കാറുകൾക്ക് 8 വർഷം അല്ലെങ്കിൽ 2 ലക്ഷം KM വരെ വാറണ്ടി! മാരുതിയെ വരെ ഞെട്ടിച്ച് ടൊയോട്ടയുടെ വിളംബരം
ടൊയോട്ടയുടെ ലക്ഷ്വറി കാർ വിഭാഗമായ ലെക്‌സസ് ഇന്ത്യയിലും വെന്നിക്കൊടി പാറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ജർമൻ എതിരാളികളായ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു പോലുള്ളവയോട് കിടപിടിക്കാൻ പാകത്തിനുള്ള വിൽപ്പന കണക്കുകളൊന്നും ഇവർക്ക് അവകാശപ്പെടാനില്ല. എന്നാൽ വാങ്ങിയവരാരും ഇതേവരെ കുറ്റങ്ങളോ കുറവുകളോ പരിഭവങ്ങളോയില്ലാതെ ഹാപ്പിയായിട്ടാവും ഓടിച്ചുകൊണ്ടുനടക്കുന്നത്. ഒപ്പം ഈ ലക്ഷ്വറി ബ്രാൻഡുകളുടെ കാറുകളേക്കാൾ വളരെ തുച്ഛമായ മെയന്റനെൻസ് കോസ്റ്റ് കൂടിയാവുമ്പോൾ ലെക്‌സസിന് പകരം വെക്കാൻ അത്ര എളുപ്പമായെന്ന് വരില്ല. ഇപ്പോഴിതാ ആഡംബര കാർ വിഭാഗത്തിൽ സമാനതകളില്ലാത്തൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബ്രാൻഡ്.
2026 ഏപ്രിൽ 1 മുതൽ വിൽക്കുന്ന എല്ലാ പുതിയ മോഡലുകൾക്കും സ്റ്റാൻഡേർഡ് വാറണ്ടി 8 വർഷമായി അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്ററായി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനമാണ് ലെക്സസ് ഇന്ത്യയിൽ നിന്നുമുണ്ടായിരിക്കുന്നത്. ഇതോടെ ലക്ഷ്വറി കാർ വിഭാഗത്തിൽ ഇത്രയും സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയായും ലെക്‌സസ് മാറി. മെച്ചപ്പെട്ട വാറണ്ടി ഉറപ്പുനൽകുന്ന ഓണർഷിപ്പ് എക്‌സ്പീരിയൻസ് നൽകുന്നതിൽ ലെക്സസ് ഇന്ത്യയുടെ തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

2017-ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ലെക്‌സസ് നിലവിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ 8 വർഷത്തെ അല്ലെങ്കിൽ 2,00,000 കിലോമീറ്റർ വാറണ്ടി ഇന്ത്യയിലെ മുഴുവൻ ലെക്സസ് മോഡൽ ശ്രേണിയിലും അധിക ചെലവില്ലാതെ ലഭ്യമാവുന്നതായിരിക്കും. ഇതോടൊപ്പം കസ്റ്റമൈസ് ചെയ്‌ത ഫിനാൻഷ്യൽ സൊലൂഷനുകൾ, ലെക്സസ് ലക്ഷ്വറി കെയർ പാക്കേജുകൾ, ഇൻഷുറൻസ് സർവീസുകൾ, റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവയുൾപ്പെടെയുള്ള ഉടമസ്ഥാവകാശ ആനുകൂല്യങ്ങളുടെ വമ്പൻ ശേഖരവും ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്.
NX, RX, LX എസ്‌യുവികൾ, ES സെഡാൻ, LM എംപിവി എന്നിങ്ങനെ അഞ്ചോളം മോഡലുകളാണ് നിലവിൽ ലെക്‌സസ് ഇന്ത്യയുടെ ലൈനപ്പിലുള്ളത്. ഇതിൽ ഏറ്റവും പുതുതായി അവതരിപ്പിച്ച മോഡലാണ് ES ഇലക്ട്രിക് സെഡാൻ. 89.99 ലക്ഷം രൂപ വില വരുന്ന ഇവി ടൊയോട്ട കാമ്രി പണികഴിപ്പിച്ചിരിക്കുന്ന അതേ TNGA-K പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. 74.69 kWh ബാറ്ററി പായ്ക്കുമായി വരുന്ന കാറിന് ഫുൾ ചാർജിൽ 444 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

പെർഫോമസ് കണക്കുകളിലേക്ക് നോക്കിയാൽ 343 bhp പവർ ഉത്പാദിപ്പിക്കുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണവുമാണ് ബാറ്ററിയുമായി ജോടിയാക്കിയിരിക്കുന്നത്. ES 500e ഇവിയിൽ 11kWh AC ഹോം ചാർജറും ലെക്സസ് വാഗ്ദാനം ചെയ്യുന്നണ്ട്. 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മാർക്ക് ലെവിൻസൺ പ്രീമിയം ഓഡിയോ സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളോടെയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.
ഇന്റഗ്രേറ്റഡ് ടെമ്പറേച്ചർ അഡ്ജസ്റ്റ്‌മെന്റുകൾ, മെമ്മറി ഫംഗ്‌ഷനുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, മസാജിംഗ് റിയർ സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർ-ഓപ്പറേറ്റഡ് ബൂട്ട്‌ലിഡ് തുടങ്ങിയ അടിപൊളി ഫീച്ചറുകളും 2026 ലെക്‌സസ് ES ഇലക്ട്രിക് കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 എയർബാഗുകൾ, സറൗണ്ട്-വ്യൂ ക്യാമറകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓൾ-റൗണ്ട് പാർക്കിംഗ് സെൻസറുകൾ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ലഭ്യമാണ്.

കൂടാതെ റഡാർ-ഗൈഡഡ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, കൊളീഷൻ വാണിംഗ് ആൻഡ് മിറ്റിഗേഷൻ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ഹൈ-ബീം അസിസ്റ്റ്, ഡ്രൈവർ ഡ്രൌസിനെസ് മോണിറ്റർ എന്നിവയുൾപ്പെടെയുള്ള അധിക സുരക്ഷാ സവിശേഷതകളും ലെക്‌സസിന്റെ പുത്തൻ ഇലക്ട്രിക് സെഡാന്റെ ഭാഗമാണ്. വലിപ്പത്തിലും യാത്രാസുഖത്തിലും കിടിലമായിരിക്കും പുതിയ ഇവി.
മൊത്തത്തിൽ 5,145 മില്ലീമീറ്റർ നീളം 1,920 മില്ലീമീറ്റർ വീതി, 1,575 മില്ലീമീറ്റർ ഉയരം, 2,950 മില്ലീമീറ്റർ വീൽബേസ്, 158 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ന്യൂജെൻ ലെക്‌സസ് ES സെഡാനുള്ളതെന്നാണ് കമ്പനി പറയുന്നത്. ഡിസൈനിലായാലും ആരും മോഹിക്കുന്ന വിധത്തിൽ ലെക്‌സസിന്റെ പ്രൊവോക്കേറ്റീവ് സിംപ്ലിസിറ്റി ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications