ക്രെറ്റയെ പൊട്ടിച്ച് സ്കോർപിയോയുടെ വിൽപ്പന, റിയൽ എസ്‌യുവി പോയമാസം വാങ്ങിയത് 15,744 ആളുകൾ
എസ്‌യുവി വിപണിയിൽ വർഷങ്ങളായുള്ള ഹ്യുണ്ടായി ക്രെറ്റയുടെ (Hyundai Creta) ആധിപത്യം തകർത്ത് കൈയിൽ കൊടുത്തിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അതും ഇതിഹാസ മോഡലായ സ്കോർപിയോ (Mahindra Scorpio) വെച്ചാണ് കഴിഞ്ഞമാസത്തെ വിൽപ്പന മഹീന്ദ്ര തൂത്തുവാരിയിരിക്കുന്നത്. ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ പ്രകാരം 2026 മെയ് മാസത്തിൽ മഹീന്ദ്ര സ്കോർപിയോ ഹ്യുണ്ടായി ക്രെറ്റയെ മറികടന്നിരിക്കുകയാണ്. വന്നകാലം മുതൽ നിരത്തുകൾ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവിയുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ സ്കോർപിയോയുടെ മുകളിലായിരുന്നു ക്രെറ്റയുടെ സ്ഥാനം.
ഈയൊരു കാര്യത്തിനാണ് മെയ് മാസത്തിൽ മാറ്റമുണ്ടായിരിക്കുന്നത്. N, ക്ലാസിക് എന്നിവയുൾപ്പെടെ സ്കോർപിയോ നിര പോയമാസം മൊത്തത്തിൽ 15,744 യൂണിറ്റുകളുടെ വിൽപ്പനയാണ് സ്വന്തമാക്കിയത്. അതേസമയം ഹ്യുണ്ടായി ക്രെറ്റയ്ക്ക് 15,235 യൂണിറ്റുകളായിരുന്നു സമ്പാദ്യം. 11 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള അർബൻ എസ്‌യുവികളിൽ ക്രെറ്റ വളരെക്കാലമായി സ്ഥിരമായി മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ, ശക്തമായ ഫീച്ചർ ലിസ്റ്റ്, വിശാലമായ ഡീലർ ശൃംഖല, നല്ല ഫാമിലി എസ്‌യുവി എന്ന നിലയിലാണ് ഇതുവരെ ക്രെറ്റ കച്ചോടം പിടിച്ചിരുന്നത്. എന്നാൽ ഏറെക്കുറെ ഇതേ വില നിലവാരത്തിൽ വരുന്നതിനാൽ ആളുകൾ സ്കോർപിയോയിലേക്ക് മാറി ചിന്തിച്ചോ എന്നതാണ് പ്രധാന ചോദ്യം. സ്കോർപിയോ വളരെ വ്യത്യസ്തമായ ഒരു ഉൽപ്പന്നമാണെന്നതിൽ തർക്കമൊന്നുമില്ല. ക്രെറ്റയെ അപേക്ഷിച്ച് ഭാരമേറിയതും, ഉയരമുള്ളതും, ലാഡർ-ഫ്രെയിം ഷാസിയിൽ നിർമിച്ചതുമായ കൂറ്റൻ എസ്‌യുവിയാണ് ക്രെറ്റ.
എന്തായാലും വിൽപ്പനയിൽ ക്രെറ്റ പോലൊരു അതികായകനെ മറികടക്കാനായ സന്തോഷം മഹീന്ദ്ര സ്കോർപിയോയ്ക്ക് ഉണ്ടാവും. മഹീന്ദ്രയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും ഇതുതന്നെയാണ്. അടിക്കടി എസ്‌യുവിയിൽ നിരവധി വേരിയന്റുകൾ അവതരിപ്പിക്കുന്നതും ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതുമെല്ലാം ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്. ഒപ്പം ഒന്നാന്തരം സേഫ്റ്റിയും നല്ല വിലയും കൂടിയാവുമ്പോൾ സ്കോർപിയോയ്ക്ക് പകരക്കാരനില്ലെന്ന് പറയാം.

ഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 3.49 ലക്ഷം മുതൽ 24.34 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് ക്ലാസിക് പതിപ്പിന് 12.98 ലക്ഷം രൂപ മുതൽ 16.71 ലക്ഷം രൂപ വരെയും വില വരുന്നുണ്ട്. 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N മോഡൽ വിപണനത്തിന് എത്തുന്നത്. പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
മറുവശത്ത് ഡീസൽ 175 bhp കരുത്തിൽ 400 Nm ടോർക്കാണ് നൽകുക. രണ്ടിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്. സ്കോർപിയോ ക്ലാസിക്കിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 130 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് വരെ നിർമിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ഡ്യുവൽ സോൺ എസി, 12 സ്പീക്കറുകൾ, ആറ് എയർബാഗുകൾ, 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡലിൽ നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL) തുടങ്ങിയ സവിശേഷതകളെല്ലാം സ്കോർപിയോയുടെ N ന്യൂജെൻ എസ്‌യുവിയുടെ ഭാഗമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications