7.30 ലക്ഷത്തിന് ഇതുപോലൊരു എസ്‌യുവി കിട്ടിയാൽ എങ്ങനെ വാങ്ങാതിരിക്കും, കുതിച്ചുയർന്ന് സോനെറ്റിൻ്റെ കച്ചോടം
സെൽറ്റോസിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന വാഹന നിർമാതാക്കളാണ് കിയ. പിന്നാലെ കാർണിവലും സോനെറ്റും കാരെൻസുമെല്ലാം പുറത്തിറക്കി വണ്ടിഭ്രാന്തൻമാരുടെയെല്ലാം മനസിൽ സ്ഥാനം ഉറപ്പിക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡിനായി. ഹ്യുണ്ടായിയുടെ കസിൻ ആണെങ്കിലും അതിൻ്റെ അഹങ്കാരം ഒന്നും കാണിക്കാതെയാണ് കിയ വളർന്ന് പന്തലിച്ചത്. ഇപ്പോഴും പുതുതന്ത്രങ്ങളിലൂടെ ആളുകളുടെ ഫേവറീറ്റായി കമ്പനി കുതിക്കുകയാണ്. ചെറിയ രൂപം കൊണ്ടും മോഡേൺ ഡിസൈൻ കൊണ്ടും ആളുകളെ അമ്പരപ്പിച്ച സോനെറ്റാണ് ഇപ്പോൾ കിയയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോഡൽ. ന്യായമായ വിലയ്ക്ക് ഇത്രയും ഫീച്ചറുകൾ കുത്തിനിറച്ച മറ്റൊരു മോഡൽ ഇന്ത്യയിലുണ്ടായിരുന്നില്ല.
ഇപ്പോഴും ഈ അവകാശവാദം കിയയ്ക്ക് വേണമെങ്കിൽ ഉന്നയിക്കാവുന്നതാണ്. ഇതിനെല്ലാം ഇന്ത്യക്കാർ നന്ദി പറയുന്നത് സോനെറ്റ് വാങ്ങിക്കൂട്ടിയാണ്. 2025 ഡിസംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കിയയുടെ കോംപാക്‌ട് എസ്‌യുവി വളരെ വലിയ നിലയിലാണ് ലാഭമുണ്ടാക്കുന്നത്. കഴിഞ്ഞ 31 ദിവസത്തിൽ സോനെറ്റിൻ്റെ 9,418 യൂണിറ്റുകളാണ് വിറ്റുപോയത്. 2024 ഡിസംബർ മാസത്തെ 3,337 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 182.23 ശതമാനത്തിൻ്റെ വർധനവ് വിൽപ്പനയിലുണ്ടായെന്ന് സാരം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സോനെറ്റിൻ്റെ വിൽപ്പനയിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. ഒക്ടോബറിലും നവംബറിലുമെല്ലാം പതിനായിരം യൂണിറ്റിന് മുകളിൽ വിൽപ്പന പോയിരുന്നു. പ്രതിമാസ കണക്കുകളിൽ ക്ഷീണമുണ്ടായെങ്കിലും ഡിസംബറിലെ വാർഷിക വിൽപ്പനയിലുണ്ടായ കുത്തനെയുള്ള വളർച്ച കിയക്ക് മൈലേജാവും. . നിലവിൽ HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പതോളം വേരിയൻ്റുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്.
വിലയുടെ കാര്യം നോക്കിയാലും സാധാരണക്കാരന് പോലും താങ്ങാനാവുന്ന വില നിലവാരമാണുള്ളത്. ഇപ്പോൾ കിയ സോനെറ്റിന് 7.30 ലക്ഷം രൂപ മുതൽ 14.06 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് കിയ സോനെറ്റിന് തുടിപ്പേകാൻ എത്തുന്നത്. ഡീസൽ എസ്‌യുവി തിരയുന്നവരിൽ പലരുടേയും ആദ്യ ചോയ്‌സാണ് സോനെറ്റ്.

പെർഫോമൻസിലേക്ക് വന്നാൽ കിയ സോനെറ്റിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിന് 82 bhp കരുത്തിൽ 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോളാണ് വാങ്ങുന്നതെങ്കിൽ 118 bhp പവറിൽ 172 Nm ടോർക്ക് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.5 ലിറ്റർ ഡീസലിലേക്ക് വന്നാൽ 114 bhp കരുത്തിൽ 250 Nm ടോർക്ക് ഉത്പാദിപ്പിക്കാനാണ് ഇതിനാവുന്നത്.
ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് വന്നാൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ എസ്‌യുവിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഡിസൈനും കാണാൻ വല്ലാത്തൊരു ചേലാണ്.

ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റ്, സ്ലീക്ക് എൽഇഡി ഫോഗ് ലൈറ്റുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ പോലുള്ള കാര്യങ്ങളാണ് എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നത്. ഇൻ്റീരിയറിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ പോലുള്ള കാര്യങ്ങളും ലഭ്യമാണ്.
കൂടാതെ സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നീ ഫീച്ചറുകളും കിയ സോനെറ്റിൻ്റെ ഭാഗമാണ്. ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള സുരക്ഷാ സന്നാഹങ്ങളും കൂടിയാവുമ്പോൾ ആർക്കായാലും സോനെറ്റ് സ്വന്തമാക്കാൻ തോന്നും.
ADAS ഫീച്ചറാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ എടുത്തു പറയേണ്ട മറ്റൊരു സേഫ്റ്റി ഫീച്ചർ. സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികവിദ്യകളുടെയും ലെവൽ 1 ADAS സ്യൂട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുത്തൻ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഉയർന്ന മത്സരാധിഷ്ഠിതമായ കോംപാക്‌ട് എസ്‌യുവി സെഗ്മെൻ്റിൽ മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മോഡലുകളോടാണ് സോനെറ്റിൻ്റെ മത്സരം.


Click it and Unblock the Notifications








