ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും മുട്ടുമടക്കി, കൊറിയൻ എസ്‌യുവിയുടെ വിൽപ്പന കൂടിയത് 60 ശതമാനം
മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് പല മാറ്റങ്ങളും കൊണ്ടുവരാൻ കാരണക്കാരനായ മിടുക്കനാണ് കിയ സെൽറ്റോസ് (Kia Seltos SUV). സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റയെ (Hyundai Creta) വരെ മലർത്തിയടിച്ച് ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ള ഒരേയൊരു മോഡൽ കൂടിയാണിത് എന്ന് പറഞ്ഞാൽ വിശ്വസിച്ചേക്കില്ല. എന്നാൽ അതാണ് സത്യം. ഇടക്കാലത്ത് പഴയ പ്രതാപം നഷ്‌ടപ്പെട്ടുവെങ്കിലും ന്യൂജെൻ മോഡലിലൂടെ ഒന്നാന്തരം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ആഗോളതലത്തിലുള്ള ടെല്ലുറൈഡിൻ്റെ സ്റ്റൈലും പോക്കറ്റിന് ഇണങ്ങുന്ന വിലയും മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ പുതുതലമുറ പതിപ്പിനെ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.
2026 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഹ്യുണ്ടായി ക്രെറ്റയ്ക്കും മാരുതി സുസുക്കി വിക്ടോറിസിനും പിന്നിൽ മൂന്നാംസ്ഥാനം കൈവരിക്കാൻ സെൽറ്റോസിന് സാധിച്ചിരിക്കുകയാണ്. മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകളെയെല്ലാം തൂക്കിയെറിഞ്ഞാണ് കിയയുടെ മിഡ്-സൈസ് എസ്‌യുവി പോയമാസവും ഞെട്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം കിയ സെൽറ്റോസിൻ്റെ 10,308 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തിലെത്തിയത്. അതായത് 2025 ഫെബ്രുവരിയിൽ വിപണനം ചെയ്‌ത 6,446 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ ദക്ഷിണ കൊറിയൻ എസ്‌യുവിക്ക് 60 ശതമാനത്തിൻ്റെ വർധനവ് വിൽപ്പനയിൽ നേടിയെടുക്കാനായെന്ന് ചുരുക്കം. ന്യൂജെൻ മോഡലിൻ്റെ വരവോടെ വീണ്ടും പതിനായിരം യൂണിറ്റുകൾക്ക് മുകളിലേക്ക് ഉയരാനായത് കിയക്കും മൈലേജാവും.
ഡിസംബർ 10-നാണ് ഇന്ത്യയിൽ ന്യൂജെൻ കിയ സെൽറ്റോസ് അവതരിപ്പിക്കുന്നത്. 10.99 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് എൻഡിന് 19.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ ആവർത്തനം പണിതിറക്കിയിരിക്കുന്നത്. പ്രധാന ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന വീതിയേറിയ ഗ്രിൽ ടെല്ലുറൈഡിലേതിന് സമാനമാണ്.

ഒപ്പം ലംബമായി അടുക്കിവെച്ചിരിക്കുന്ന ഷാർപ്പ് ഓറിയൻ്റഡ് എൽഇഡി ഡിആർഎൽ, ഗ്ലോസ് ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ, പിൻ എൽഇഡി ലൈറ്റ് ബാർ എന്നിവയെല്ലാം അന്യായ ഗ്ലാമറാണ് സമ്മാനിക്കുന്നത്. വലിപ്പത്തിലായാലും മുൻഗാമിയേക്കാൾ സമ്പന്നമായിട്ടാണ് ന്യൂജെൻ സെൽറ്റോസ് പണിതിറക്കിയിരിക്കുന്നത്. മൊത്തത്തിൽ 4,460 mm നീളവും 1,830 mm വീതിയും 1,635 mm ഉയരവും 2,690 mm വീൽബേസുമാണ് പുതിയ സെൽറ്റോസിന് ഇപ്പോഴുള്ളത്
എക്സ്റ്റീരിയറിലെ പ്രീമിയംനെസ് അകത്തളത്തിലും തോന്നിപ്പിക്കുന്ന വിധമാണ് ഇൻ്റീരിയറും ഒരുക്കിവെച്ചിരിക്കുന്നത്. 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേകൾ, പുതിയ ത്രീ-സ്പോക്ക് കിയ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസ് സൗണ്ട് സിസ്റ്റം, ലെവൽ-2 ADAS, പനോരമിക് സൺറൂഫ്, HUD, കണക്റ്റഡ് കാർ ടെക്നോളജി, ആംബിയൻ്റ് ലൈറ്റിംഗ്, എൽഇഡി ലൈറ്റ് പാക്കേജ്, പിൻ സീറ്റിന് റീക്ലൈൻ ഫങ്ഷൻ എന്നിവയാണ് മെയിൻ ഹൈലൈറ്റുകൾ.

ടോപ്പ്-സ്പെക്ക് മോഡലുകളിൽ 60:40 അനുപാതത്തിൽ മടക്കാനാവുന്ന രണ്ടാം നിര സീറ്റ്, പവർഡ് ടെയിൽഗേറ്റ്, 447 ലിറ്റർ ബൂട്ട്സ്പേസ് എന്നിവയും കൂടിയാവുമ്പോൾ നല്ലൊരു ഫാമിലി എസ്‌യുവിയായി മാറാൻ പുത്തൻ സെൽറ്റോസിന് സാധിക്കുന്നുണ്ട്. 6 എയർബാഗുകൾ, ESC, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നതിനാൽ സേഫ്റ്റിയുടെ പേടിയും വേണ്ട.
ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ന്യൂജെൻ കിയ സെൽറ്റോസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ പ്രധാന എതിരാളികളെയെല്ലാം മലയർത്തിയടിക്കാനായ സന്തോഷത്തിലാവും കമ്പനിയിപ്പോൾ.


Click it and Unblock the Notifications








