ബേസ് വേരിയൻ്റ് മതിയെങ്കിൽ കൈപൊള്ളും, കുറഞ്ഞ വിലയുള്ള 7-സീറ്ററിന് കണ്ണിൽച്ചോരയില്ലാതെ വില കൂട്ടി മഹീന്ദ്ര
ബൊലേറോ എന്ന് കേൾക്കുമ്പോഴേ ആളുകളുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. ഐക്കണിക് രൂപവും ഏന്ത് പണിയെടുക്കുവാനും മടിയില്ലാത്ത എഞ്ചിനുമെല്ലാം ഉള്ള ആശാൻ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കച്ചോടമില്ലാതിരുന്ന TUV300 എന്ന കുട്ടി എസ്‌യുവിക്ക് ബൊലേറോ നിയോ എന്ന് പേര് മാറ്റി പുറത്തിറക്കിയപ്പോൾ ലഭിച്ച സ്വീകാര്യതയും കൂടി കണക്കിലെടുത്താൽ മനസിലാവും ബൊലേറോയുടെ പവർ എന്താണെന്ന്. നിലവിൽ റിയർ വീൽ ഡ്രൈവ് സംവിധാനവുമായി വരുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയാണ് നിയോ. പക്ഷേ ഇനി പഴയ വിലയ്ക്ക് വണ്ടി വിൽക്കുന്നില്ലെന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് മഹീന്ദ്ര.
തദ്ദേശീയ വാഹന നിർമാതാക്കളായ മഹീന്ദ്ര ബൊലേറോ നിയോയുടെ വില വർധിപ്പിച്ചിരിക്കുകയാണ്. പുതിയ വിലകൾ 2026 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്‌തിട്ടുണ്ടെന്ന് ലൈവ്ഹിന്ദുസ്ഥാൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തിട്ടുമുണ്ട്. 16,000 രൂപ മുതൽ 20,000 രൂപ വരെയാണ് എസ്‌യുവിക്ക് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. 1.5 ലിറ്റർ ടർബോ ഡീസൽ മാനുവൽ N4 ബേസ് വേരിയൻ്റിന് ഉൾപ്പടെ വിലക്കയറ്റം ബാധകമാണ്.

ഇനി മഹീന്ദ്ര ബൊലേറോ നിയോയുടെ വേരിയൻ്റ് തിരിച്ചുള്ള പുതിയ വിലകൾ എങ്ങനെയാണെന്ന് നോക്കിയാലോ? 8.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന എസ്‌യുവിയുടെ N4 ബേസ് വേരിയൻ്റിന് 20,000 രൂപ വർധിച്ച് 8.69 ലക്ഷമായി പുതുക്കിയ എക്സ്ഷോറൂം വില. ബേസിന് തൊട്ടുമുകളിലുള്ള N8 മോഡലിന് 9.29 ലക്ഷത്തിൽ നിന്നും 16,000 രൂപ ഉയർന്ന് 9.45 ലക്ഷം രൂപയായി ഇന്ത്യയിലെ പുതിയ എക്‌സ്ഷോറൂം വില.
എന്നാൽ ബൊലേറോ നിയോയുടെ ബാക്കിയുള്ള വേരിയൻ്റുകളിൽ കമ്പനി വില വർധനവ് നടപ്പിലാക്കിയിട്ടില്ലെന്നത് അതിശയകരമാണ്. N10 പതിപ്പിന് 9.79 ലക്ഷവും N11 മോഡലിന് 9.99 ലക്ഷവും N10 (O) ടോപ്പ് എൻഡ് വേരിയൻ്റിന് 10.49 ലക്ഷം രൂപയുമാണ് ഇപ്പോഴും എക്സ്ഷോറൂം വില വരുന്നത്. വിലയിലെ പരിഷ്ക്കാരത്തിന് പുറമെ മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിക്ക് മറ്റ് നവീകരണങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല.

സ്റ്റാൻഡേർഡ് ബൊലേറോ മോഡലിനൊപ്പം കഴിഞ്ഞ വർഷം മഹീന്ദ്ര ബൊലേറോ നിയോയും പുതുരൂപത്തിലേക്ക് ആവാഹിക്കപ്പെട്ടിരുന്നു. അകത്ത് പുതുക്കിയ മഹീന്ദ്ര ബൊലേറോ നിയോയിൽ ബൊലേറോയുടേതിന് സമാനമായ ലെതറെറ്റ് സീറ്റുകളും മെഷ് പാറ്റേണുകളുമുള്ള ഒരു പുതിയ ക്യാബിൻ എത്തിയത് പലരേയും സന്തോഷിപ്പിച്ചിരുന്നു. എസ്‌യുവിയുടെ ടോപ്പ് വേരിയൻ്റിന് ലൂണാർ ഗ്രേ കളർ കളർ ഓപ്ഷനും ലഭിച്ചിരുന്നു.
അതേസമയം കൂടുതൽ താങ്ങാനാവുന്ന വേരിയൻ്റുകളിൽ അകത്തളത്തിൻ്റെ പ്രീമിയം രൂപം വർധിപ്പിക്കുന്ന മോച്ച ബ്രൗൺ തീമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റിലൂടെ ബൊലേറോ നിയോയ്ക്ക് ഒരു റിയർ-വ്യൂ ക്യാമറയും 22.9 സെൻ്റിമീറ്റർ വലിപ്പമുള്ള ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ലഭിച്ചിട്ടുണ്ട്. 5+2 കോൺഫിഗറേഷനോടെ 7-സീറ്റർ വാഹനമായാണ് ഇതിനെ പ്രതിഷ്ഠിച്ചിരിക്കുന്നതും.
അതിനാൽ നല്ലൊരു ഫാമിലി എസ്‌യുവിയാവാൻ ആശാന് സാധിക്കുന്നതാണ്. ബൊലേറോ നിയോ നിരയിലെ എല്ലാ വകഭേദങ്ങളിലും ഈ കോൺഫിഗറേഷൻ സ്റ്റാൻഡേർഡാണെന്നതും രസകരമായ കാര്യമാണ്. 100 bhp പവറിൽ പരമാവധി 260 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, 3-സിലിണ്ടർ എംഹോക്ക് 100 ഡീസൽ എഞ്ചിനാണ് ബൊലേറോ നിയോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ വാഹനം വാങ്ങാനാവൂ.
പുതിയ സസ്‌പെൻഷൻ അപ്‌ഗ്രേഡുകളും ബ്രേക്ക് ഡൈനാമിക്‌സും കാരണം ബൊലേറോ നിയോ മികച്ച റൈഡ് ക്വാളിറ്റിയും ഹാൻഡ്‌ലിംഗ് സ്റ്റെബിലിറ്റിയും നൽകുന്നുവെന്ന് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. പ്രത്യേകിച്ച് N10 (O) വേരിയന്റിൽ മാത്രമേ ലോക്കിംഗ് ഡിഫറൻഷ്യൽ സവിശേഷതയായ MLD ലഭിക്കുന്നുള്ളൂ. എന്തായാലും വില കൂടിയെങ്കിലും നിയോയുടെ പ്രായോഗികത തിരിച്ചറിയുന്ന ആളുകൾ ഇനിയും വാങ്ങാൻ ക്യൂനിൽക്കുമെന്നാണ് മഹീന്ദ്രയുടെ വിശ്വാസം.


Click it and Unblock the Notifications








