ബ്രെസയെ ഒതുക്കി, മുന്നിൽ കയറി കോംപാക്‌ട് എസ്‌യുവികളിലെ സേഫ്റ്റിക്കുട്ടൻ, വില 7.54 ലക്ഷമല്ലേയുള്ളൂ
രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെൻ്റിൽ മഹീന്ദ്രയ്ക്ക് ഭാഗ്യം കൊണ്ടുവന്ന മോഡലാണ് XUV 3XO. ആദ്യ നാളുകളിൽ XUV300 എന്നറിയപ്പെട്ടിരുന്ന വണ്ടി പല കാര്യങ്ങളിലും എതിരാളികളേക്കാൾ മുന്നിലായിരുന്നുവെങ്കിലും കാര്യമായ വിൽപ്പനയൊന്നും നേടാനാവാതെ മുമ്പോട്ടുപോവുകയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് മുഖംമിനുക്കി വാഹനത്തിന് പുത്തനൊരു പേരും കമ്പനി നൽകുന്നത്. മോഡേൺ ലുക്ക്, കിടിലൻ ഫീച്ചറുകൾ, വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾ, അഡാറ് സേഫ്റ്റി, താങ്ങാനാവുന്ന വില എന്നിവയാണ് എസ്‌യുവിയെ ആളുകളിലേക്ക് അടുപ്പിച്ചതെന്ന് നിസംശയം പറയാം.
ഇതെല്ലാം ഒത്തുചേർന്നതോടെ XUV 3XO സ്വന്തമാക്കുവാനായി ഷോറൂമിലെല്ലാം വലിയ തിക്കുംതിരക്കുമായി. ഇപ്പോഴിതാ 2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കോംപാക്‌ട് എസ്‌യുവി നിരയിലെ വമ്പനായ മാരുതി സുസുക്കി ബ്രെസയെ കീഴടക്കി മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് മഹീന്ദ്രയുടെ എൻട്രി ലെവൽ എസ്‌യുവി. കഴിഞ്ഞ 30 ദിവസത്തിൽ 10,063 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ടാണ് മോഡൽ മിടുക്ക് കാട്ടിയത്.

ഇതോടെ മഹീന്ദ്ര XUV 3XO-യുടെ വാർഷിക വിൽപ്പന 42 ശതമാനമായി ഉയരുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ മാസം മാരുതി ബ്രെസയുടെ 9,939 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിയത്. എന്തായാലും മാരുതി സുസുക്കിയെ പിന്നിലാക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിലവിൽ വൈവിധ്യമാർന്ന വേരിയന്റുകളിൽ വിപണിയിലെത്തുന്ന മോഡലിന് 7.54 ലക്ഷം രൂപ മുതൽ 14.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
സേഫ്റ്റി പ്രധാന പരിഗണയുള്ളവർക്ക് പറ്റിയ ഫാമിലി എസ്‌യുവി തന്നെയാണ് മഹീന്ദ്ര XUV 3XO. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഇടിച്ചെടുത്ത മോഡലിന് മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.36 പോയിൻ്റും ചൈൽഡ് സേഫ്റ്റിയിൽ 49.00 പോയിന്റിൽ 43.00 പോയിൻ്റും സ്വന്തമാക്കുവാനായിട്ടുണ്ട്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ആങ്കർ പോയിൻ്റുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങൾ കുത്തിനിറച്ചാണ് മോഡൽ വിപണിയിലെത്തുന്നത്.

ഫീച്ചറുകളുടെ കാര്യമെടുത്താൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ കാര്യങ്ങളെല്ലാം മഹീന്ദ്ര XUV 3XO എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.
1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി ഇന്ത്യക്കാർക്കിടയിൽ ഓടിയെത്തുന്നത്. ഇതിൽ ആദ്യത്തെ പെട്രോൾ എഞ്ചിൻ 115 bhp പവറിൽ 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം എസ്‌യുവിയിലെ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm ടോർക്ക് വികസിപ്പിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഇനി മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിന്റെ പെർഫോമൻസിലേക്ക് നോക്കുകയാണെങ്കിൽ 117 bhp പവറിൽ 300 Nm ടോർക്ക് നിർമിക്കാൻ ഇത് യോഗ്യമാണ്. മൈലേജ് നോക്കുന്നവർക്ക് പറ്റിയ എസ്‌യുവി തന്നെയാണിത്. മഹീന്ദ്രയുടെ നിരയിലെ എൻട്രി ലെവൽ എസ്‌യുവിക്കായുള്ള ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ലഭ്യമാവുന്നത്.
ഇതുകൂടാതെ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. AX5, AX7L എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് XUV 3XO ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂട്ടത്തിൽ ആദ്യത്തേതിന് 13.89 ലക്ഷവും രണ്ടാമത്തേതിന് 14.96 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 39.4 kWh ബാറ്ററി പായ്ക്കോടെ വരുന്ന ഇലക്ട്രിക് എസ്‌യുവിക്ക് ഫുൾ ചാർജിൽ 285 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications