ആദ്യം വാങ്ങി മുറ്റത്തിട്ടത് പ്രമുഖൻ തന്നെ, മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി വാങ്ങിയ ആൾ നിസാരക്കാരനല്ല
യാത്രാസുഖത്തിൻ്റെ കാര്യത്തിൽ സാക്ഷാൽ ടൊയോട്ട ഇന്നോവയെ വെല്ലുന്ന മഹീന്ദ്രയുടെ നിരയിലെ മിടുമിടുക്കനാണ് XUV700. ഇക്കൂടെ അടിപൊളി ഫീച്ചറുകളും സേഫ്റ്റിയും കൂടിയെത്തിയതോടെ സംഭവം കയറികൊളുത്തി. അങ്ങനെ ഏവരുടേയും ഫേവറീറ്റായി മുന്നേറുന്നതിനിടയിൽ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കി വേറെ ലെവലാക്കിയിരിക്കുകയാണ് കമ്പനി. ഒപ്പം XUV 7XO എന്ന ഇടിവെട്ട് പേരും സമ്മാനിക്കുകയുണ്ടായി. ഇപ്പോഴിതാ XUV 7XO പതിപ്പിനായുള്ള ഡെലിവറിയും ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ആദ്യ വണ്ടി മഹീന്ദ്ര ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡിൻ്റെ പ്രസിഡൻ്റും അംഗവുമായ വിനോദ് സഹായിക്കാണ് കൈമാറിയിരിക്കുന്നത്.
മഹീന്ദ്രയുടെ പുതിയ XUV 7XO എസ്‌യുവിയുടെ ഡെലിവറി ഏറ്റെടുക്കുന്ന ചിത്രങ്ങൾ വിനോദ് സഹായ് തന്നെയാണ് തൻ്റെ X അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയോടൊപ്പം എത്തിയാണ് പുതിയ അതിഥിയെ വരവേറ്റിരിക്കുന്നത്. എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, ട്രക്ക്സ്, ബസസ് ആൻഡ് സിഇ പ്രസിഡൻ്റ് എസ്‌എംഎൽ ഇസൂസു ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ വിനോദ് സഹായി വാഹനത്തിൻ്റെ മിഡ്‌നൈറ്റ് ബ്ലാക്ക് എന്ന കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

2025 ഏപ്രിൽ മാസത്തിൽ അദ്ദേഹം മഹീന്ദ്ര XEV 9E ഇവിയും സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുറ്റത്തേക്ക് XUV 7XO എസ്‌യുവി കൂടിയെത്തുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൻ്റെ ഏത് വേരിയൻ്റാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ടോപ്പ് മോഡൽ ആവാനാണ് സാധ്യത. 13.66 ലക്ഷം രൂപ മുതൽ 24.11 ലക്ഷം രൂപ വരെയാണ് XUV700-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുള്ള 6 വേരിയൻ്റുകളിലാണ് മഹീന്ദ്ര XUV 7XO വാഗ്ദാനം ചെയ്യുന്നത്. ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം നവീകരണങ്ങൾ ഉണ്ടെങ്കിലും മിടുക്കരായ പഴയ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് വാഹനത്തിൽ നിലനിർത്തിയിരിക്കുന്നത്. അതായത് 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഫാമിലി എസ്‌യുവിക്ക് ഇപ്പോഴും ഹൃദയത്തുടിപ്പ്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ എഞ്ചിൻ 197 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ എഞ്ചിൻ 183 bhp പവറിൽ 450 Nm ടോർക്ക് വരെയാണ് നൽകുന്നത്. രണ്ടിലും 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ട്. ഡീസലിനൊപ്പം ഓപ്ഷണൽ AWD ഡ്രൈവ് സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്.
മഹീന്ദ്ര XUV 7XO എസ്‌യുവി പുതിയൊരു മുൻവശമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ-പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബ്രഷ്‌ഡ് സിൽവർ, ഗ്ലോസ് ഘടകങ്ങളുള്ള പുതിയതും കൂടുതൽ ആധുനികവുമായ ഗ്രിൽ, റീഡിസൈൻ ചെയ്‌ത ബംബറുകൾ, ഫോഗ് ലൈറ്റുകൾ, കോർണറിംഗ് ലാമ്പുകൾ, മോട്ടോറൈസ്ഡ് ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗുകൾ, പുതിയ 19 ഇഞ്ച് ബ്ലാക്ക് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ.

ഇൻ്റീരിയറിലും കാര്യമായ നവീകരണങ്ങൾ കാണാനാവും. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് പാസഞ്ചർ എൻ്റർടൈൻമെൻ്റ് എന്നിവയ്ക്കായി മൂന്ന് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പനോരമിക് സൺറൂഫ്, 540-ഡിഗ്രി ക്യാമറ, ഡോൾബി അറ്റ്‌മോസുള്ള നവീകരിച്ച 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, രണ്ടാം നിര സീറ്റുകൾക്കായി വയർലെസ് ചാർജർ, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ് പോലുള്ള ഫീച്ചറുകളാൽ സമ്പന്നമാണ് അകത്തളം.
കൂടാതെ മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും വാഹനത്തിൻ്റെ മറ്റ് നിരവധി സവിശേഷതകളും പ്രീമിയം മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹീന്ദ്ര XUV 7XO-യിൽ പുതിയ DAVINCI വാൽവ് അധിഷ്ഠിത ഡാംപിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുമുണ്ട്. മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷനോടുകൂടിയ ഫ്രീക്വൻസി-സെലക്ടീവ് ഡാംപിംഗും ഉള്ളതിനാൽ ഗംഭീര യാത്രാസുഖമാണ് വാഹനം സമ്മാനിക്കുക.


Click it and Unblock the Notifications








