വെന്യുവിനെ പോലും പൊട്ടിച്ചു, 7.30 ലക്ഷത്തിന്റെ കിയ എസ്‌യുവി വാങ്ങിക്കാൻ വമ്പൻ തിരക്ക്
ജിഎസ്‌ടി 2.0 നടപ്പിലാക്കിയതോടെ മിക്ക വാഹന നിർമാതാക്കൾക്കും വലിയ കോളടിച്ചിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നവരിൽ പ്രധാനിയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയാണ്. തങ്ങളുടെ സബ്-4 മീറ്റർ എസ്‌യുവിയായ സോനെറ്റിന്റെ (Kia Sonet SUV) വില കാര്യമായ രീതിയിൽ കുറയ്ക്കാനായതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവാണുണ്ടായിരിക്കുന്നത്. അവസരം മുതലെടുക്കാൻ നല്ല വാല്യു ഫോർ മണി വേരിയന്റുകൾ 10 ലക്ഷത്തിന് താഴെ പുറത്തിറക്കിയും കിയ സോനെറ്റിനെ ജനകീനയാക്കി. ഇതിന്റെയെല്ലാം ഫലം കൃത്യമായി വിൽപ്പന കണക്കുകളിൽ കാണാനും സാധിക്കുന്നതാണ്.
ഓരോ മാസവും കിയയുടെ കോംപാക്‌ട് എസ്‌യുവിയുടെ കച്ചോടം കുതിച്ചുയരുകയാണ്. 2026 മാർച്ച് മാസത്തിൽ മോഡലിന്റെ 12,012 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തെ 7,705 യൂണിറ്റുകളെ അപേക്ഷിച്ച് വമ്പൻ വർധനവാണ്. ഇതോടെ വാർഷിക വിൽപ്പന കണക്കുകളിൽ 55.90 ശതമാനത്തിന്റെ വർധനവും സോനെറ്റിന് നേടിയെടുക്കുവാനായി. ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ എന്നിവയ്ക്ക് ശേഷം സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡൽ കൂടിയാവാൻ സോനെറ്റിന് സാധിച്ചു.

സാക്ഷാൽ ഹ്യുണ്ടായി വെന്യു വരെ കിയയുടെ കോംപാക്‌ട് എസ്‌യുവിക്ക് മുന്നിൽ വീണുവെന്ന് സാരം. ഒപ്പം മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള മിടുക്കൻമാരേയും സോനെറ്റ് പിന്നിലാക്കി. അതിഗംഭീര ഡിസൈനും മോഡേൺ ഫീച്ചറുകളും നല്ല മൈലേജുമെല്ലാം തരുന്ന സോനെറ്റിനെ ആളുകൾ ഇഷ്‌ടപ്പെടാനുള്ള മറ്റൊരു പ്രധാന കാരണമാണ് അടിക്കടി മോഡലിലേക്ക് കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങൾ.
അടുത്തിടെ 2026 മോഡൽ ഇയറിന്റെ ഭാഗമായി സേനെറ്റിലേക്ക് കമ്പനി പുതിയ വേരിയന്റുകൾ കൂട്ടിച്ചേർത്തിരുന്നു. ശ്രേണിയിലുടനീളം ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ ലഭ്യത വിപുലീകരിച്ചതാണ് ഇതിലെ പ്രധാന മാറ്റം. ഏറ്റവും പുതിയ പരിഷ്ക്കരണത്തോടെ കോംപാക്‌ട് എസ്‌യുവി ഇപ്പോൾ ഡീസൽ ഓട്ടോമാറ്റിക്, ടർബോ പെട്രോൾ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവ 10 ലക്ഷം രൂപയിൽ താഴെ വാഗ്ദാനം ചെയ്യുകയാണിപ്പോൾ.

1.5 ലിറ്റർ ഡീസൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഇപ്പോൾ 9.77 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുവാനാവും. HTE (O), HTK (O), HTK+, HTK+ (O) എന്നിങ്ങനെ ഒന്നിലധികം വകഭേദങ്ങളിൽ ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റുകൾ ലഭ്യമാണ്. അതേസമയം കിയ സോനെറ്റിലെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനിൽ വാങ്ങാൻ ഇനി 9.89 ലക്ഷം രൂപ മതിയാവും. ടർബോ പെട്രോൾ DCT ഇപ്പോൾ HTK (O), HTK+ (O) ഗ്രേഡുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
നിലവിൽ കിയയുടെ കുഞ്ഞൻ എസ്‌യുവിയുടെ വില നിലവാരത്തിലേക്ക് നോക്കിയാൽ 7.30 ലക്ഷം രൂപ മുതൽ 14.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. തെരഞ്ഞെടുക്കാൻ അനേകായിരം വേരിയന്റുകൾ ഉണ്ടെന്നത് കൺഫ്യൂഷനുണ്ടാക്കുന്നുണ്ടെങ്കിലും വിശാലമായ ഉപഭോക്താക്കളെ കണ്ടെത്താൻ കമ്പനിക്കാവുന്നുണ്ട്. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് കിയ സോനെറ്റിൻ്റെ ഹൃദയം.

ഡീസൽ എസ്‌യുവി തിരയുന്നവരിൽ പലരുടേയും ആദ്യ ചോയ്‌സാണ് സോനെറ്റ്. ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് വന്നാൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് തുടങ്ങിയ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും കിയയുടെ എൻട്രി ലെവൽ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും വലിയ കാര്യമാണ്.
വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നീ ഫീച്ചറുകളോടെയാണ് ഈ സബ്-4 മീറ്റർ എസ്‌യുവി വിപണനത്തിന് എത്തുന്നത്. ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള സുരക്ഷാ സന്നാഹങ്ങളും സോനെറ്റിന്റെ ഭാഗമാണ്.


Click it and Unblock the Notifications








