എന്തൊരു മിടുക്കനാ... പക്ഷേ അധോഗതിയിലായി കിയ എസ്‌യുവിയുടെ വിൽപ്പന, കഴിഞ്ഞ മാസം 88 ശതമാനത്തിൻ്റെ നഷ്‌ടം
ഒരു പരീക്ഷണമെന്ന രീതിയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യയിലേക്ക് എത്തിച്ച കോംപാക്‌ട് എസ്‌യുവിയായിരുന്നു സിറോസ് (Kia Syros Compact SUV). ടോൾബോയ് സ്പോർട് യൂട്ടിലിറ്റി വാഹനമായി പണികഴിപ്പിച്ച മോഡൽ ഫീച്ചറുകളിലൂടെയാണ് ഞെട്ടിച്ചത്. അതും ഇതിൻ്റെ വിലയുള്ള മറ്റൊരു മോഡലിലും കാണാത്തത്ര സംഭവങ്ങൾ കുത്തിനിറച്ചായിരുന്നു സിറോസ് എത്തിയത്. അതിനാൽ വാനോളം പ്രതീക്ഷകളുമായിരുന്നു കിയക്കുണ്ടായിരുന്നത്. പല ആഡംബര കാറുകളിലും മാത്രം കണ്ടിരുന്ന ഫീച്ചറുകളെല്ലാം ചെറിയ വിലയ്ക്ക് എത്തിക്കാൻ ഈ മോഡലിലൂടെ കിയയ്ക്ക് സാധിച്ചിരുന്നത് തന്നെയാണ് അതിൻ്റെ കാരണവും.
തുടക്കകാലത്ത് പലരും സിറോസ് വാങ്ങാനായി ഷോറൂമുകളിൽ എത്തുന്നുണ്ടായിരുന്നു. നിലവിൽ സെഗ്മെൻ്റിലുണ്ടായിരുന്ന സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതാൻ ശേഷിയുള്ളവനായിരുന്നുവെങ്കിലും വാഹനം ഫ്ലോപ്പാവുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ലവിൽപ്പന കുത്തനെ കുറയുന്ന കാഴ്ച്ചയാണ് ഓരോ മാസത്തെയും കണക്കുകൾ വെളിപ്പെടുത്തുന്നത്. 2026 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കിയ സിറോസിന് ആകെ നേടാനായത് 662 യൂണിറ്റ് വിൽപ്പനയാണ്.

കൃത്യം ഒരു വർഷം മുമ്പ് അതായത് 2025 ഫെബ്രുവരിയിൽ നിരത്തിലെത്തിച്ച 5,425 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 88 ശതമാനത്തിൻ്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ചുരുക്കം. 5-സ്റ്റാർ സേഫ്റ്റിയും പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ സാന്നിധ്യവും ഒന്നും തന്നെ സിറോസിനെ രക്ഷിക്കാനായില്ലെന്നത് നിർഭാഗ്യകരമാണ്. നിലവിൽ തോറ്റുപിൻമാറാതെ പോരാടാൻ ഉറച്ചാണ് കിയ മുമ്പോട്ട് നീങ്ങുന്നത്.
ഇതിൻ്റെ ഭാഗമായി ഈ വർഷം ആദ്യം കിയ സിറോലിൻ്റെ പുതിയൊരു വാല്യു ഫോർ മണി വേരിയൻ്റും വിപണനത്തിന് എത്തിയിരുന്നു. HTK (EX) എന്നുപേരിട്ടിരിക്കുന്ന പുതിയ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. HTK (EX) പെട്രോൾ വേരിയൻ്റിന് ഇന്ത്യയിൽ 9.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരുന്നത്. അതേസമയം HTK (EX) ഡീസൽ പതിപ്പിന് 10.63 ലക്ഷം രൂപയും വേണ്ടി വരും.

സിറോസിലെ നിലവിലുള്ള HTK (O) ഓപ്ഷന് മുകളിലാണ് പുത്തൻ വേരിയൻ്റ് ഇടംപിടിക്കുന്നത്. നിരവധി പ്രീമിയം സ്റ്റൈലിംഗും സൗകര്യപ്രദമായ അപ്‌ഗ്രേഡുകളും മോഡലിൽ അവതരിപ്പിച്ചാണ് കിയ ഇതിനെ ആകർഷമാക്കുന്നത്. ഇതുകൂടാതെ HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ വേരിയൻ്റുകളിലും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ കോംപാക്‌ട് എസ്‌യുവി തെരഞ്ഞെടുക്കാനാവുന്നതാണ്.
നിലവിൽ 8.67 ലക്ഷം മുതൽ 15.94 ലക്ഷം രൂപ വരെയാണ് കിയ സിറോസ് ശ്രേണിക്ക് വരുന്ന എക്സ്ഷോറൂം വില. കിയയുടെ K1 പ്ലാറ്റ്‌ഫോമിൽ നിർമിച്ച സിറോസ് കാഴ്ച്ചയിലെ വ്യത്യസ്‌തതയ്ക്ക് പുറമെ ഫീച്ചറുകളുടെ കാര്യത്തിലും കൊമ്പനാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്ന 30 ഇഞ്ച് പനോരമിക് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകളെല്ലാം എസ്‌യുവിയിൽ ലഭിക്കുന്നതാണ്.

കഴിഞ്ഞില്ല, ഇതുകൂടാതെ മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ, സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എഞ്ചിൻ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ, യുഎസ്ബി സി കണക്ഷനുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് കിയ സിറോസിലെ പ്രധാന ഫീച്ചറുകൾ. ഇതിനകം തന്നെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയുട്ടുള്ളതിനാൽ സുരക്ഷിതമായി ഇവനിൽ യാത്ര ചെയ്യാനും സാധിക്കും.
ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി 16 അഡാപ്റ്റീവ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലെവൽ 2 സാങ്കേതികവിദ്യയും കിയ സിറോസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതൊരു ഓപ്ഷണൽ എക്സ്ട്രയായി അവതരിപ്പിച്ചിരിക്കുന്നതിനാൽ ADAS വേണമെന്നുള്ളവർക്ക് എക്സ്ഷോറൂം വിലയിൽ നിന്നും അധികമായി 80,000 രൂപ മുടക്കേണ്ടി വരും.
1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് സിറോസിൻ്റെ ഹൃദയം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെയുള്ള ട്രാൻസ്മിഷൻ നിരയും ഈ കോംപാക്‌ട് എസ്‌യുവിയിൽ തെരഞ്ഞെടുക്കാം. പെട്രോൾ മാനുവൽ ലിറ്ററിന് 18.2 KM മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ ഡിസിടി പതിപ്പുകളിൽ 17.68 KM ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 KM, ഡീസൽ ഓട്ടോമാറ്റിക്കിന് 17.65 KM മൈലേജുമുണ്ട്.


Click it and Unblock the Notifications








