വില കൂടിയിട്ടും 7.99 ലക്ഷത്തിന് വാങ്ങാം ഈ 7-സീറ്റർ എസ്‌യുവി, പാവങ്ങളോട് കരുണയുള്ള മഹീന്ദ്ര മുതലാളി
പുതുവർഷത്തോട് അനുബന്ധിച്ച് വാഹനങ്ങൾക്ക് വില കൂട്ടുന്ന തിരക്കിലാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം. മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയവരെല്ലാം വില വർധനവ് നടപ്പിലാക്കിയപ്പോൾ നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാത്രം കൂട്ടത്തിൽ വേറിട്ടുനിൽക്കുകയായിരുന്നു. ആവശ്യമില്ലാത്തൊരു വിലക്കയറ്റം നടപ്പിലാക്കേണ്ടന്ന നിലപാടിലായിരുന്നു ബ്രാൻഡ്. എന്നാൽ അടുത്തിടെ പുതുക്കി അവതരിപ്പിച്ച ബൊലേറോയുടെ വിലയിൽ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. പുതിയ വിലകൾ 2026 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് രസകരമായ കാര്യം. ഇന്ത്യയുടെ ഐക്കണിക് വാഹനങ്ങളിൽ ഒന്നായ ബൊലേറോയുടെ പുതിയ വിലകൾ എങ്ങനെയാണെന്ന് നോക്കിയാലോ?
മഹീന്ദ്ര ബൊലേറോയുടെ 1.5 ലിറ്റർ ടർബോ ഡീസൽ മാനുവൽ എഞ്ചിനുള്ള B6 (O), B8 വേരിയൻ്റുകൾക്കാണ് ഏറ്റവും വലിയ വില വർധനവ് ലഭിച്ചിരിക്കുന്നത്. എന്നാൽ ബേസ് മോഡലിൻ്റെ വിലയിൽ കൈവെക്കാതെയാണ് കമ്പനി വില പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്. ആയതിനാൽ ഇനി മുമ്പോട്ടും 7.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ബൊലേറോ സ്വന്തമാക്കാനാവുന്നതാണ്. അതേസമയം ബൊലേറോ B6 പതിപ്പിന് 10,000 രൂപ കൂടിയിട്ടുണ്ട്.

അങ്ങനെ 8.69 ലക്ഷം രൂപയായിരുന്ന എക്സ്ഷോറൂം വില 8.79 ലക്ഷമായി ഉയർന്നിട്ടുണ്ട്. ബൊലേറോ B6 (O) വേരിയൻ്റിന് 9.09 ലക്ഷമായിരുന്ന വില 11,000 രൂപ വർധിച്ച് 9.20 ലക്ഷമായി മാറിയപ്പോൾ. B8 ടോപ്പ് വേരിയൻ്റിന് 9.69 ലക്ഷത്തിൽ നിന്നും 11,000 രൂപ ഉയർന്ന് 9.80 ലക്ഷമായി പുതുക്കിയ എക്സ്ഷോറൂം വില. വിലയിൽ മാറ്റമുണ്ടെങ്കിലും പുതിയ ബൊലേറോയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ.
1.5 ലിറ്റർ, ത്രീ സിലിണ്ടർ ഡീസൽ എഞ്ചിനിലാണ് ബൊലേറോ വിപണിയിലെകത്തുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 76 bhp കരുത്തിൽ പരമാവധി 210 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവുന്നതാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ജനകീയമായ സമയത്ത് പോലും വാഹനത്തിൽ ഈയൊരു സംവിധാനം ചെയ്യാൻ കമ്പനി തയാറാവാത്തത് ശ്രദ്ധേയമായ കാര്യമാണ്. റിയർ-വീൽ ഡ്രൈവ് സെറ്റപ്പുള്ള മോഡൽ ലാഡർ ഫ്രെയിം ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പഴയ ഐക്കണിക് ശൈലി തന്നെയാണ് പിന്തുടരുന്നത്. ക്രോം ഇൻസേർട്ടുകളുള്ള പുതിയ 5-സ്ലാറ്റ് ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം. ബൊലേറോയിൽ ഇപ്പോൾ B6 ട്രിം മുതൽ ഫോഗ് ലാമ്പുകളും ടോപ്പ്-സ്പെക്ക് B8 ട്രിമ്മിൽ പുതിയ 16 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നുണ്ട്. നിലവിലുള്ള ഡയമണ്ട് വൈറ്റ്, DSAT സിൽവർ, റോക്കി ബീജ് എന്നിവയ്ക്ക് പുറമേ സ്റ്റെൽത്ത് ബ്ലാക്ക് എന്ന പുതിയ കളർ ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.
ഇൻ്റീരിയറിൽ കാര്യമായ മാറ്റങ്ങളോടെയാണ് വാഹനം അവതരിച്ചിരിക്കുന്നത്. മീഡിയ നിയന്ത്രണങ്ങൾക്കായി ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ അല്ലെങ്കിൽ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നില്ലെന്നത് നിരാശജനകമാണെങ്കിലും ബാക്കി കാര്യങ്ങളൊക്കെ നടക്കുമെന്നത് ആശ്വാസകരമാണ്. പുതിയ സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ, യുഎസ്ബി-സി ടൈപ്പ് ചാർജിംഗ് പോർട്ട്, പുതിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡോർ ട്രിമ്മുകളിൽ പുതിയ ബോട്ടിൽ ഹോൾഡറുകൾ എന്നിവയും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യാൻ ബൊലേറോയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വില പിടിച്ചുനിർത്തുന്നതിൻ്റെ ഭാഗമായി വാഹനത്തിന് ഡ്യുവൽ എയർബാഗുകളുടെ സപ്പോർട്ട് മാത്രമാണ് ലഭിക്കുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ ബൊലേറോയുടെ റൈഡ്, ഹാൻഡ്‌ലിംഗ് ബാലൻസ് മെച്ചപ്പെടുത്തിയതായി മഹീന്ദ്ര അവകാശപ്പെടുന്നു. വില കൂടിയെങ്കിലും വാങ്ങാൻ ഇനിയും ആളുകൾ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








