വില കുറച്ച് പുത്തൻ മോഡൽ എത്തിയതോടെ കിയ എസ്‌യുവിയുടെ കച്ചോടം കൂടി, 5-സ്റ്റാർ സേഫ്റ്റിയും വില 8.39 ലക്ഷവും
സെൽറ്റോസ്, സോനെറ്റ്, കാരെൻസ് ക്ലാവിസ് എന്നിങ്ങനെ നല്ല നല്ല മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ നിറഞ്ഞാടുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഈ മോഡലുകളുടെ വിൽപ്പനക്കിടയിലും മിടുക്കനായൊരു വാഹനത്തിന്റെ വിൽപ്പന അമ്പേ പരാജയപ്പെട്ടു പോയതിന്റെ സങ്കടത്തിലായിരുന്നു കമ്പനി. മറ്റാരുമല്ല, സിറോസ് എന്ന കോംപാക്‌ട് എസ്‌യുവിയാണ് കുറച്ചുകാലമായി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് കെട്ടിക്കിടക്കുന്നത്. പക്ഷേ തോറ്റുപിൻമാറാൻ തയാറല്ലാത്ത കിയ അടുത്തിടെ സിറോസിന്റെ പുതിയ 2026 മോഡലുമായി വിപണിയിലെത്തിയിരുന്നു. ഇതിന് ശേഷം ഷോറൂമിൽ വാഹനം തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്.
പുതുക്കിയ ഡിസൈൻ, പുത്തൻ വേരിയന്റ് ലൈനപ്പ്, പ്രീമിയം സവിശേഷതകളിലേക്കുള്ള മെച്ചപ്പെട്ട ആക്‌സസിബിലിറ്റി എന്നിവയോടെ സിറോസിന്റെ അപ്‌ഡേറ്റ് ചെയ്‌ത 2026 മോഡൽ എത്തിയതോടെ ഇക്കഴിഞ്ഞ മെയ് മാസത്തെ വിൽപ്പനയിൽ കാര്യമായ വർധനവുണ്ടായിരിക്കുകയാണ്. പോയ 31 ദിവസത്തിൽ എസ്‌യുവിയുടെ 961 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്.

2025 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ കിയ സിറോസിന് 73.47 ശതമാനത്തിന്റെ വർധനവാണ് സംഭവിച്ചിരിക്കുന്നത്. വില കുറച്ചത് വലിയ തോതിൽ ഇംപാക്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ 8.39 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കോംപാക്‌ട് എസ്‌യുവി വാങ്ങിക്കാനാവുന്നത്. ഡിസൈനിലും കൊച്ചുകൊച്ചു മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്.
അടിസ്ഥാന രൂപം അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും ചില പ്രത്യേക മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും സിറോസിലേക്ക് നടപ്പിലാക്കിയിരിക്കുന്നത്. മുൻവശത്തിന് കൂടുതൽ സ്‌പോർട്ടി ലുക്ക് സമ്മാനിക്കാൻ റീഡിസൈൻ ചെയ്ത ബമ്പർ, ബോഡി കളർ എയ്‌റോ ഇൻസേർട്ടുകൾ, എൽഇഡി ഫോഗ് ലാമ്പുകളുമായി സംയോജിപ്പിച്ച ഗ്ലോസി ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകൾ എന്നിവ എസ്‌യുവിയിൽ ഇപ്പോൾ കൊടുത്തിട്ടുണ്ട്. ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകൾ, ഒആർവിഎമ്മുകൾ, ബോഡി കളർ സൈഡ് ഗാർണിഷുകൾ എന്നിവയിലൂടെ സൈഡും മോടിയാക്കിയിട്ടുണ്ട് ഇത്തവണ.

മാഗ്മ റെഡ്, ഐവറി സിൽവർ മാറ്റ്, ഐവറി സിൽവർ ഗ്ലോസ് എന്നിവയുൾപ്പെടെ പുതിയ കളർ ഓപ്ഷനുകളും 2026 മോഡൽ സിറോസിലേക്ക് കിയ ചേർത്തിട്ടുണ്ട്. ഇനി ഇന്റിരീയറിലേക്ക് വന്നാൽ ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റേഷൻ, കണക്റ്റഡ് നാവിഗേഷൻ എന്നിവ സംയോജിപ്പിക്കുന്ന 30 ഇഞ്ച് വലിയ പനോരമിക് ഡിസ്പ്ലേ സജ്ജീകരണം, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ എന്നിവയും 2026 കിയ സിറോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
60:40 സ്പ്ലിറ്റ് കോൺഫിഗറേഷനോടുകൂടിയ സ്ലൈഡിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റുകൾ ഇപ്പോഴും എസ്‌യുവിയിലുണ്ട്. ഈ സെഗ്മെന്റിൽ വേറൊരു മോഡലിലും ഈ ഫീച്ചർ ലഭ്യമല്ല. 80-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, OTA അപ്‌ഡേറ്റുകൾ, കിയ കണക്റ്റ് ഡയഗ്നോസ്റ്റിക്സ് എന്നിവയും പുതുമോഡലിലുണ്ട്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് സിറോസിൻ്റെ ഹൃദയം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെയുള്ള ട്രാൻസ്മിഷൻ നിരയും ഈ കോംപാക്‌ട് എസ്‌യുവിയിൽ തെരഞ്ഞെടുക്കാം.

പെട്രോൾ മാനുവൽ ലിറ്ററിന് 18.2 KM മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ ഡിസിടി പതിപ്പുകളിൽ 17.68 KM ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 KM, ഡീസൽ ഓട്ടോമാറ്റിക്കിന് 17.65 KM മൈലേജുമുണ്ട്. ഇനി അടുത്തതായി സിറോസിന്റെ ഇവി പതിപ്പും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കിയ ഇന്ത്യ. നിലവിൽ സിറോസ് പണികഴിപ്പിച്ചിരിക്കുന്ന അതേ K1 പ്ലാറ്റ്‌ഫോമാൽ തന്നെയായിരിക്കും കിയ സിറോസ് ഇവിയും ഉപയോഗിക്കുക.
അന്താരാഷ്ട്രതലത്തിൽ 42 kWh ഉം 49 kWh ബാറ്ററി പായ്ക്കുകൾ ലഭിക്കുന്ന ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയും K1 പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ സിറോസ് ഇവിയും സമാനമായ ശേഷിയുള്ള ബാറ്ററി പായ്ക്കുകളുമായി വരാനാണ് സാധ്യത. സിംഗിൾ ചാർജിൽ ഏകദേശം 500 KM റേഞ്ചിന് മുകളിൽ വാഗ്ദാനം ചെയ്യാനും ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കുമെന്ന് കരുതാം. കിയ സിറോസ് ഇവിക്ക് പ്രതീക്ഷിക്കുന്ന വില 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്. ഈ വർഷം ഓഗസ്റ്റിൽ സിറോസ് ഇവി വിപണിയിലെത്തുമെന്നാണ് വിവരം.


Click it and Unblock the Notifications