വിദേശത്തും വിലസാൻ മെയ്‌ഡ് ഇൻ ഇന്ത്യ ഡസ്റ്റർ, ന്യൂജെൻ എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ച് റെനോ
എസ്‌യുവികളെ ഇന്ത്യക്കാർക്കിടയിൽ പ്രിയങ്കരമാക്കിയത് ആരെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് ഡസ്റ്റർ. അവതാരപ്പിറവി പൂർണതയിലെത്താതെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയിരുന്നുവെങ്കിലും ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് മനസിലാക്കിയ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ന്യൂജെൻ വേഷത്തിൽ ഡസ്റ്ററിനെ അടുത്തിടെ തിരികെയെത്തിക്കുകയുണ്ടായി. നിർത്തിപ്പോയപ്പോഴുണ്ടായിരുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ എതിരാളികളേയല്ല തിരിച്ചുവരവിൽ ഡസ്റ്റർ നേരിടേണ്ടി വന്നത് എങ്കിലും തരക്കേടില്ലാത്ത രീതിയിൽ പിടിച്ചുനിൽക്കാൻ ആശാന് സാധിക്കുന്നുണ്ട്. ഇന്ത്യക്കാരെ ഹാപ്പിയാക്കിയതിന് പിന്നാലെ ഇപ്പോഴിതാ വിദേശികളുടെ ഇടയിലും ആരവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഡസ്റ്റർ.
ഇതിന്റെ ഭാഗമായി മെയ്‌ഡ് ഇന്ത്യ ഡസ്റ്റർ എസ്‌യുവിയുടെ കയറ്റുമതിയും ആരംഭിച്ചിരിക്കുകയാണ് റെനോ. പുതിയ ഡസ്റ്ററിന്റെ 750 യൂണിറ്റുകൾ അടങ്ങിയ ആദ്യ ബാച്ച് ചെന്നൈ തുറമുഖത്ത് നിന്ന് ദക്ഷിണാഫ്രിക്കയിലേക്കാണ് കയറ്റിയയച്ചിരിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതി ആരംഭിക്കുമെന്ന് റെനോ സ്ഥിരീകരിച്ചിട്ടുമുണ്ട്. റെനോ ഗ്രൂപ്പിന്റെ ആഗോള നിർമാണ, വിതരണ ശൃംഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

വിശാലമായ 'ഫ്യൂച്ചർറെഡി' തന്ത്രത്തിന്റെ ഭാഗമായി കമ്പനി ഇന്ത്യയിൽ പ്രാദേശിക നിർമാണം, എഞ്ചിനീയറിംഗ്, കയറ്റുമതി ശേഷികൾ എന്നിവയിൽ നിക്ഷേപം ക്രമാനുഗതമായി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്ന് വാർഷിക കയറ്റുമതിയിൽ 2 ബില്യൺ യൂറോ ഉത്പാദിപ്പിക്കുക എന്ന അഭിലാഷകരമായ ലക്ഷ്യവും റെനോ രൂപപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
റെനോ ഗ്രൂപ്പ് മോഡുലാർ പ്ലാറ്റ്‌ഫോമിൽ (RGMP) നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് പുതിയ ഡസ്റ്റർ. ഒന്നിലധികം എഞ്ചിൻ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതിനായും ഭാവി ഉൽപ്പന്ന വികസനത്തിന് കൂടുതൽ വഴക്കം നൽകുന്നതിനായുമാണ് ഈ പുതിയ ആർക്കിടെക്ചർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയിൽ 10.50 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മിഡ്-സൈസ് എസ്‌യുവി അടുത്തിടെ 5,000 യൂണിറ്റ് വിൽപ്പന നേട്ടവും കൈവരിച്ചിരുന്നു.

ഡിസൈനിലായാലും കിടിലമാക്കി പണിതെടുക്കിരിക്കുന്നതിനാൽ ആധുനിക എതിരാളികളോട് കിടപിടിക്കാൻ എളുപ്പത്തിൽ ന്യൂജെൻ റെനോ ഡസ്റ്ററിനാവുന്നുണ്ട്. സ്ട്രോംഗ് ക്യാരക്ടർ ലൈനുകളുള്ള ക്ലാംഷെൽ ബോണറ്റ്, ഗ്രില്ലിൽ ശ്രദ്ധേയമായ ഡസ്റ്റർ ലെറ്ററിംഗ്, റിഫ്ലക്ടർ ഹെഡ്‌ലാമ്പുകളുള്ള ഐബ്രോ-സ്റ്റൈൽ എൽഇഡി ഡിആർഎല്ലുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള വലിയ ലോവർ ഗ്രിൽ, 225-സെക്ഷൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയെല്ലാമാണ് എക്സ്റ്റീരിയറിലേക്ക് വശീകരിക്കുന്ന കാര്യങ്ങൾ.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവൽ-സ്‌ക്രീൻ ലേഔട്ട്, ഫൈറ്റർ-ജെറ്റ്-പ്രചോദിത ഡിസൈൻ തീം ഡാഷ്‌ബോർഡ്, പ്രീമിയം അനുഭവത്തിനായി യെല്ലോ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പനോരമിക് സൺറൂഫ്, മാപ്‌സ് സംയോജനത്തോടുകൂടിയ ബിൽറ്റ്-ഇൻ ഗൂഗിൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർഡ് സീറ്റുകൾ, 12 അൾട്രാസോണിക് സെൻസറുകൾ പിന്തുണയ്ക്കുന്ന 360-ഡിഗ്രി ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകൾ.

1.0 ലിറ്റർ ടർബോ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് റെനോ ഡസ്റ്റർ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 1.0 ലിറ്റർ ടർബോ എഞ്ചിന് 100 bhp കരുത്തിൽ 160 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.
അതേസമയം 6-സ്പീഡ് മാനുവൽ, 6-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനമുള്ള 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോയ്ക്ക് 163 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുണ്ടാവും. 1.4 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്ന 1.8 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോളിന് 160 bhp പവറിൽ പരമാവധി 172 Nm ടോർക്ക് വരെ നിർമിക്കാൻ സാധിക്കുന്നതാണ്. അതുവഴി ചെറിയ വേഗതയിൽ ഇലക്ട്രിക്-ഒൺലി മോഡിൽ പ്രവർത്തിക്കാൻ എസ്‌യുവിയെ പ്രാപ്തമാക്കുന്നു.


Click it and Unblock the Notifications