ഫുൾ ചാർജിൽ 679 KM റേഞ്ച്, രാജ്യം കാത്തിരുന്ന 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് മഹീന്ദ്ര
ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റയ്ക്കും മുമ്പേ സാന്നിധ്യമായ കമ്പനിയായിരുന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra). എന്നാൽ കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാനാവാതിരുന്ന ബ്രാൻഡ് പലവിധ മോഡലുകൾ പരീക്ഷിച്ചുവെങ്കിലും ക്ലച്ചുപിടിച്ചത് ബോൺ ഇലക്ട്രിക് എസ്‌യുവികളിലൂടെയായിരുന്നു. പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെങ്കിലും വളരെ കരുതലോടെയാണ് മഹീന്ദ്ര മുമ്പോട്ട് പോവുന്നത്. BE 6, XEV 9e തുടങ്ങിയ വമ്പൻമാർ തുടങ്ങിവെച്ച ആരവം മറ്റൊരു തലത്തിലെത്തിക്കുവാനായി വിപണിയിലേക്ക് എത്തിയത് XEV 9S എന്ന 7-സീറ്റർ ഫാമിലി ഇലക്‌ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമാണ്.
XUV 7XO എസ്‌യുവിയുടെ വൈദ്യുത പതിപ്പാണിതെന്നും പറയാം. 2025 നവംബർ മാസത്തിൽ വിപണിയിൽ അവതരിപ്പിച്ച മോഡലിനായി ആളുകൾ ബുക്ക് ചെയ്‌ത് കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ XEV 9S ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഉപഭോക്താക്കൾക്ക് ആദ്യമായി വിതരണം ചെയ്ത ഇവിയുടെ ഡെലിവറി വീഡിയോ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.

മകളുടെ ജന്മദിനത്തോടനുബന്ധിച്ച് ഇലക്ട്രിക് എസ്‌യുവിയുടെ താക്കോൽ ലഭിച്ച ഉടമയുടെ ആഹ്ലാദ പ്രകടനം വൈറലായിട്ടുണ്ട്. XEV 9E, BE 6 ഇലക്ട്രിക് എസ്‌യുവികൾക്ക് ശേഷം മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് ഉൽപ്പന്ന ശ്രേണിയിലെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര XEV 9S. XEV 9E കൂപ്പെ ഇലക്ട്രിക് എസ്‌യുവിയുടെയും XUV 7XO ICE സെവൻ സീറ്റർ എസ്‌യുവിയുടെയും മിശ്രിതമായി XEV 9S കണക്കാക്കാം.
2022-ൽ പരിചയപ്പെടുത്തിയ XUV.e8 കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര XEV 9S ഇവി ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ XUV700 പോലെ തോന്നുമെങ്കിലും വൃത്തിയുള്ളതും ആധുനികവുമായ രൂപവും ആരേയും മോഹിപ്പിക്കുന്നതാണ്. ക്ലോസ്ഡ്-ഓഫ് ഗ്രിൽ, കണക്റ്റഡ് ഡിആർഎല്ലുകൾ, ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, നീണ്ട ബോണറ്റ് എന്നിവയാണ് ഇവിയെ അടിപൊളിയാക്കുന്ന കാര്യങ്ങൾ.

വലിപ്പത്തിൻ്റെ കാര്യത്തിൽ 2,762 mm വീൽബേസുള്ള വാഹനത്തിന് 1,745 mm ഉയരവും 219 mm ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. മൂന്നാം നിര മടക്കിവെച്ചാൽ, 527 ലിറ്റർ ബൂട്ട് സ്‌പേസ് ഉണ്ടെന്നും ഫ്രങ്കിന് 150 ലിറ്റർ വരെ ലഗേജ് വഹിക്കാൻ കഴിയുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നു. പുറംമോടിയിലെ ആഡംബരത്തം അകത്തളത്തിലും കാണാനാവും. ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ടാണ് ഇൻ്റീരിയറിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഇതുകൂടാതെ ഫ്രണ്ട് സീറ്റുകൾ ക്രമീകരിക്കുന്നതിന് ബോസ് മോഡ്, കണക്റ്റഡ്-കാർ സവിശേഷതകൾ, ബ്രിംഗ്-യുവർ-ഓൺ-ഡിവൈസ് (BYOD) ഫീച്ചർ എന്നിവയും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. ADAS, ഓട്ടോ പാർക്കിംഗ് കേപ്പബിലിറ്റി, ഡ്രോസിനെസ് ഡിറ്റക്ടർ എന്നിവയും ഇലക്ട്രിക് എസ്‌യുവിയിൽ ഉണ്ട്. മഹീന്ദ്ര ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും വാഹനത്തിൽ കുത്തിനിറച്ചിട്ടുണ്ട്.

സേഫ്റ്റിയിലും ഇവി പുലിയാണെന്ന കാര്യം ഊഹിക്കാമല്ലോ. ഹൈ-സ്റ്റിഫ്നെസ് ബോഡി സ്ട്രക്ച്ചർ, ബ്രേക്ക്-ബൈ-വയർ സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയെല്ലാമാണ് സുരക്ഷയ്ക്ക് അകമ്പടിയേകുന്നത്. വേരിയൻ്റിനെ ആശ്രയിച്ച് 6 അല്ലെങ്കിൽ 7 എയർബാഗുകൾ, റഡാറും ക്യാമറ സജ്ജീകരണവുമുള്ള L2+ ADAS, ലെയ്ൻ സെൻ്ററിംഗ് അസിസ്റ്റ്, എമർജൻസി സ്റ്റിയറിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ക്രോസ്-ട്രാഫിക് അലേർട്ടുകൾ എന്നിവയും മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയിൽ ലഭിക്കും.
59 kWh, 70 kWh, 79 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇവയെല്ലാം ലൈഫ് ടൈം ബാറ്ററി വാറണ്ടിയോടെയാണ് വരുന്നത് എന്നതിനാൽ കൂടുതൽ ആശങ്കകളുടെ ആവശ്യമൊന്നുമില്ല. നൂതനമായ LFP സെൽ കെമിസ്ട്രി ഉപയോഗിക്കുന്നതിനാൽ നല്ലപോലെ ഈട് നിൽക്കുമെന്നും കമ്പനി പറയുന്നു. 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിക്ക് 679 കിലോമീറ്റർ വരെ റിയർ വേൾഡ് ഡ്രൈവിംഗ് റേഞ്ചും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.
എവരിഡേ, റേസ്, റേഞ്ച്, സ്നോ, അഞ്ച് ലെവൽ റീജൻ എന്നിവയുൾപ്പെടെയുള്ള ഡ്രൈവിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുന്നു. മഹീന്ദ്ര XEV 9S ഇവിയുടെ വിലയെ സംബന്ധിച്ചിടത്തോളം 19.95 ലക്ഷം രൂപയിൽ ആരംഭിച്ച് 30.20 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരെയാണ് ഇവിക്കായി മുടക്കേണ്ടി വരുന്നത്. പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു എബോവ്, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോവ് എന്നിങ്ങനെ നാല് പ്രധാന വേരിയന്റുകളിലാണ് XEV 9S ഇവി വിപണനത്തിന് എത്തുന്നത്.


Click it and Unblock the Notifications








