ബ്രെസയുടെ വില മതി, സൗകര്യവും കൂടുതൽ! എന്നിട്ടും 8.39 ലക്ഷത്തിന്റെ കിയ പോയമാസം വാങ്ങിയത് 554 പേർ മാത്രം
ഇന്ത്യൻ വിപണിയിൽ കാശുണ്ടാക്കി കുതിച്ചുപായുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് പോലുള്ള മിടുക്കൻമാരെല്ലാം ഓരോ മാസവും നേട്ടമുണ്ടാക്കി മുമ്പോട്ട് പോവുമ്പോൾ കിയയുടെ നിരയിൽ ഒരാൾ മാത്രം വമ്പൻ നഷ്‌ടത്തോടെയാണ് വിൽപ്പന മുമ്പോട്ട് കൊണ്ടുപോവുന്നത്. ഒരു വർഷം മുമ്പ് ശരിക്കും നല്ലതുപോലെ വിറ്റഴിച്ചുകൊണ്ടിരുന്ന എസ്‌യുവി ഇപ്പോൾ ആയിരത്തിൽ താഴെ യൂണിറ്റുകൾ മാത്രമാണ് ഓരോ മാസവും വിറ്റഴിക്കുന്നത്. ഏതാണന്നല്ലേ സിറോസ് എന്ന കോംപാക്‌ട് എസ്‌യുവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. മിടുക്കനാണെങ്കിലും എന്തുകൊണ്ടോ ആളുകൾക്ക് സിറോസിനോട് അത്ര പ്രിയമല്ലാതെ മാറിയിരിക്കുകയാണ്.
5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ്, ബോക്‌സി ഡിസൈൻ, മോഡേൺ ഫീച്ചറുകൾ, ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം ഉണ്ടായിട്ടും കിയ സിറോസിന്റെ വിൽപ്പന താഴേക്ക് പൊയ്ക്കോണ്ടിരിക്കുന്നത് തികച്ചും നിരാശാജനകമാണ്. പല ആഡംബര കാറുകളിലും മാത്രം കണ്ടിരുന്ന ഫീച്ചറുകളെല്ലാം ചെറിയ വിലയ്ക്ക് എത്തിക്കാൻ ഈ മോഡലിലൂടെ കിയയ്ക്ക് സാധിക്കുകയും ചെയ്‌തിരുന്നു.

2026 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സിറോസിന്റെ 554 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാനായിട്ടുള്ളത്. കഴിഞ്ഞ വർഷം ഏപ്രിൽ നിരത്തിലെത്തിച്ച 4,000 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ എസ്‌യുവിയുടെ വിൽപ്പനയിൽ 86.15 ശതമാനത്തിന്റെ വമ്പൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ എല്ലാം ലഭിക്കുന്നൊരു സ്പോർട് യൂട്ടിലിറ്റി വാഹനമായിട്ട് പോലും ഇത്തരത്തിലൊരു ഗതി വന്നത് തികച്ചും അപ്രതീക്ഷിതമാണ്.
എന്നിരുന്നാലും തോറ്റുപിൻമാറാൻ പിൻമാറാൻ തയാറല്ലാത്ത കിയ പുതുക്കിയ ഡിസൈൻ, പുത്തൻ വേരിയന്റ് ലൈനപ്പ്, പ്രീമിയം സവിശേഷതകളിലേക്കുള്ള മെച്ചപ്പെട്ട ആക്‌സസിബിലിറ്റി എന്നിവയോടെ സിറോസിന്റെ 2026 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 8.39 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കോംപാക്‌ട് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്. HTE, HTE(O), HTK+(O), HTX(O) എന്നീ പുതിയ വകഭേദങ്ങളും വാഹനത്തിലേക്ക് വന്നെത്തിയിട്ടുണ്ട്.

അടിസ്ഥാന രൂപം അതേപടി നിലനിർത്തിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും മെച്ചപ്പെടുത്തലുകളോടെ സിറോസിനെ കൂടുതൽ മൊഞ്ചനാക്കിയിട്ടുണ്ടെന്ന് പറയാം. റീഡിസൈൻ ചെയ്ത ബമ്പർ, ബോഡി കളർ എയ്‌റോ ഇൻസേർട്ടുകൾ, എൽഇഡി ഫോഗ് ലാമ്പുകളുമായി സംയോജിപ്പിച്ച ഗ്ലോസി ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകൾ, ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകൾ, ഒആർവിഎമ്മുകൾ, ബോഡി കളർ സൈഡ് ഗാർണിഷുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതിയ പരിഷ്ക്കാരങ്ങൾ.
ടോപ്പ് HTX, HTX(O) ട്രിമ്മുകൾ ഇപ്പോൾ നിയോൺ ബ്രേക്ക് കാലിപ്പറുകളുള്ള പുതിയ 17 ഇഞ്ച് ക്രിസ്റ്റൽ-കട്ട് അലോയ് വീലുകളിലാണ് എത്തുന്നത്. മാഗ്മ റെഡ്, ഐവറി സിൽവർ മാറ്റ്, ഐവറി സിൽവർ ഗ്ലോസ് എന്നിവയുൾപ്പെടെ പുതിയ കളർ ഓപ്ഷനുകളും എസ്‌യുവിയിലേക്ക് വന്നെത്തിയിട്ടുണ്ട്. ഇന്റീരിയറിൽ ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റേഷൻ, കണക്റ്റഡ് നാവിഗേഷൻ എന്നിവ സംയോജിപ്പിക്കുന്ന 30 ഇഞ്ച് വലിയ പനോരമിക് ഡിസ്പ്ലേ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്.

ഒപ്പം ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, 60:40 സ്പ്ലിറ്റ് കോൺഫിഗറേഷനോടുകൂടിയ സ്ലൈഡിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റുകൾ എന്നിവയും 2026 കിയ സിറോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് പുറമെ സിറോസിന്റെ ഇവി പതിപ്പും വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇപ്പോൾ.
ഇതിന്റെ ഭാഗമായുള്ള അണിയറ പ്രവർത്തനങ്ങളെല്ലാം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ടാറ്റ നെക്‌സോൺ ഇവി പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടുവാനായി മോഡൽ ഈ വർഷം ഓഗസ്റ്റിൽ സിറോസ് ഇവി വിപണിയിലെത്തുമെന്ന വിവരം ഓട്ടോകാർ ഇന്ത്യയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നെക്‌സോൺ ഇവിക്ക് പുറമെ മഹീന്ദ്ര XUV 3XO ഇവിക്കും സിറോസിന്റെ വരവ് തലവേദനയാവും. എന്തായാലും കിയ ഇന്ത്യയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ ഇവിയായിരിക്കും ഇതെന്നതിനാൽ വലിയ തോതിൽ ഹൈപ്പുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications