28.49 ലക്ഷത്തിൻ്റെ ഇലക്‌ട്രിക് എസ്‌യുവി 7 മിനിറ്റിൽ വിറ്റുതീർത്ത് മഹീന്ദ്ര, ഞെട്ടിച്ച് BE 6 ബാറ്റ്മാൻ എഡിഷൻ
ഇലക്ട്രിക് വാഹന വിപണിയിലെ മോശം സമയത്തിന് ശേഷം നല്ല സമയത്തിലൂടെ കടന്നുപോവുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബോൺ ഇലക്ട്രിക് എസ്‌യുവികൾ പിറവിയെടുത്തതോടെ കമ്പനിക്ക് രാശി തെളിയുകയും ചെയ്‌തു. വെറും 999 എണ്ണം മാത്രം നിർമിക്കാൻ തീരുമാനിച്ച് പുറത്തിറക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ വീണ്ടും അവതരിപ്പിച്ച് ഫാൻസിനെ സന്തോഷപ്പെടുത്തിയ മഹീന്ദ്രയ്ക്ക് അതിൻ്റെ ഇരട്ടിവേഗത്തിൽ ഹാപ്പിനെസ് തിരികെ നൽകിയിരിക്കുകയാണ് ഇന്ത്യക്കാർ. വിറ്റുതീർന്ന ഇലക്‌ട്രിക് കാർ ചോദിച്ച് ഷോറൂമുകളിൽ ആളുകളുടെ ബഹളം കൂടിയതോടെ വീണ്ടും ബാറ്റ്മാൻ എഡിഷൻ അടുത്തിടെ പുനരവതരിപ്പിച്ചിരുന്നു.
ഈ ഘട്ടത്തിലും 999 യൂണിറ്റുകൾ മാത്രം ലഭ്യമാക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ 7 മിനിറ്റിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്. 28.49 ലക്ഷം രൂപയുടെ ഇലക്‌ട്രിക് എസ്‌യുവിയാണെങ്കിൽ പോലു ഇത്രയധികം സ്വീകാര്യത ലഭിക്കണമെങ്കിൽ നിസാര റേഞ്ച് ഒന്നും പോരെന്ന് ഊഹിക്കാനാവുന്നതല്ലേയുള്ളൂ. 2026 മാർച്ച് 10 മുതൽ അതായത് ഇന്ന് ബുക്കിംഗ് തുടങ്ങിയപ്പോഴേ നീക്കിവെച്ച എല്ലാ വണ്ടികളും വിറ്റഴിഞ്ഞുപോയിരിക്കുകയാണ്.

ഇലക്ട്രിക് എസ്‌യുവിക്കായുള്ള ആദ്യ ഡെലിവറികൾ 2026 ഏപ്രിൽ 10 മുതൽ ആരംഭിക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. നിലവിലുള്ള BE 6 ബാറ്റ്മാൻ പതിപ്പ് ഉടമകൾ റഫർ ചെയ്യുന്ന ബുക്കിംഗുകൾക്ക് മുൻഗണനാ ഡെലിവറി ലഭിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. BE 6 ഇവിയുടെ ടോപ്പ്-എൻഡ് പായ്ക്ക് ത്രീ 79 kWh വേരിയൻ്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ബാറ്റ്മാൻ എഡിഷൻ വാർണർ ബ്രദേഴ്‌സ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്‌ടുമായി സഹകരിച്ചാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സാറ്റിൻ ബ്ലാക്ക് കളർ ഓപ്ഷനിൽ അണിയിച്ചൊരുക്കിയിരിക്കുന്ന BE 6 ബാറ്റ്മാൻ എഡിഷൻ്റെ ഫ്രണ്ട് ഡോറുകളിൽ കസ്റ്റമൈസ് ചെയ്‌ത ബാറ്റ്മാൻ ഡീക്കലുകൾ കാഴ്ച്ചയ്ക്ക് ഗാംഭീര്യം നൽകുന്നുണ്ട്. ഒപ്പം ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ കാണുന്നതുപോലെ ബാറ്റ് എംബ്ലം ഹബ് ക്യാപ്‌സുകളിലും ഫ്രണ്ട് ക്വാർട്ടർ പാനലുകളിലും റിയർ ബമ്പറിലും വിൻഡോകളിലും റിയർ വിൻഡ്‌ഷീൽഡിലും ഇടംപിടിച്ചിട്ടുണ്ട്. 20 ഇഞ്ച് അലോയ് വീലുകളിലാണ് എസ്‌യുവിയുള്ളത്.

