ചെറുപ്പക്കാർ മുതൽ വയസായവർ വരെ ആരാധിക്കുന്ന എസ്‌യുവി വാങ്ങണേൽ ഇനി കൂടുതൽ പണം വേണ്ടിവരും
ചെറുപ്പക്കാർ മുതൽ വയസായവർ വരെ ഒരുപോലെ ആരാധിക്കുന്ന വാഹനമാണ് മഹീന്ദ്ര ഥാർ. പക്കാ ഓഫ്-റോഡർ ആയിരുന്ന പണ്ടത്തെ ഐക്കണിക് എസ്‌യുവിയിൽ നിന്നും ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനമായി മാറിയതോടെയാണ് ഥാറിനെ എല്ലാവരും ഒരുപോലെ സ്നേഹിക്കാൻ തുടങ്ങിയത്. മുറ്റത്തൊരു ഥാർ ഉണ്ടെങ്കിൽ ആനയുള്ളതിന്റെ ഗമയാണ് ഇപ്പോൾ ലഭിക്കുന്നത്. സാക്ഷാൽ മാരുതി സുസുക്കി ജിംനി വന്നിട്ട് പോലും മഹീന്ദ്രയുടെ താപ്പാനയെ തളയ്ക്കാൻ പറ്റാതെ വിയർപ്പൊഴുക്കുകയാണ്. എന്നാൽ ഇനി പുതിയൊരു ഥാർ വാങ്ങാൻ മോഹിക്കുന്നവരുടെ നെഞ്ച് തകർക്കുന്നൊരു തീരുമാനമാണ് മഹീന്ദ്ര നടപ്പിലാക്കിയിരിക്കുന്നത്.
ഈ മാസം ആദ്യം മഹീന്ദ്ര അറിയിച്ചത് പോലെ 2026 ജൂലൈ 10 മുതൽ ഇന്ത്യയിലെ തങ്ങളുടെ എസ്‌യുവികളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. ഇതുപ്രകാരം 3-ഡോർ ഥാറിന്റെ വിലയിലും പരിഷ്ക്കരണം നടപ്പിലായിരിക്കുകയാണ്. നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റ് നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതിനാൽ മോഡൽ നിരയിൽ 2.7 ശതമാനം വരെയാണ് വില കൂട്ടിയിരിക്കുന്നത്.

മഹീന്ദ്രയുടെ ലൈഫ്‌സ്റ്റൈൽ ത്രീ-ഡോർ എസ്‌യുവിക്ക് 37,000 രൂപ വരെ വർധനവ് ഉണ്ടായിട്ടുണ്ടെന്നതാണ് സങ്കടകരമായ കാര്യം. ടോപ്പ്-സ്പെക്ക് LXT 4WD 2.2 ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിനാണ് ഒറ്റയടിക്ക് ഇത്രയും രൂപ ഉയർത്തിയിരിക്കുന്നത്. അതേസമയം ഥാർ LXT 4WD പെട്രോൾ ഓട്ടോമാറ്റിക്, LXT 4WD 2.2 ഡീസൽ മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 36,000 രൂപയും 34,000 രൂപയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വർധിപ്പിക്കുകയുണ്ടായി.
അതേസമയം ഥാറിന്റെ LXT 4WD പെട്രോൾ മാനുവൽ, എൻട്രി ലെവൽ AXT 2WD ഡീസൽ 1.5 മാനുവൽ വേരിയന്റുകൾക്ക് ഇപ്പോൾ മുൻ വിലയേക്കാൾ യഥാക്രമം 33,000 രൂപയും 32,500 രൂപയും അധികം മുടക്കേണ്ടതായി വരും. 3-ഡോർ എസ്‌യുവിയുടെ LXT 2WD പെട്രോൾ ഓട്ടോമാറ്റിക്, LXT 2WD ഡീസൽ മാനുവൽ വേരിയന്റുകളിലേക്ക് വന്നാൽ വില യഥാക്രമം 27,000 രൂപയും 29,500 രൂപയും കമ്പനി ഉയർത്തിയിട്ടുണ്ട്.

പുതിയ വില വർധനവ് പ്രകാരം മഹീന്ദ്ര ഥാറിന് ഇപ്പോൾ 10.32 ലക്ഷം മുതൽ 17.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് മഹീന്ദ്ര ഥാർ ഉൾപ്പടെയുള്ള മോഡലുകളിൽ വില പരിഷ്ക്കാരം നടപ്പിലാക്കുന്നത്. ഇതിനുമുമ്പ് രണ്ട് വില വർധനവ് 2026 ജനുവരിയിലും ഏപ്രിലിലും നടന്നിരുന്നു. യഥാക്രമം 20,000 രൂപയും 43,000 രൂപയുമാണ് ഇക്കാലയളവിൽ വില കൂട്ടിയിരുന്നത്.
വില കൂടിയെങ്കിലും എസ്‌യുവിയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മിററുകൾ, റിയർ ക്യാമറ, TPMS, റിയർ വൈപ്പർ-വാഷർ, തുണികൊണ്ടുള്ള അപ്ഹോൾസ്റ്ററി തുടങ്ങിയ ഫീച്ചറുകളെല്ലാം അതേപടി മഹീന്ദ്ര ഥാർ 3-ഡോറിൽ ഇപ്പോഴും ലഭിക്കുന്നുണ്ട്.

ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റോൾ-ഓവർ മിറ്റിഗേഷൻ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതമുള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നീ സുരക്ഷാ സന്നാഹങ്ങളും മഹീന്ദ്ര ഥാറിൽ സ്റ്റാൻഡേർഡായി വരുന്നതിനാൽ സേഫ്റ്റിയുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും വേണ്ടവേണ്ട. 1.5 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിവയാണ് എസ്‌യുവിയുടെ ഹൃദയം.
ഥാറിലെ പെട്രോൾ എഞ്ചിൻ 150 bhp കരുത്തിൽ 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 1.5 ഡീസൽ എഞ്ചിൻ റിയർവീൽഡ്രൈവ് മോഡലുകൾ 117 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് നൽകുമ്പോൾ 2.2 ഡീസൽ 130 bhp പവറിൽ 300 Nm ടോർക്കും നൽകാൻ പ്രാപ്‌തമാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ. 2H, 4H, 4L മോഡുകൾക്കിടയിൽ സുഗമമായി മാറാനുള്ള ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ കഴിവുള്ള ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് 4x4 സിസ്റ്റവും എസ്‌യുവിയുടെ ഭാഗമാണ്.


Click it and Unblock the Notifications