യാത്രകൾ കൂടുതൽ ആഡംബരമാക്കും, 656 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് പുതുമോഡലുമായി മഹീന്ദ്ര
ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളിലെ മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ മഹീന്ദ്രയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയായ XEV 9e ഇവി ഇന്ത്യയിൽ തരംഗം തീർത്ത് മുന്നേറുകയാണ്. ഇന്ത്യക്കാരുടെയും വിദേശികളുടെയും മനസ് ഒരുപോലെ കീഴടക്കിയ ബ്രാൻഡിൻ്റെ ബോൺ ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇപ്പോൾ വലിയ ചർച്ചയാണ് സൃഷ്ടിക്കുന്നത്. സാധാരണക്കാരും പണക്കാരുമെല്ലാം ഒരുപോലെ ഇവരെ നെഞ്ചിലേറ്റുകയും ചെയ്‌തിരിക്കുകയാണ്. വൈദ്യുത വാഹന രംഗത്ത് ക്ലച്ചുപിടിക്കാനാവാതെ പെട്ടുപോയ കമ്പനിക്ക് BE6, XEV 9e ഇവികൾ പുതിയ ഊർജമാണ് നൽകിയത്.
ഇപ്പോഴിതാ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ബോൺ ഇലക്ട്രിക് എസ്‌യുവിയായ XEV 9e ഇവിക്ക് പുതിയ സ്പെഷ്യൽ എഡിഷൻ വേരിയൻ്റ് അവതരിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ എക്‌സ്‌ക്ലൂസീവും കൂടുതൽ ആകർഷകവുമായ പതിപ്പിന് സിനലക്‌സ് എഡിഷൻ എന്നാണ് പേരിട്ടിരിക്കുന്നത്. 29.35 ലക്ഷം രൂപയാണ് ഇതിൻ്റെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതായത് XEV 9e നിരയിലെ ഏറ്റവും ചെലവേറിയ മോഡലായിരിക്കും ഇതെന്ന് സാരം.

XEV 9e എസ്‌യുവിയുടെ ആഡംബര നിലവാരം ഉയർത്തുക എന്നതാണ് ഈ പ്രത്യേക പതിപ്പിന്റെ ലക്ഷ്യം. കസ്റ്റമൈസ്‌ഡ് സ്റ്റൈലിംഗും മെച്ചപ്പെടുത്തിയ ഇൻ-ക്യാബിൻ അനുഭവവും ഇതിൽ വാഗ്ദാനം ചെയ്‌തുകൊണ്ട് കാര്യങ്ങൾ കിടിലമാക്കുവാനും ബ്രാൻഡിനായിട്ടുണ്ടെന്നതിൽ സംശയമൊന്നും വേണ്ട. XEV 9e സിനിലക്സ് എഡിഷൻ്റെ ബുക്കിംഗ് 2026 മാർച്ച് രണ്ടിന് അതായത് നാളെ ആരംഭിക്കും. തുടർന്ന് ഡെലിവറി 2026 മാർച്ച് 10 മുതൽ ആരംഭിക്കുവാനുമാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്.
XEV 9e സിനലക്സ് എഡിഷൻ സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. അകത്തളത്തിൽ പുതിയ ചെസ്റ്റ്നട്ട് ബ്രൗൺ, നോക്റ്റേൺ ബ്ലാക്ക് സ്മൂത്ത്-ഗ്രെയിൻ ലെതറെറ്റ് ഇൻ്റീരിയറും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്. പ്രീമിയം ടെക്സ്ചറുകളിലും പുതുക്കിയ ഡീറ്റെയിലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ ലോഞ്ച് പോലുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായാണ് അകത്തളം ഇത്തരത്തിൽ പുനർനിർച്ചിരിക്കുന്നത്.

ഒരു കോസ്മെറ്റിക് അപ്ഡേറ്റ് എന്നതിലുപരി കൂടുതൽ തിയേറ്റർ-പ്രചോദിത ആഡംബര അനുഭവമായാണ് മഹീന്ദ്ര സിനലക്സിനെ സ്ഥാനപ്പെടുത്തുന്നത്. XEV 9e സിനിലക്സ് എഡിഷന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ ഇമ്മേഴ്‌സീവ് ക്യാബിൻ സജ്ജീകരണമാണെന്നും പറയാം. കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ HD ഡിസ്‌പ്ലേയും ഡോൾബി അറ്റ്‌മോസ് സജ്ജീകരിച്ച 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റവും ഇതിലുണ്ട്.
ഇൻഫിനിറ്റി റൂഫും ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റവും 16 ദശലക്ഷത്തിലധികം കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. ഇത് വ്യത്യസ്ത മാനസികാവസ്ഥകൾക്കും അവസരങ്ങൾക്കും അനുയോജ്യമായ രീതിയിൽ ക്യാബിൻ അന്തരീക്ഷം വ്യക്തിഗതമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് സ്പെക്ക് പായ്ക്ക് ത്രീ വേരിയൻ്റിനെ അടിസ്ഥാനമാക്കിയാണ് XEV 9e സിനലക്സ് എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്.

ആയതിനാൽ 79 kWh ബാറ്ററി പായ്ക്കാണ് മഹീന്ദ്ര XEV 9e എസ്‌യുവിയുടെ പുതുമോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ARAI പറയുന്നത് 656 കിലോമീറ്ററാണെങ്കിലും ഇത് 500 കിലോമീറ്ററിലധികം റിയൽ വേൾഡ് ഡ്രൈവിംഗ് റേഞ്ചും നൽകാൻ യോഗ്യമാണ്. എക്സ്ക്ലൂസീവ് ഡിസൈൻ ഘടകങ്ങൾക്ക് പുറമെ പായക്ക് ത്രീ വേരിയന്റിൽ നിന്നുള്ള എല്ലാ ഫീച്ചളും സിനലക്‌സ് എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. സ്‌ട്രെയിറ്റ്അഹെഡ് വിഷൻഎക്സ് AR ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഐഡെന്റിറ്റി ഡ്രൈവർ & ഒക്യുപന്റ് മോണിറ്ററിംഗ് എന്നിവയെല്ലാം വാഹനത്തിന് ലക്ഷ്വറി ഫീൽ സമ്മാനിക്കും.
അതേസമയം ഹാൻഡ്‌സ്ഫ്രീ പാർക്ക് (ഓട്ടോ പാർക്ക് അസിസ്റ്റ്), സെക്യുർ360 ക്യാമ്പ്, കീപ്പ്, പാവ്പാൽ HVAC മോഡുകൾ, കസ്റ്റം ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ കീ, സെക്യുർ360 പ്രോ, കസ്റ്റമൈസ്‌ഡ് യൂസർ പ്രൊഫൈലുകൾ തുടങ്ങിയ ചിന്തനീയമായ പുതിയ സാങ്കേതിക സവിശേഷതകളും സിനലക്‌സ് എഡിഷൻ അവതരിപ്പിക്കുന്നുണ്ട്. എന്തായാലും ചൂടപ്പം പോലെ വിറ്റഴിയുന്ന വാഹനത്തിലേക്ക് ഇത്തരത്തിലേക്ക് കളർഫുള്ളായിട്ടുള്ള പുതുവേരിയൻ്റ് എത്തിയത് വിൽപ്പനയ്ക്ക് കൂടുതൽ ഊർജം നൽകുന്നതായിരിക്കും.


Click it and Unblock the Notifications








