കല്യാണത്തിനുള്ള ആള് കയറും, വില ഇന്നോവയുടെ പകുതി! 9 സീറ്റർ എസ്‌യുവിയുടെ കച്ചോടം ഉയരങ്ങളിലേക്ക്
ടൊയോട്ട ക്വാളിസ് (Toyota Qualis), ടൊയോട്ട ഇന്നോവ (Toyota Innova), മാരുതി സുസുക്കി എർട്ടിഗ (Maruti Suzuki Ertiga) ഇങ്ങനെയുള്ള വാഹനങ്ങളുടെ വൻ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകമാണ് മൂന്നുവരി സീറ്റിംഗ് കോൺഫിഗറേഷൻ. വലിയ കുടുംബങ്ങളുള്ളവരെല്ലാം 7-സീറ്റർ വാഹനങ്ങളുടെ പിന്നാലെ പായുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഏറ്റവും പിന്നിൽ ഇരിക്കാൻ ആളില്ലെങ്കിൽ സീറ്റ് മടക്കിവെച്ച് ഒന്നാന്തരം ലഗേജ് സ്പേസും നേടാമെന്നത് മറ്റൊരു പ്രായോഗിക വശമാണ്. ശരിക്കും ഡ്രൈവർ ഉൾപ്പടെ 8 പേർക്ക് വരെ ഇരിക്കാവുന്ന സീറ്റിംഗ് സ്റ്റൈലാണ് ഇന്നോവയിലുള്ളത്.
എന്നാൽ ഇതിനേയും കടത്തിവെട്ടി 9 പേർക്ക് വരെ ഒരു കാറിൽ സഞ്ചരിക്കാൻ പാകമാക്കി മഹീന്ദ്ര ഒരു മിടുക്കനെ കാലങ്ങൾക്ക് മുമ്പേ ഇവിടെ അവതരിപ്പിച്ചിരുന്നു. ഇന്ന് ബൊലേറോ നിയോ പ്ലസ് എന്ന പേരിൽ അറിയപ്പെടുന്ന മിടുക്കനാണ് കക്ഷി. പ്രൈവറ്റ് ഉപയോഗത്തിന് വാങ്ങുന്നവരിൽ പലരും കാര്യമായി മൈൻഡ് ചെയ്യാറില്ലെങ്കിലും ആള് വാണിജ്യാവശങ്ങൾക്ക് പലരും വാങ്ങിയിടാറുണ്ട്. ഒരു കല്യാണത്തിന് പോകാനുള്ള ആളുകളെ കയറ്റാവുന്ന ഇവനെ ആളുകൾ കാര്യമായി മൈൻഡ് ചെയ്യാത്തതിൽ മഹീന്ദ്രയ്ക്ക് നല്ല വിഷമമുണ്ടാവും.

പണ്ട് TUV300 പ്ലസ് എന്നറിയപ്പെട്ടിരുന്ന 9 സീറ്റർ എസ്‌യുവി അടുത്തകാലത്താണ് ബൊലേറോ നിയോ പ്ലസ് എന്ന പേരിലേക്ക് റീബാഡ്‌ജ് ചെയ്യപ്പെടുന്നത്. ബൊലേറോ, ബൊലേറോ നിയോ, ബൊലേറോ നിയോ പ്ലസ് എന്നിവ മൂന്നും കൂടി നല്ല വിൽപ്പനയും ബ്രാൻഡിലേക്ക് കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞ 2025-26 സാമ്പത്തിക വർഷത്തിൽ അതായത് 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മൂവരുേ ചേർന്ന് ആകെ 110,136 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്.
ധാരാളം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് താരതമ്യേന താങ്ങാവുന്ന വിലയിലാണ് വിൽക്കുന്നത് എന്ന കാര്യം പലർക്കും അറിയില്ല. വാഹനത്തിന്റെ ബേസ് വേരിയന്റിന്റെ പ്രാരംഭ വില വെറും 10.90 ലക്ഷം മാത്രമാണെന്ന് കേട്ടാൽ മിക്കവരും അത്ഭുതപ്പെട്ടേക്കും. അതേസമയം ടോപ്പ് എൻഡിന് 12.99 ലക്ഷവും മാത്രമാണ് വില വരിക. ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള വലിയ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 11 ലക്ഷം രൂപയോളം വിലക്കുറവില്‍ 9 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇത് നല്‍കുന്നു.

അതേസമയം ബൊലേറോ നിരയുടെ വില തുടങ്ങുന്നത് 8 ലക്ഷം മുതലുമാണ്. 2.2 ലിറ്റര്‍ എംഹോക്ക് എന്ന മിടുക്കൻ ഡീസല്‍ എഞ്ചിനാണ് ബൊലേറോ നിയോ പ്ലസിന്റെ ഹൃദയം. 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രം ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 119 bhp കരുത്തിൽ പരമാവധി 280 Nm ടോര്‍ക്ക് വരെ നിർമിക്കാനും കഴിവുണ്ട്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാലും തരക്കേടില്ലാത്ത കണക്കുകൾ നൽകാൻ 9-സീറ്ററിനാവും.
ലിറ്ററിന് ഏകദേശം 14 കിലോമീറ്റര്‍ മൈലേജാണ് ബൊലേറോ നിയോ പ്ലസിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. വലിയ കുടുംബങ്ങള്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ പോകാന്‍ ബൊലേറോ നിയോ പ്ലസ് ഏറെ ലാഭകരമാണെന്ന കാര്യം ഇതിലൂടെ തെളിയുന്നുണ്ട്. ഒപ്പം എർട്ടിഗയേക്കാൾ 2 സീറ്റ് അധികമായി ലഭിക്കുന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഇന്നോവയെ പോലുള്ള പ്രീമിയം എംപിവികള്‍ക്ക് താങ്ങാനാവുന്ന ഒരു ബദല്‍ എന്ന നിലയില്‍ നിയോ പ്ലസ് ശരിക്കും അടിപൊളിയാണ്.

വിലക്കുറവും പ്രായോഗികതയും ഒത്തുചേരുന്ന വാഹനങ്ങള്‍ തേടുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ബൊലേറോയ്ക്കുള്ള സ്വാധീനം ചെറുതൊന്നുമല്ല. പ്രീമിയം ഇറ്റാലിയൻ ഇൻ്റീരിയർ, 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ബ്ലൂടൂത്ത്, യുഎസ്ബി പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാം വാഹനത്തിന് മോഡേൺ ടച്ച് സമ്മാനിക്കുന്നുണ്ട്. ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ISOFIX, ആൻ്റി-ഗ്ലെയർ ഐആർവിഎം പേലുള്ള സേഫ്റ്റി ഫീച്ചറുകളും ബൊലേറോ നിയോ പ്ലസിന്റെ സവിശേഷതകളാണ്.
മുന്നിൽ രണ്ട്, മധ്യനിരയിൽ 3, പിൻവശത്ത് 4 ബെഞ്ച് സീറ്റുകൾ എന്നിവയുള്ളതിനാൽ ആളുകൾക്കായാലും ലഗേജായാലും കയറ്റാൻ എളുപ്പവും പ്രായോഗികവുമായിരിക്കും. ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ മുന്നിൽ അതേ നീളൻ ക്രോം ഫിനിഷ്ഡ് ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ 15 ഇഞ്ച് അലോയ് വീലുകളാണ് പ്രധാന മാറ്റം. ഒപ്പം വലിപ്പമേറിയ വീൽബേസും വാഹനത്തിന്റെ നീളവും വേഗം ശ്രദ്ധിക്കും.


Click it and Unblock the Notifications








