വില കൂട്ടിയിട്ടും 9.99 ലക്ഷത്തിന് ഥാർ മുതലാളിയാവാം, 3-ഡോർ മോഡലിന് മഹീന്ദ്ര വില കൂട്ടിയത് ഇങ്ങനെ
ആറ് കൊല്ലങ്ങൾക്ക് മുമ്പ്, അതായത് 2020-ൽ വിപണിയിലെത്തിയത് മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ലൈഫ് സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയാണ് മഹീന്ദ്ര ഥാർ (Mahindra Thar). ഒന്നാം തലമുറയിൽ നിന്നും തികച്ചും വ്യത്യസ്‌തനായെത്തിയ എസ്‌യുവിയുടെ അടിപൊളി രൂപവും പ്രാക്‌ടിക്കാലിറ്റിയും ഇന്ത്യക്കാരെ ഒരുപോലെ കറക്കി വീഴ്‌ത്തുന്ന കാര്യമായിരുന്നു. ഇന്നും ഥാർ സൃഷ്‌ടിച്ച ട്രെൻഡ് അവസാനിച്ചിട്ടില്ലെന്ന് വേണം പറയാൻ. പണ്ട് 3-ഡോർ പതിപ്പായിരുന്നുവെങ്കിൽ ഇന്ന് 5-ഡോർ ആവർത്തനത്തിലും ഥാർ സ്വന്തമാക്കാനാവും. 10 ലക്ഷത്തിൽ താഴെ വിലയിലാണ് എസ്‌യുവിയുടെ ബേസ് മോഡൽ വാങ്ങാനാവുക.
എന്നാൽ ഇപ്പോഴിതാ 3-ഡോർ ഥാറിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോഡലിന്റെ വില പരിഷ്ക്കരിക്കുന്നത്. മുമ്പ് 2026 ജനുവരിയിൽ വില കൂട്ടിയതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ എസ്‌യുവിക്ക് വില പരിഷ്ക്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ 43,500 രൂപ വരെയാണ് മോഡലിനായി ഉയർത്തിയിരിക്കുന്നത്.

2026 ജനുവരിയിൽ വില വർധന നടപ്പിലാക്കിയപ്പോൾ സ്വീകരിച്ച തന്ത്രം ഇത്തവണയും കമ്പനി സ്വീകരിച്ചിട്ടുണ്ട്. മഹീന്ദ്ര ഥാറിന്റെ ബേസ് മോഡലിന്റെ വില അതേപടി നിലനിർത്തിയാണ് ഇപ്പോഴും മോഡൽ നിരയിൽ വില പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്. 3-ഡോർ ഥാറിന് ഇപ്പോഴും 9.99 ലക്ഷം രൂപയിൽ നിന്നാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 4 മാസത്തിനുള്ളിൽ രണ്ട് വില വർധനവ് ഉണ്ടായിട്ടും AXT 1.5L ഡീസൽ RWD വേരിയന്റിന് പഴയ വിലയിൽ തുടരുന്നത് ആശ്വാസകരമാണ്.
AXT, LXT എന്നിങ്ങനെ രണ്ട് വേരിയന്റ് നിരയിലായാണ് മഹീന്ദ്ര ഥാർ 3-ഡോർ എസ്‌യുവി വിപണിയിലെത്തുന്നത്. ഇതിൽ ഏറ്റവും ഉയർന്ന വില വർധനവ് ടോപ്പ് എൻഡ് LXT 2.2 ലിറ്റർ ഡീസൽ 4WD ഓട്ടോമാറ്റിക്കിനാണ് സംഭവിച്ചിരിക്കുന്നത്. 43,500 രൂപയാണ് ഇതിന് ഇനി മുതൽ അധികം മുടക്കേണ്ടി വരുന്നത്. LXT 1.5 ഡീസൽ RWD മാനുവൽ പതിപ്പിന് 12.39 ലക്ഷത്തിൽ നിന്നും 30,500 രൂപ വർധിച്ച് 12.69 ലക്ഷമായി പുതുക്കിയ എക്സ്ഷോറൂം വില.

