ഹാരിയർ ഇവിക്ക് ലോക്കിടാൻ മഹീന്ദ്രയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി, വരവ് അടുത്ത വർഷമെന്ന് കമ്പനി
ഇലക്‌ട്രിക് വാഹന വിപണിയിലെ കൊമ്പൻമാരായ ടാറ്റ മോട്ടോർസിനെയും എംജി മോട്ടോറിനെയും തറപറ്റിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടുത്തിടെ പുറത്തിറക്കിയ ബോൺ ഇലക്ട്രിക് ത്രയങ്ങൾ വമ്പൻ ഹിറ്റായതോടെ പുതിയ മോഡലിനെ കൂടി കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ. തങ്ങളുടെ അടുത്ത ഇലക്ട്രിക് വാഹനം 2027-ൽ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മഹീന്ദ്ര ഇപ്പോൾ. 2022 ഓഗസ്റ്റ് 15-ന് ആദ്യമായി പ്രദർശിപ്പിച്ച BE.07 കൺസെപ്റ്റിൻ്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും ഇതെന്നാണ് വിവരം. ഈ വർഷം ഇവിയെ അവതരിപ്പിക്കാനായിരുന്നു ബ്രാൻഡിൻ്റെ ആദ്യ പദ്ധതിയെങ്കിലും ചില കാരണങ്ങളാൽ വൈകുകയായിരുന്നു.
12 മാസത്തിനുള്ളിൽ തുടർച്ചയായി നാല് പുതിയ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കിയ ശേഷം ചെറിയൊരു ഇടവേളയെടുക്കുന്നത് കൂടുതൽ കരുത്താർജിക്കാനാണ്. ടാറ്റ ഹാരിയർ.ഇവിനോട് മത്സരിക്കുന്ന ഒരു സി-സെഗ്മെൻ്റ് എസ്‌യുവി ആയിരിക്കും മഹീന്ദ്ര BE 7 ഇവി. BE6 ഇവിക്ക് ശേഷം മഹീന്ദ്രയുടെ BE സീരീസിലെ രണ്ടാമത്തെ മോഡലായിരിക്കുമിത്. മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിലാവും വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹനം പണികഴിപ്പിക്കുക.

BE 06 ഇവിയെ അപേക്ഷിച്ച് വരാനിരിക്കുന്ന BE 07 വലിപ്പത്തിലും നീളത്തിലും കൂടുതൽ സമ്പന്നനായിരിക്കും ഇതെന്നതും ശ്രദ്ധേയമായ കാര്യം. BE 07 കൺസെപ്റ്റിന് 4,565 mm നീളവും 1,900 mm വീതിയും 1,660 mm ഉയരവും 2,775 mm വീൽബേസുമുണ്ട്. ഇതിന്റെ പ്രൊഡക്ഷൻ പതിപ്പിന് സമാനമായ വലിപ്പവും ഉണ്ടായിരിക്കും. ഇതുവഴി മെച്ചപ്പെട്ട ക്യാബിൻ സ്പേസും മെച്ചപ്പെട്ട സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യാനും മഹീന്ദ്രയ്ക്ക് സാധിക്കും.
60 kWh മുതൽ 80 kWh വരെയുള്ള വലിയ ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ പെർഫോമൻസും റേഞ്ചും ഇതിൻ്റെ പ്രത്യേകതയാവും. മഹീന്ദ്ര BE 07 കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് രണ്ട് സിംഗിൾ-മോട്ടോർ RWD വേരിയന്റുകളിൽ പുറത്തിറക്കിയേക്കാം. ബേസ് വേരിയന്റുകളിൽ 228 bhp പവറും 380 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറും 59 kWh LFP ബാറ്ററി പായ്ക്കും ഉപയോഗിക്കാം.

ടോപ്പ് വേരിയൻ്റുകളിൽ 282 bhp കരുത്തും 380 Nm ടോർക്കും വികസിപ്പിക്കുന്ന കൂടുതൽ ശക്തമായ ഒരു മോട്ടോറും 79 kWh LFP ബാറ്ററി പായ്ക്കും സംയോജിപ്പിക്കാം. ബേസ് വേരിയന്റിന് ഏകദേശം 530 കിലോമീറ്ററും ടോപ്പ് മോഡലുകൾക്ക് ഏകദേശം 650 കിലോമീറ്ററും റേഞ്ചും നൽകാൻ ശേഷിയുള്ളതാണ്. കൺസെപ്റ്റ് വാഹനങ്ങളിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ പ്രൊഡക്ഷൻ മോഡലുകളിലേക്ക് കൊണ്ടുവന്നത് മഹീന്ദ്രയുടെ ഹോബിയാണ്.
ആയതിനാൽ BE.07 കൺസെപ്റ്റ് പതിപ്പിലെ നിരവധി പ്രധാന ഘടകളെല്ലാം നിലനിർത്തുമെന്ന് പ്രതീക്ഷിക്കാം. ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണം, പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, പവർഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിക്ലൈനബിൾ റിയർ സീറ്റുകൾ, വലിയ പനോരമിക് സൺറൂഫ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പെടുന്ന അകത്തളവും ഇതിലുണ്ടാവും.

സേഫ്റ്റിയിലേക്ക് വന്നാൽ മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയിൽ ലെവൽ 2 പ്ലസ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഏഴ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നതായിരിക്കും. BE6, XEV 9e എന്നിവയ്ക്ക് ഇടയിൽ സ്ഥാനം പിടിക്കുന്ന മോഡലിൻ്റെ വരവ് സംഭവബഹുലമായിരിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ സ്കോർപിയോ N ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം പുറത്തിറക്കിയേക്കും. ഒപ്പം സ്കോർപിയോയുടെ പിക്കപ്പും വിപണിയിലെത്താൻ സാധ്യത കാണുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