BE 6 ബാറ്റ്മാൻ എഡിഷൻ്റെ സസ്പെൻഷനും ബ്രേക്കുകളും ആൽക്കെമി ഗോൾഡ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത് കേട്ടോ. ഇലക്ട്രിക് എസ്‌യുവിയുടെ ഇൻഫിനിറ്റി റൂഫിൽ ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലവും കാണാം. ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം ലോഗോ പ്രദർശിപ്പിക്കുന്ന 'നൈറ്റ് ട്രെയിൽ' കാർപെറ്റ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. ഈ ലിമിറ്റഡ് എഡിഷൻ മോഡലിൻ്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ ഇതൊക്കെയാണ്.
ഇനി ഇൻ്റീരിയറിലേക്ക് വന്നാൽ ഡാഷ്‌ബോർഡിൽ ബ്രഷ്ഡ് ആൽക്കെമി ഗോൾഡ് ബാറ്റ്മാൻ എഡിഷൻ പ്ലാക്ക്, ചാർക്കോൾ ലെതർ ഇൻസ്ട്രുമെൻ്റ് പാനൽ, ഡ്രൈവർ കോക്ക്പിറ്റിന് ചുറ്റും ബ്രഷ്ഡ് ഗോൾഡ് ഹാലോ, സ്യൂഡ് ലെതർ അപ്ഹോൾസ്റ്ററി, സീറ്റിന് ഗോൾഡ് സെപിയ ആക്സന്റ് സ്റ്റിച്ചിംഗ്, ഇൻ്റഗ്രേറ്റഡ് ദി ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം എന്നിവയെല്ലാമാണ് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ എസ്‌യുവിക്ക് പുതുമ സമ്മാനിക്കുന്നത്.
സ്റ്റിയറിംഗ് വീൽ, ഇൻ-ടച്ച് കൺട്രോളർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കസ്റ്റം കീ ഫോബ് തുടങ്ങിയ നിരവധി ഭാഗങ്ങളിൽ ഗോൾഡൻ ഫിനിഷും സമ്മാനിച്ചിട്ടുണ്ട്. കൂടാതെ ബൂസ്റ്റ് ബട്ടൺ, സീറ്റുകൾ, ഇന്റീരിയർ ലേബലുകൾ എന്നിങ്ങനെ ക്യാബിനിലെ പല സ്ഥലങ്ങളിലും മഹീന്ദ്ര ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം എംബോസ് ചെയ്തിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയിൽ ബാറ്റ്മാൻ എഡിഷൻ ബ്രാൻഡിംഗും ബാറ്റ്മാൻ എഡിഷൻ വെൽക്കം ആനിമേഷനും ഒരുക്കിവെച്ചിട്ടുണ്ടെന്നതും കണ്ണിന് കുളിർമയേകുന്ന സംഗതികളാണ്.
ഡോർ സ്ട്രാപ്പുകൾ റേസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 79 kWh ബാറ്ററി പായ്ക്കുള്ള ടോപ്പ് എൻഡ് പായ്ക്ക് 3 അടിസ്ഥാനമാക്കി പണിതിറക്കിയിരിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 282 bhp കരുത്തിൽ പരമാവധി 380 Nm torque വരെ നൽകുന്ന കഴിവുള്ള ഇലക്ട്രിക് മോട്ടോറുമാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