മഹീന്ദ്ര ഥാർ 3-ഡോർ LXT 2.0 ലിറ്റർ പെട്രോൾ 4WD മാനുവൽ വേരിയന്റിന് 14.89 ലക്ഷത്തിൽ നിന്നും 37,500 രൂപ ഉയർന്ന് 15.26 ലക്ഷമായപ്പോൾ LXT 2.0 ലിറ്റർ പെട്രോൾ 4WD മാനുവലിന് 15.69 ലക്ഷത്തിൽ നിന്നും 39,500 രൂപ കൂടി 16.08 ലക്ഷമായി പുതുക്കിയ എക്സ്ഷോറൂം വില. LXT 2.0 ലിറ്റർ RWD ഓട്ടോമാറ്റിക്കിന് 14.19 ലക്ഷത്തിൽ നിന്നും 14.49 ലക്ഷമായി ഉയർത്തിയ എക്സ്ഷോറൂം വില.
LXT 2.0 ലിറ്റർ പെട്രോൾ 4WD പതിപ്പിന് 16.45 ലക്ഷത്തിൽ നിന്നും 16.89 ലക്ഷമാക്കിയപ്പോൾ LXT 2.2 ലിറ്റർ ഡീസൽ 4WD മോഡലിന് 17.19 ലക്ഷത്തിൽ നിന്നും 17.62 ലക്ഷമായി പുതിയ എക്സ്ഷോറൂം വില. വില കൂടിയെങ്കിലും എസ്‌യുവിക്ക് മറ്റ് മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല കേട്ടോ. 1.5 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിവയാണ് മഹീന്ദ്ര ഥാർ 3-ഡോർ മോഡലിൽ തെരഞ്ഞെടുക്കാനാവുന്ന എഞ്ചിൻ ഓപ്ഷനുകൾ.

ഇതിൽ ആദ്യത്തെ ഡീസൽ എഞ്ചിൻ 117 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ പെട്രോൾ എഞ്ചിൻ 150 bhp കരുത്തിൽ 320 Nm ടോർക്ക് വരെയും 2.2 ഡീസൽ 130 bhp പവറിൽ 300 Nm ടോർക്കും നൽകാൻ പ്രാപ്‌തമാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ. 2H, 4H, 4L മോഡുകൾക്കിടയിൽ സുഗമമായി മാറാനുള്ള ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ കഴിവുള്ള ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് 4x4 സിസ്റ്റം ഥാറിൻ്റെ പ്രധാന ഹൈലൈറ്റാണ്.
ഇന്റീരിയറിലേക്ക് കയറിയാൽ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മിററുകൾ, റിയർ ക്യാമറ, TPMS, റിയർ വൈപ്പർ-വാഷർ, തുണികൊണ്ടുള്ള അപ്ഹോൾസ്റ്ററി തുടങ്ങിയ ഫീച്ചറുകളെല്ലാം മഹീന്ദ്ര ഥാർ 3-ഡോറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നെ സേഫ്റ്റിയുടെ കാര്യത്തിലും എസ്‌യുവി മിടുക്കനാണ്.
ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റോൾ-ഓവർ മിറ്റിഗേഷൻ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതമുള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നീ സുരക്ഷാ സന്നാഹങ്ങളെല്ലാം മഹീന്ദ്ര ഥാറിൽ സ്റ്റാൻഡേർഡാണ്. വില കൂടിയെങ്കിലും മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ എതിരാളികളേക്കാൾ കുറഞ്ഞ വിലയിലാണ് ഥാറിൻ്റെ ലോവർ വേരിയൻ്റുകൾ വരുന്നത് എന്നത് ഇപ്പോഴും ആശ്വാസകരമാണ്.


Click it and Unblock the Notifications








