ഗ്രാൻഡ് വിറ്റാര മാത്രമല്ല, ക്രെറ്റയും വീണു! കൊറിയൻ എസ്‌യുവി വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; വിൽപ്പനയിൽ കുതിപ്പ്
ഇന്ത്യക്കാരെ ഫീച്ചറുകൾക്കൊണ്ട് വിസ്മയിപ്പിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഇതുമാത്രമല്ല, കൃത്യമായ ഇടവേളകളിൽ തങ്ങളുടെ മോഡൽ നിരയെ പരിഷ്ക്കരിക്കാനും പ്രത്യേക മിടുക്കുള്ള കമ്പനി വിൽപ്പനയുടെ കാര്യത്തിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ആറാം സ്ഥാനത്താണ്. 2019-ൽ സെൽറ്റോസുമായി (Kia Seltos) ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം നടത്തിയ ബ്രാൻഡ് പത്ത് വർഷം തികയുന്നതിന് മുമ്പ് തന്നെ മിഡ്-സൈസ് എസ്‌യുവിയുടെ മൂന്ന് തലമുറ ആവർത്തനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും പുതുതായി കൊണ്ടുവന്ന പതിപ്പും വമ്പൻ കച്ചോടം നേടി കുതിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റയെ വരെ പിന്നിലാക്കാനും ഈ മിടുക്കനായി. 2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കിയ സെൽറ്റോസിന്റെ 9,654 യൂണിറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേമാസം നിരത്തിലെത്തിച്ച 5,225 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ സെൽറ്റോസിന്റെ വാർഷിക വിൽപ്പനയിൽ 85 ശതമാനം വളർച്ച കൈവരിക്കാനും ബ്രാൻഡിനായിട്ടുണ്ട്.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുറമെ സെഗ്മെന്റിലെ മറ്റ് പ്രധാന എതിരാളികളായ ടാറ്റ സിയറ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകളെയും പിന്നിലാക്കാൻ കിയയുടെ മിഡ്-സൈസ് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ടെന്നതും വലിയ നേട്ടമാണ്. 2025 ഡിസംബർ മാസത്തിലാണ് ന്യൂജെൻ സെൽറ്റോസ് വിപണിയിലെത്തുന്നത്. 10.99 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് എൻഡിന് 22.02 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഇന്ത്യയിൽ 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ന്യൂജെൻ കിയ സെൽറ്റോസിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. മോഡേൺ ഫീച്ചറുകൾ കുത്തിനിറച്ചുള്ള അകത്തളമാണ് മിഡ്-സൈസ് എസ്‌യുവിയിലെ മറ്റൊരു പ്രത്യേകത.

12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേകൾ, പുതിയ ത്രീ-സ്പോക്ക് കിയ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസ് സൗണ്ട് സിസ്റ്റം, ലെവൽ-2 ADAS, പനോരമിക് സൺറൂഫ്, HUD, കണക്റ്റഡ് കാർ ടെക്നോളജി, ആംബിയൻ്റ് ലൈറ്റിംഗ്, എൽഇഡി ലൈറ്റ് പാക്കേജ്, പിൻ സീറ്റിന് റീക്ലൈൻ ഫങ്ഷൻ, 60:40 അനുപാതത്തിൽ മടക്കാനാവുന്ന രണ്ടാം നിര സീറ്റ്, പവർഡ് ടെയിൽഗേറ്റ്, 447 ലിറ്റർ ബൂട്ട്സ്പേസ് തുടങ്ങിയ സവിശേഷതകളെല്ലാം സെഗ്മെന്റിൽ വാഹനത്തെ വേറിട്ടുനിർത്തുന്നുണ്ട്.
പോരാത്തതിന് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയതിന്റെ ശക്തിയും വിൽപ്പന കൂടാനുള്ള പ്രധാന കാരണമാണേ. ഈ വർഷം നടത്തിയ ഏറ്റവും പുതിയ ക്രാഷ് സേഫ്റ്റി അസസ്‌മെന്റിൽ ന്യൂജെൻ സെൽറ്റോസ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. മുതിർന്നവരുടെ സേഫ്റ്റിക്ക് 32 ൽ 31.70 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49 ൽ 45 പോയിന്റും സെൽറ്റോസ് നേടിയിരുന്നു. ഇതിന് സഹായിച്ചതാവട്ടെ കിടിലൻ സുരക്ഷാ സന്നാഹങ്ങൾ കൂടിയാണ്.

അതായത് 6 എയർബാഗുകൾ, ESC, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് എസ്‌യുവിക്ക് അകമ്പടിയേകുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ ആവർത്തനം പണിതിറക്കിയിരിക്കുന്നത്.
ടെല്ലുറൈഡിനെ അനുസ്മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, ലംബമായി അടുക്കിവെച്ചിരിക്കുന്ന ഷാർപ്പ് ഓറിയൻ്റഡ് എൽഇഡി ഡിആർഎൽ, ഗ്ലോസ് ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ, പിൻ എൽഇഡി ലൈറ്റ് ബാർ എന്നിവയെല്ലാമാണ് എക്സ്റ്റീരിയർ ഡിസൈൻ അടിപൊളിയാക്കുന്നത്. വലിപ്പത്തിലായാലും മുൻഗാമിയേക്കാൾ സമ്പന്നമായിട്ടാണ് ന്യൂജെൻ സെൽറ്റോസ് പണിതിറക്കിയിരിക്കുന്നത്. മൊത്തത്തിൽ 4,460 mm നീളവും 1,830 mm വീതിയും 1,635 mm ഉയരവും 2,690 mm വീൽബേസുമാണ് പുതിയ സെൽറ്റോസിന് ഇപ്പോഴുണ്ട്.


Click it and Unblock the Notifications