മൈലേജും സേഫ്റ്റിയും ഒന്നിച്ച് കിട്ടുന്ന കുഞ്ഞൻ എസ്‌യുവി വാങ്ങാൻ പണം കൂടുതൽ വേണം, വില കൂട്ടി മഹീന്ദ്ര
രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെൻ്റിൽ ഏറെക്കാലം മുമ്പേ മഹീന്ദ്ര പുറത്തിറക്കിയ മോഡലാണ് XUV300. ആദ്യകാലത്ത് ആളുകൾ കാര്യമായി വാങ്ങാതിരുന്ന വാഹനം പിന്നീട് മുഖംമിനുക്കി XUV 3XO എന്ന പേരും സ്വീകരിച്ച് വിപണിയിൽ എത്തിയതോടെ വാങ്ങാനായി ആളുകളെല്ലാം തിക്കുംതിരക്കുമായി. ഫെയ്‌സ്‌ലിഫ്റ്റ് എത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. XUV300 എന്ന പേരിൽ വിപണനം ചെയ്‌തിരുന്നപ്പോൾ നേടാൻ കഴിയാതിരുന്ന പല നേട്ടങ്ങളും സ്വന്തമാക്കി കുതിക്കുകയാണ് ഇപ്പോൾ മഹീന്ദ്ര XUV 3XO. സേഫ്റ്റിയിലും പെർഫോമൻസിലും മിടുക്കനായിരുന്നുവെങ്കിലും അധികം ആളുകളൊന്നും ആദ്യ പതിപ്പിനെ സ്വന്തമാക്കാനായി എത്തിയിരുന്നില്ല.
അങ്ങനെ ആളുകളുടെ ഫേവറീറ്റ് സബ്-4 മീറ്റർ എസ്‌യുവിയായി കുതിക്കുന്നതിനിടയിൽ മോഡലിലേക്ക് വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതിയ വിലകൾ 2026 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ലൈവ്ഹിന്ദുസ്ഥാൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. AX7L 1.5 ലിറ്റർ ടർബോ ഡീസൽ മാനുവൽ, AX7 1.5 ലിറ്റർ ടർബോ ഡീസൽ ഓട്ടോമാറ്റിക് (AMT) വേരിയൻ്റുകൾക്കാണ് ഏറ്റവും ഉയർന്ന വില വർധനവ് ലഭിച്ചിരിക്കുന്നത്.

8,200 രൂപ മുതൽ 15,200 രൂപ വരെയാണ് വാഹനത്തിന് വില കൂടിയിരിക്കുന്നത്. വില പരിഷ്ക്കാരത്തിന് ശേഷം മഹീന്ദ്ര XUV 3XO എസ്‌യുവിക്ക് ഇപ്പോൾ 7.37 ലക്ഷം രൂപ മുതൽ ആരംഭിച്ച് 14.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വിലയിൽ വർധനവുണ്ടായെങ്കിലും മോഡലിന് മറ്റ് മാറ്റങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. ഇപ്പോഴും ഈ സെഗ്മെൻ്റിലെ ഏറ്റവും ഫീച്ചർ റിച്ച് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നായി ഇത് തുടരുകയാണ്.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ മോഡൺ ഫീച്ചറുകളെല്ലാം ഇതിൽ കുത്തിനിറച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ എല്ലാ വാഹനങ്ങളേയും പോലെ തന്നെ സേഫ്റ്റിയിലും ആശാൻ പുലിയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള മോഡലിന് മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.36 പോയിന്റുകളും കുട്ടികളുടെ സുരക്ഷയിൽ 49.00 ൽ 43.00 പോയിന്റുകളുമാണ് നേടാനായിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, ആറ് എയർബാഗുകൾ, നാല് കോണുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ആങ്കർ പോയിൻ്റുകൾ തുടങ്ങിയ സേഫ്റ്റി ഫച്ചറുകളാണ് മഹീന്ദ്ര XUV 3XO എസ്‌യുവിൽ വാഗ്ദാനം ചെയ്യുന്നത്.
1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവുന്നത്. ഇതിൽ ആദ്യത്തെ പെട്രോൾ എഞ്ചിൻ 115 bhp പവറിൽ 200 Nm torque വരെ ഉത്പാദിപ്പിക്കും. മറുവശത്ത് എസ്‌യുവിയിലെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മഹീന്ദ്ര പറയുന്നു.

1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെയാണ് നൽകുന്നത്. മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിക്കായുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാനാവുക. ഗിയർബോക്‌സ് ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് മഹീന്ദ്ര ഒരുക്കിവെച്ചിരിക്കുന്നത്.
വില കൂടിയെങ്കിലും ഇപ്പോഴും സെഗ്മെൻ്റിൽ താങ്ങാനാവുന്ന വില ശ്രേണിയിലാണ് മഹീന്ദ്രയുടെ കുട്ടിക്കൊമ്പൻ ഇടംപിടിക്കുന്നത്. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ഹ്യുണ്ടായി എക്സ്റ്റർ, ടാറ്റ പഞ്ച്, സിട്രൺ C3 തുടങ്ങിയ മോഡലുകളോടാണ് XUV 3XO മത്സരിക്കുന്നത്.


Click it and Unblock the Notifications








