ഡെലിവറി തുടങ്ങി ദിവസങ്ങൾക്കുള്ളിൽ 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിക്ക് പുതിയ മാറ്റവുമായി മഹീന്ദ്ര
എന്തുചെയ്‌തിട്ടും ഇലക്ട്രിക് വാഹന വിപണിയിൽ ക്ലച്ചുപിടിക്കാനാവാതെ ആകെ വിഷമിച്ചിരിക്കുമ്പോഴാണ് മഹീന്ദ്ര BE 6, XEV 9e എന്നിങ്ങനെ രണ്ട് ബോൺ ഇലക്‌ട്രിക് എസ്‌യുവികൾ (Born Electric SUVs) പുറത്തിറക്കുന്നത്. അതോടെ അതുവരെയുണ്ടായിരുന്ന ഇമേജ് പൊളിച്ചെഴുതാൻ ബ്രാൻഡിനായി. ഒപ്പം വിൽപ്പനയും കൊടിമുടി കയറി. സാധാരണക്കാർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യവസായികളും സെലിബ്രിറ്റികളുമെല്ലാം ഇവികൾ സ്വന്തമാക്കാൻ മത്സരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോഴും കാണാനാവുന്നത്. രണ്ട് മോഡലുകളുടെ വിജയത്തിന് ശേഷം വിപണിയിലേക്ക് എത്തിയത് XEV 9S എന്ന 7-സീറ്റർ ഫാമിലി ഇലക്‌ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു.
2025 നവംബർ മാസത്തിൽ വിപണിയിൽ അവതരിപ്പിച്ച XEV 9S ഇവിയുടെ ഡെലിവറിയും അടുത്തിടെ കമ്പനി ആരംഭിച്ചിരുന്നു. ഡെലിവറികൾ ആരംഭിച്ച് ഒരു മാസത്തിന് ശേഷം വാഹനം മെച്ചപ്പെടുത്തുന്നതിനുള്ള അപ്‌ഡേറ്റുകൾ മഹീന്ദ്ര പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ കമ്പനി തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയിലേക്ക് ഒരു പുതിയ കസ്റ്റം ഡ്രൈവ് മോഡ് അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കസ്റ്റം ഡ്രൈവ് മോഡ് ഡ്രൈവറെ മഹീന്ദ്ര XEV 9S ഇവിയുടെ സ്വഭാവം വിപുലമായി മാറ്റാൻ അനുവദിക്കുന്നതായിരിക്കും. ഡ്രൈവ് യൂണിറ്റ്, സ്റ്റിയറിംഗ്, സസ്‌പെൻഷൻ എന്നിങ്ങനെ ഇലക്ട്രിക് എസ്‌യുവിയുടെ വിവിധ ഘടകങ്ങൾക്കായി ഉപയോക്താവിന് വ്യക്തിഗത ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും. കസ്റ്റം ഡ്രൈവ് മോഡ് ഡ്രൈവർക്ക് വ്യത്യസ്ത ഡ്രൈവ് മോഡുകളുടെ സവിശേഷതകൾ സംയോജിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുവെന്ന് ചുരുക്കി പറയാം.
അഡാപ്റ്റീവ് ഡാംപറുകൾ ഉൾക്കൊള്ളുന്ന പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോവ് ട്രിമ്മുകളിൽ മാത്രമേ പുതിയ ഡ്രൈവ് മോഡ് ലഭ്യമാകൂവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മഹീന്ദ്ര XEV 9S ഉപയോക്താവിന് ഡിഫോൾട്ട്, എവരിഡേ, റേഞ്ച്, റേസ് ഡ്രൈവ് എന്നീ മോഡുകളാണ് ഇപ്പോൾ ലഭിക്കുന്നത്. പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോവ് ട്രിമ്മുകളിൽ 79 kWh LFP ബാറ്ററി പായ്ക്കാണ് കമ്പനി ഉപയോഗിക്കുന്നത്.

ഒറ്റ ചാർജിൽ 679 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുന്ന ഇതിന് 282 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു എബോവ് ഗ്രേഡുകളിലും മഹീന്ദ്ര XEV 9S വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടിലും പാസീവ് ഡാംപറുകൾ ഉൾക്കൊള്ളിച്ചാണ് കമ്പനി വിപണനത്തിന് എത്തിച്ചിരിക്കുന്നത്. പായ്ക്ക് വൺ എബോവ് ഗ്രേഡിൽ, ഉപഭോക്താക്കൾക്ക് 59 kWh LFP ബാറ്ററി പായ്ക്ക് അല്ലെങ്കിൽ 79 kWh LFP ബാറ്ററി പായ്ക്ക് തിരഞ്ഞെടുക്കാം.
ആദ്യത്തേത് 228 bhp കരുത്തിൽ 380 Nm ടോർക്കും രണ്ടാമത്തേത് 282 bhp പവറിൽ 380 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌ത് വെച്ചിരിക്കുന്നത് . സ്റ്റാൻഡേർഡ് റേഞ്ച് വേരിയന്റിന് സിംഗിൾ ചാർജിൽ 521 കിലോമീറ്ററും എക്സ്റ്റെൻഡഡ് റേഞ്ച് വേരിയന്റിന് 679 കിലോമീറ്റർ റേഞ്ചുമാണ് നൽകാനാവുക. 70 kWh LFP ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന പായ്ക്ക് ടു എബോവ് ഗ്രേഡിന് 241 bhp/380 Nm ടോർക്ക് എന്നിവ വികസിപ്പാൻ കഴിയുന്നതാണ്.

ഇതിൽ 79 kWh LFP ബാറ്ററി പായ്ക്കും ആളുകൾക്ക് സ്വന്തമാക്കാനാവും. 282 bhp/380 Nm ടോർക്ക് എന്നിങ്ങനെയാണ് പെർഫോമൻസ് കണക്കുകൾ വരികയെന്ന് മാത്രം. സ്റ്റാൻഡേർഡ്-റേഞ്ച് വേരിയന്റിന് 600 കിലോമീറ്ററും എക്സ്റ്റെൻഡഡ് റേഞ്ച് വേരിയന്റിന് 679 കിലോമീറ്ററും റേഞ്ച് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്ലാ ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ലൈഫ് ടൈം ബാറ്ററി വാറണ്ടിയോടെയാണ് വരുന്നത്.
2022-ൽ പരിചയപ്പെടുത്തിയ XUV.e8 കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര XEV 9S ഇവി ഡിസൈൻ ചെയ്‌തിരിക്കുന്നത്. വിലയെ സംബന്ധിച്ചിടത്തോളം 19.95 ലക്ഷം രൂപയിൽ ആരംഭിച്ച് 30.20 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരെയാണ് ഇവിക്കായി മുടക്കേണ്ടി വരുന്നത്. ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളിയില്ലെങ്കിലും ബിവൈഡിയുടെ ഇമാക്‌സ് 7 ഇവിയും കിയ കാരെൻസ് ക്ലാവിസ് ഇവിയും മഹീന്ദ്രയ്ക്ക് ഭീഷണിയാണ്.


Click it and Unblock the Notifications








