നിർമിക്കുന്നത് ഇന്ത്യയിൽ, വിൽക്കുന്നത് യൂറോപ്പിൽ! മെയ്‌ഡ് ഇൻ ഇന്ത്യ എസ്‌യുവിയുടെ ഡിമാൻ്റിൽ കണ്ണുതള്ളി മാരുതി
ഇന്ത്യയിൽ തന്നെ നിർമിക്കുന്ന വാഹനങ്ങൾ ഇന്ത്യൻ വാഹന വിപണിയിൽ പുറത്തിറക്കാതെ കൊതിപ്പിക്കാൻ പ്രത്യേക കഴിവുള്ളവരാണ് മാരുതി സുസുക്കി. നേരത്തെ വിദേശ വിപണികൾക്കായുള്ള ജിംനി ഇവിടെ നിർമിച്ച് വണ്ടിഭ്രാന്തൻമാരെ ഏറെ കൊതിപ്പിച്ചിട്ടുള്ളവരാണ് മാരുതി. അതുപോലെ തന്നെ ഇപ്പോൾ തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയും ഇവിടെ നിർമിച്ച് വിദേശത്തേക്ക് മാത്രം കയറ്റിയയക്കുകയാണ് ബ്രാൻഡ്. ഇ വിറ്റാര കാണിച്ച് കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കാലം ഇമ്മിണിയായിട്ടുണ്ട്. ഇതുവരെ നമ്മുടെ നിരത്തിലിറക്കാൻ പക്ഷേ കമ്പനിക്ക് സമയമായിട്ടില്ലെന്ന് വേണം കരുതാൻ. അടുത്തിടെ രാജ്യത്ത് പ്രദർശിപ്പിച്ചുവെങ്കിലും ലോഞ്ച് തീയതിയൊന്നും മാരുതി പുറത്തുവിട്ടിട്ടില്ല.
2025 ഓഗസ്റ്റ് മുതൽ ബ്രാൻഡിൻ്റെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത കമ്പനിയുടെ ഗുജറാത്തിലെ ഹൻസൽപൂരിലെ നിർമാണ കേന്ദ്രത്തിലാണ് ഇവി പൂർണമായും നിർമിക്കുന്നത്. യുകെ പോലുള്ള യൂറോപ്യൻ വിപണിക്കായാണ് നിലവിൽ വൈദ്യുത എസ്‌യുവി കൂടുതലായും കയറ്റുമതി ചെയ്യുന്നത്.

കയറ്റുമതി പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ഇ വിറ്റാരയുടെ 13,000-ത്തിലധികം യൂണിറ്റ് ഇതിനകം 29 രാജ്യങ്ങളിലേക്ക് മാരുതി സുസുക്കി കയറ്റുമതി ചെയ്തിട്ടുണ്ട്. 5-ഡോർ ജിംനിയാണ് നിലവിൽ സുസുക്കി ഏറ്റവും കൂടുതൽ കയറ്റിയയക്കുന്ന മോഡൽ. 2025 കലണ്ടർ വർഷത്തിൽ 3.95 ലക്ഷം വാഹനങ്ങളാണ് കമ്പനി കയറ്റുമതി ചെയ്‌തിരിക്കുന്നത്. ഇത് എക്കാലത്തെയും ഉയർന്ന വാർഷിക കയറ്റുമതി പ്രകടനത്തിലേക്ക് നയിക്കുകയും ചെയ്‌തിട്ടുണ്ട്.
2024 വർഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിലധികം വളർച്ചയാണ് കയറ്റുമതി മേഖലയിൽ നിന്നും മാരുതി സുസുക്കി നേടിയെടുത്തിരിക്കുന്നത്. എന്തായാലും ഇ വിറ്റാരയുടെ വരവ് മാരുതിക്ക് ഗുണമാവുമെന്നതിൽ സംശയമൊന്നും വേണ്ട. മാരുതി സുസുക്കി EVX കൺസെപ്റ്റിൽ നിന്നാണ് ഇ വിറ്റാരയുടെ ഡിസൈൻ ഉരുത്തിരിഞ്ഞിരിക്കുന്നത്. കൺസെപ്റ്റ് കാറിൻ്റെ ഡിസൈൻ ഭൂരിഭാഗവും പ്രൊഡക്ഷൻ വാഹനത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.

എസ്‌യുവിക്ക് വൈ ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള ആംഗുലർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് ലഭിക്കുന്നത്. അതേസമയം വീൽ ആർച്ചുകൾക്ക് ചുറ്റും, ഫ്രണ്ട്, റിയർ ബമ്പറുകൾ, ഡോറുകളുടെ അടിവശം എന്നിവിടങ്ങളിൽ ക്ലാഡിംഗിന്റെ വിപുലമായ ഉപയോഗവും കാണാം. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ചെറിയ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ വരെയാണ് റേഞ്ച് നൽകുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 142 bhp പവറിൽ പരമാവധി 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് ഈ ബാറ്ററി പായ്ക്ക് വേരിയന്റുകൾ വരുന്നത്. മാരുതി സുസുക്കി ഇ വിറ്റാരയിലെ 61 kWh ബാറ്ററി മോഡലുകൾ FWD, AWD ഓപ്ഷനുകളിൽ ലഭ്യമാണ്. FWD വേരിയന്റ് പൂർണ ചാർജിൽ 426 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് വിവരം.

ഈ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ ഇലക്ട്രിക് മോട്ടോർ 171 bhp പവറിൽ 193 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്. മറുവശത്ത് ഡ്യുവൽ ഇലക്ട്രിക് മോട്ടോറുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി 181 bhp കരുത്തിൽ 307 Nm ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്. ഈ വേരിയന്റിലെ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 395 കിലോമീറ്റർ വരെ മാത്രമാണ് റേഞ്ച് വാഗ്‌ദാനം ചെയ്യുക. 49 kWh ബാറ്ററി പായ്ക്കിന് 7 kW AC ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറിനുള്ളിൽ 10-100 ശതമാനം ചാർജ് ചെയ്യാൻ കഴിയും.
മറുവശത്ത് 11 kW AC ചാർജർ ഉപയോഗിക്കുകയാണെങ്കിൽ മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവി വെറും 4.5 മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ചെയ്യാം. 4,275 മില്ലീമീറ്റർ നീളവും, 1,800 മില്ലീമീറ്റർ വീതിയും, 1,640 മില്ലീമീറ്റർ ഉയരവും, 2,700 മില്ലീമീറ്റർ വീൽബേസുമാണ് ഈ വാഹനത്തിനുള്ളത്. 180 മില്ലീമീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. എന്തായാലും ഈ വർഷം തന്നെ ഇവിയെ ഇന്ത്യൻ നിരത്തുകളിൽ കാണാനാവുമെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.


Click it and Unblock the Notifications








