ബേസ് മോഡലിനെ പോലും വെറുതേ വിട്ടില്ല! മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിക്ക് 25,000 രൂപ വരെ കൂട്ടി
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്രയുടെ മുഖം രക്ഷിച്ച മിടുക്കനാണ് XUV 3XO. വിൽപ്പനയില്ലാതിരുന്ന XU300 റീബ്രാൻഡ് ചെയ്‌ത് പുറത്തിറക്കിയതോടെ ബ്രാൻഡിന്റെ സമയം തെളിയുകയായിരുന്നു. സ്കോഡ പോലുള്ള വമ്പൻ മോഡലുകൾ കളത്തിലിറക്കിയിട്ടും കുലുക്കമില്ലാതെ കച്ചോടം പൊടിപൊടിക്കാൻ വാഹനത്തിനായിട്ടുണ്ട്. കഴിഞ്ഞ മാസം സാക്ഷാൽ മാരുതി ബ്രെസയെ പോലും തകർത്ത് വിൽപ്പനയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയ മോഡൽ വാങ്ങാൻ ഇനിയും ആളുകൾ വരി നിൽപ്പുണ്ട്. എന്നാൽ ഇവരെ സങ്കടപ്പെടുത്തുന്നൊരു വാർത്തയുമായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.
മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി മഹീന്ദ്രയുടെ എൻട്രി ലെവൽ എസ്‌യുവിയുടെ വിലയും ഒറ്റയടിക്ക് കൂടിയിരിക്കുകയാണ്. എസ്‌യുവി മോഡലുകള്‍ക്ക് ശരാശരി 2.7 ശതമാനം വരെ വില കൂട്ടുകയാണെന്ന് ബ്രാൻഡ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റ് നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതുമാണ് പെട്ടെന്നുള്ള ഈ വില പരിഷ്‌കരണത്തിന് കാരണണായിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി അധിക ചെലവുകള്‍ കമ്പനി തന്നെയാണ് വഹിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണ ചെലവ് പരിധി വിട്ടതോടെയാണ് ഇതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ മഹീന്ദ്ര നിര്‍ബന്ധിതരായത്. മുമ്പ് 7.54 ലക്ഷം രൂപ മുതൽ 14.89 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന XUV 3XO എസ്‌യുവിക്ക് ഇനി മുതൽ 7.79 ലക്ഷം രൂപ മുതൽ 15.04 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.
അതായത് 25,000 രൂപയോളം ബേസ് മോഡലിന് തന്നെ വില വർധിപ്പിച്ചിട്ടുണ്ടെന്ന് സാരം. എന്തായാലും ഇനി വാങ്ങാനിരിക്കുന്നവരെല്ലാം അധിക പൈസ കൈയിൽ കരുതുന്നതാവും നല്ലത്. വില വർധിപ്പിച്ചുവെങ്കിലും മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിയിൽ കമ്പനി മറ്റ് പരിഷ്ക്കാരങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് XUV 3XO വാങ്ങാനാവുക.

എസ്‌യുവിയുടെ ലോവർ വേരിയന്റുകളിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp പവറിൽ 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. അതേസമയം 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm ടോർക്ക് വികസിപ്പിക്കാനും കഴിവുള്ളതാണ്. 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിന്റെ പെർഫോമൻസിലേക്ക് നോക്കുകയാണെങ്കിൽ 117 bhp പവറിൽ 300 Nm ടോർക്ക് നിർമിക്കാൻ ശേഷിയുള്ളതാണിത്.
മഹീന്ദ്രയുടെ നിരയിലെ എൻട്രി ലെവൽ എസ്‌യുവിക്കായുള്ള ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ലഭ്യമാവുന്നത്. സേഫ്റ്റി നോക്കുന്നവർക്ക് പറ്റിയ ഫാമിലി എസ്‌യുവി തന്നെയാണിത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഇടിച്ചെടുത്ത മഹീന്ദ്ര XUV 3XO മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.36 പോയിൻ്റും ചൈൽഡ് സേഫ്റ്റിയിൽ 49.00 ൽ 43.00 പോയിൻ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ആങ്കർ പോയിൻ്റുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും എസ്‌യുവികളിലെ സേഫ്റ്റിക്കുട്ടന് സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. ഫീച്ചറുകളുടെ കാര്യമെടുത്താൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ പോലുള്ള മോഡേൺ ഫീച്ചറുകളുള്ള ഇന്റീരിയറും മറ്റൊരു പ്ലസ് പോയിന്റാണ്.
കൂടാതെ 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, പനോരമിക് സൺറൂഫ് തുടങ്ങിയ കാര്യങ്ങളും കൂടിയാവുമ്പോൾ മഹീന്ദ്ര XUV 3XO എസ്‌യുവിയിലെ യാത്രകൾ അടിപൊളിയായിരിക്കും. സ്റ്റോപ്പ്-ആൻഡ്-ഗോ സഹിതമുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റൻസ്, കൊളിഷൻ വാർണിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ മുതലായവ ഉൾപ്പെടെയുള്ള ലെവൽ 2 ADAS സവിശേഷതകളും എസ്‌യുവിയുടെ ടോപ്പ് വേരിയന്റിൽ ലഭിക്കുന്നതാണ്.


Click it and Unblock the Notifications