻ സീറ്റിന് റീക്ലൈൻ ഫങ്ഷൻ പോലുള്ള ഫീച്ചറുകളെല്ലാം അകത്തളത്തിലുണ്ട്.
ടോപ്പ്-സ്പെക്ക് മോഡലുകളിൽ 60:40 അനുപാതത്തിൽ മടക്കാനാവുന്ന രണ്ടാം നിര സീറ്റും ന്യൂജെൻ കിയ സെൽറ്റോസിൽ ഒരുക്കിയിട്ടുണ്ട്. പവർഡ് ടെയിൽഗേറ്റ്, 447 ലിറ്റർ ബൂട്ട്സ്പേസും കൂടിയാവുമ്പോൾ പ്രായോഗികത വർധിക്കുന്നുണ്ട്. 6 എയർബാഗുകൾ, ESC, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസ വസൂലാകും.


Click it and Unblock the Notifications








