അയ്യായിരത്തിൽ നിന്നും 275 യൂണിറ്റിലേക്ക്, തകർന്ന് വീണ് 5-സ്റ്റാർ സേഫ്റ്റിയും ചെറിയ വിലയുമുള്ള കിയ എസ്‌യുവി
സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നീ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിൽ കുടിയേറിപ്പാർത്തവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഇന്നും ഈ മോഡലുകളുടെ വിൽപ്പനയിലൂടെ മുമ്പോട്ട് കുതിക്കുന്ന ബ്രാൻഡിന് പക്ഷേ ഒരു സങ്കടമുണ്ട്. മറ്റൊന്നുമല്ല, മിടുക്കനായ തങ്ങളുടെ സിറോസ് എന്ന കോംപാക്‌ട് എസ്‌യുവി വാങ്ങാൻ അധികമാരും ഷോറൂമിലെത്തുന്നില്ല എന്നതാണ് കിയയുടെ ഇപ്പോഴത്തെ വിഷമം. ഒരു പരീക്ഷണമെന്ന പോലെയാണ് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലേക്ക് ടോൾബോയ് സ്പോർട് യൂട്ടിലിറ്റി വാഹനമായി സിറോസ് അവതരിപ്പിക്കുന്നത്. നിലവിൽ സെഗ്മെൻ്റിലുണ്ടായിരുന്ന സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതാൻ ശേഷിയുള്ളവനായിരുന്നുവെങ്കിലും വാഹനം ഫ്ലോപ്പാവുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്.
പല ആഡംബര കാറുകളിലും മാത്രം കണ്ടിരുന്ന ഫീച്ചറുകളെല്ലാം ചെറിയ വിലയ്ക്ക് എത്തിക്കാൻ ഈ മോഡലിലൂടെ കിയയ്ക്ക് സാധിച്ചിരുന്നു. അങ്ങനെ തുടക്കകാലത്ത് പലരും സിറോസ് വാങ്ങാനായി ഷോറൂമുകളിൽ എത്തുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ 2026 കലണ്ടർ വർഷത്തിലെ ആദ്യ മാസമായ ജനുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കണ്ണീരിലാഴ്ത്തുന്ന നഷ്ടമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന് നേടാനായിരിക്കുന്നത്.

അതായത് കഴിഞ്ഞ മാസം കിയ സിറോസിൻ്റെ 275 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. അതേസമയം കഴിഞ്ഞ വർഷം ജനുവരിയിൽ എസ്‌യുവിയുടെ 5,546 യൂണിറ്റുകൾ നിരത്തിലെത്തിയിരുന്നു. വാർഷിക വിൽപ്പന കണക്ക് നോക്കിയാൽ ഒറ്റ വർഷംകൊണ്ട് വിൽപ്പനയിൽ 95.04 ശതമാനത്തിൻ്റെ വലിയ നഷ്‌ടമാണ് സിറോസിന് നേരിടേണ്ടി വന്നത് എന്ന കാര്യം കിയയെ ആശങ്കപ്പെടുന്നുണ്ടാവും. 5-സ്റ്റാർ സേഫ്റ്റിയും പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ സാന്നിധ്യവും ഒന്നും തന്നെ സിറോസിനെ രക്ഷിക്കാനായില്ലെന്നതാണ് സത്യം.
എന്തായാലും തോറ്റ് പിൻമാറാൻ കിയ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ നീക്കങ്ങളിലൂടെ സിറോസിനെ ജനകീയനാക്കുവാനായുള്ള തീവ്രപരിശ്രമത്തിലാണ് ബ്രാൻഡ്. അതിൻ്റെ ഭാഗമായി ജനുവരിയിൽ എസ്‌യുവിയുടെ പുതിയൊരു വാല്യു ഫോർ മണി വേരിയൻ്റും വിപണനത്തിന് എത്തിയിരുന്നു. HTK (EX) എന്നുപേരിട്ടിരിക്കുന്ന പുതിയ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാക്കിയതും ശ്രദ്ധേയമായിട്ടുണ്ട്.

പുതിയ സിറോസ് HTK (EX) പെട്രോൾ വേരിയൻ്റിന് ഇന്ത്യയിൽ 9.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരുന്നത്. അതേസമയം HTK (EX) ഡീസൽ പതിപ്പിന് 10.63 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള HTK (O) ഓപ്ഷന് മുകളിലാണ് പുത്തൻ വേരിയൻ്റ് ഇടംപിടിക്കുന്നത്. നിരവധി പ്രീമിയം സ്റ്റൈലിംഗും സൗകര്യപ്രദമായ അപ്‌ഗ്രേഡുകളും മോഡലിൽ അവതരിപ്പിച്ചാണ് കിയ ഇതിനെ ആകർഷമാക്കുന്നത്.
എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമാണ് എസ്‌യുവിയുടെ പുറംമോടിയിൽ അധികമായി കൊടുത്തിരിക്കുന്നത്. പുതിയ കിയ സിറോസ് HTK (EX) വേരിയൻ്റിൻ്റെ ഇൻ്റീരിയറിൽ ഇലക്ട്രിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, സെൻസറുകളുള്ള ഒരു റിയർ പാർക്കിംഗ് ക്യാമറ എന്നിവ പോലുള്ള ഫീച്ചറുകളും ലഭിക്കുന്നതാണ്.

ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള കിയ സിറോസ് 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെൻ്റ് എന്നിവ ഉൾപ്പെടുന്ന സേഫ്റ്റി ഫീച്ചറുകളും അവതരിപ്പിക്കുന്നുണ്ട്. 20-ലധികം സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളാണ് കോംപാക്‌ട് എസ്‌യുവിയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് സിറോസിൻ്റെ ഹൃദയം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെയുള്ള ട്രാൻസ്മിഷൻ നിരയും ഈ കോംപാക്‌ട് എസ്‌യുവിയിൽ തെരഞ്ഞെടുക്കാം. പെട്രോൾ മാനുവൽ ലിറ്ററിന് 18.2 KM മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ ഡിസിടി പതിപ്പുകളിൽ 17.68 KM ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 KM, ഡീസൽ ഓട്ടോമാറ്റിക്കിന് 17.65 KM മൈലേജുമുണ്ട്.


Click it and Unblock the Notifications








