9 സീറ്റർ എസ്‌യുവിയുടെ വിലയും കൂട്ടി മഹീന്ദ്ര, എങ്കിലും ഇന്നോവയുടെ പകുതി പൈസ മതി വാങ്ങാൻ
വാഹന നിരയിൽ വില വർധിപ്പിക്കുന്ന തിരക്കിലാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിർമാണ ചെലവുകൾ വർധിച്ചതിനെ തുടർന്ന് എസ്‌യുവി നിരയിൽ 2.7 ശതമാനം വരെയാണ് കമ്പനി വില ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി ബൊലേറോ നിയോ പ്ലസ് മോഡലിനും വില കൂട്ടിയിരിക്കുകയാണ്. ബ്രാൻഡ് നിരയിലെ ഏറ്റവും പ്രായോഗികവും 9-സീറ്റർ ഓപ്ഷനിലുമുള്ള ഏക വാഹനമാണ് നിയോ പ്ലസ്. പണ്ട് TUV300 പ്ലസ് എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന എസ്‌യുവി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ബൊലേറോ കുടുംബത്തിലേക്ക് റീബ്രാൻഡ് ചെയ്യപ്പെടുന്നത്. പ്രൈവറ്റ് വാഹനമായി വാങ്ങുന്നവർ കുറവാണെങ്കിലും കുടുംബമൊന്നിച്ച് യാത്രകൾ പോവാൻ വലിയൊരു വണ്ടി അന്വേഷിക്കുന്നവർക്ക് ഇവനെ ധൈര്യമായി വാങ്ങിക്കാനാവുന്നതാണ്.
ഡ്രൈവർ ഉൾപ്പടെ 8 പേർക്ക് വരെ ഇരിക്കാവുന്ന സീറ്റിംഗ് സ്റ്റൈലാണ് ഇന്നോവയിലുള്ളതെങ്കിൽ ഈ വലിയ മൂന്നുവരി എസ്‌യുവിയിൽ 9 പേർക്ക് വരെ ഇരുന്ന് സുഖമായി യാത്ര ചെയ്യാനാവും. എന്നാൽ മഹീന്ദ്രയുടെ പുതിയ തീരുമാനപ്രകാരം ബൊലേറോ നിയോ പ്ലസ് ഇനി വാങ്ങണമെങ്കിൽ കുറച്ച് അധികം പൈസ കൈയിൽ കരുതേണ്ടി വരുന്നതായിരിക്കും. വേരിയന്റിനെ ആശ്രയിച്ച് 39,500 രൂപ മുതൽ 49,500 രൂപ വരെയാണ് വില പരിഷ്ക്കാരം ഉണ്ടായിരിക്കുന്നത്.

ബൊലേറോ നിയോ പ്ലസ് P4, P10 എന്നീ രണ്ട് വേരിയന്റുകളിലാണ് നിലവിൽ വിപണിയിലെത്തുന്നത്. എങ്കിലും രണ്ട് മോഡലുകളിലും വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. പൊതുവേ ബേസ് മോഡലുകളെ ഒഴിവാക്കാറുണ്ടെങ്കിലും മഹീന്ദ്ര ഇത്തവണ അതിന് തയാറായിട്ടില്ല. 9 സീറ്റർ എസ്‌യുവിയുടെ P4 പതിപ്പിനാണ് ഒറ്റയടിക്ക് 39,500 രൂപയോളമാണ് കൂട്ടിയിരിക്കുന്നത്. അതേസമയം P10 വകഭേത്തിന് കമ്പനി 49,500 രൂപയും കണ്ണിൽച്ചോരയില്ലാതെ വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ എസ്‌യുവിക്ക് 11.39 ലക്ഷം മുതൽ 12.49 ലക്ഷം വരെയായി എക്സ്ഷോറൂം വില.
മഹീന്ദ്രയുടെ വാഹന നിരയിൽ ബൊലേറോ, ബൊലേറോ നിയോ എന്നിവയ്ക്ക് മുകളിലാണ് ബൊലേറോ നിയോ പ്ലസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന്റെ മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ചും അന്യായ ഗ്ലാമറിലുമാണ് എസ്‌യുവി നിലവിൽ വിപണിയിലെത്തുന്നത്. 100 bhp പവറേളം ഉത്പാദിപ്പിക്കുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്ന ബൊലേറോ നിയോയിൽ നിന്ന് വ്യത്യസ്തമായി വലിയ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് നിയോ പ്ലസിന് തുടിപ്പേകാൻ എത്തുന്നത്.

അതായത് സ്കോർപിയോയിൽ ഉപയോഗിച്ചിരിക്കുന്ന അതേ എംഹോക്ക് എഞ്ചിനാണിതെന്ന് സാരം. എങ്കിലും ഈ എസ്‌യുവിയിൽ റീട്യൂൺ ചെയ്‌താണ് എഞ്ചിൻ ഉപയോഗിച്ചിരിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 118 bhp പവറിൽ 280 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനാവും. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാലും തരക്കേടില്ലാത്ത കണക്കുകൾ നൽകാൻ 9-സീറ്ററിനാവും.
ലിറ്ററിന് ഏകദേശം 14 കിലോമീറ്റര്‍ മൈലേജാണ് ബൊലേറോ നിയോ പ്ലസിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. വലിയ കുടുംബങ്ങള്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ പോകാന്‍ ബൊലേറോ നിയോ പ്ലസ് ഏറെ ലാഭകരമാണെന്ന കാര്യം ഇതിലൂടെ തെളിയുന്നുണ്ട്. ഒപ്പം എർട്ടിഗയേക്കാൾ 2 സീറ്റ് അധികമായി ലഭിക്കുന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഇന്നോവയെ പോലുള്ള പ്രീമിയം എംപിവികള്‍ക്ക് താങ്ങാനാവുന്ന ഒരു ബദല്‍ എന്ന നിലയില്‍ നിയോ പ്ലസ് ശരിക്കും അടിപൊളിയാണ്.

ഫീച്ചറുകളുടെ കാര്യത്തിലും ആള് മിടുക്കനാണ്. ബൊലേറോ നിയോ പ്ലസിൽ 16 ഇഞ്ച് അലോയ് വീലുകൾ, അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് കോളം, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പോലുള്ള പ്രായോഗിക സവിശേഷതകളെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം ഇറ്റാലിയൻ ഇൻ്റീരിയർ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റിയും എസ്‌യുവിയിലുണ്ടേ.
ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ISOFIX, ആൻ്റി-ഗ്ലെയർ ഐആർവിഎം പേലുള്ള സേഫ്റ്റി ഫീച്ചറുകളും ബൊലേറോ നിയോ പ്ലസിന്റെ മോടികൂട്ടുന്നുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ മുന്നിൽ അതേ നീളൻ ക്രോം ഫിനിഷ്ഡ് ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നതിനാൽ മോഡേൺ ലുക്കും ലഭിക്കുന്നുണ്ട്. മുന്നിൽ രണ്ട്, മധ്യനിരയിൽ 3, പിൻവശത്ത് 4 ബെഞ്ച് സീറ്റുകൾ എന്നിവയുള്ളതിനാൽ ആളുകൾക്കായാലും ലഗേജായാലും കയറ്റാൻ എളുപ്പവും പ്രായോഗികവുമായിരിക്കും.


Click it and Unblock the Notifications